കോഴിക്കോട്: ജില്ലയിൽ ഈ വർഷം മേയ് വരെ തെരുവുനായ്ക്കൾ കടിച്ചുകീറിയത് 2478 പേരെ. 4730 പേർക്ക് വളർത്തുനായ്ക്കളിൽനിന്ന് പരിക്കേറ്റു. ഇക്കാലയളവിൽ പൂച്ചകളിൽനിന്ന് 24,000 പേർക്ക് പരിക്കേറ്റതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മാർച്ചിലാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് കൂടുതൽപേർ ചികിത്സ തേടിയത് -753 പേർ. ജൂണിലും നിരവധി പേർക്ക് കടിയേറ്റു. ചൊവ്വാഴ്ച നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും നിരവധിപേർ തെരുവുനായ്ക്കളുടെ കടിയേറ്റ് കുത്തിവെപ്പ് എടുത്തു.
നഗരത്തിൽ മാത്രം 19 പേർക്കാണ് കഴിഞ്ഞ ദിവസം കടിയേറ്റത്. ഇവരിൽ ഭൂരിഭാഗവും കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് ചികിത്സതേടിയത്. അതേസമയം ജില്ലയുടെ മറ്റ് ഭാഗങ്ങളിൽനിന്ന് കടിയേറ്റ് 16 പേർ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. ഈയിടെ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ ഏൽക്കുന്നത് ജനങ്ങളിൽ ആശങ്കക്കിടയാക്കുന്നുണ്ട്.
തെരുവുനായ്ക്കൾ അടക്കമുള്ള മൃഗങ്ങളിൽനിന്ന് കടി, മാന്തൽ എന്നിവയിലൂടെ പരിക്കേറ്റാൽ നിസ്സാരമായി കാണരുത്. മൃഗങ്ങളുടെ ഉമിനീരിൽനിന്നാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. മൃഗങ്ങൾക്ക് പേവിഷബാധയുണ്ടെങ്കിൽ അവയുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ വൈറസുകൾ മനുഷ്യ ശരീരത്തിൽ എത്തി സുഷുമ്ന നാഡിയെയും തലച്ചോറിനെയും ബാധിക്കും. കടിയേറ്റ ഭാഗത്തുനിന്ന് നാഡികളിലൂടെയാണ് വൈറസ് തലച്ചോറിലെത്തുക. അതിനാൽ തലയിലും മുഖത്തും കടിയേറ്റാല് പെട്ടെന്ന് വൈറസ് തലച്ചോറിലെത്തും. ഇത്തരത്തിൽ തലയിലും മുഖത്തും കൈകളിലും നെഞ്ചിലുമൊക്കെ ആഴത്തിലുള്ള മുറിവേറ്റാൽ വാക്സിൻ പൂർണമായി ഫലപ്രദമാവണമെന്നില്ല.
മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിൽ മുറിവ് സംഭവിച്ചാൽ ഉടൻ കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റ് നന്നായി കഴുകണം. പൈപ്പിൽനിന്ന് വെള്ളം തുറന്നുവിട്ട് കഴുകുന്നതാണ് ഉത്തമം. ഇങ്ങനെ കഴുകിയാൽ 70 ശതമാനം അണുക്കളും ഇല്ലാതാകും. മുറിവിന് ചുറ്റും കഴുകിയില്ലെങ്കിൽ പേവിഷബാധക്കുള്ള കുത്തിവെപ്പ് എടുത്താലും പേവിഷബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കഴുകി വൃത്തിയാക്കിയശേഷം ബീറ്റാഡിൻ, അയഡിൻ സൊലൂഷൻ എന്നിങ്ങനെയുള്ള ഏതെങ്കിലും അണുനാശിനികൾ ലഭ്യമാണെങ്കിൽ അതുപയോഗിച്ചും മുറിവ് വൃത്തിയാക്കാം. കടിയേറ്റ ഭാഗത്ത് ഉപ്പ്, മഞ്ഞൾ പോലെയുള്ള മറ്റുപദാർഥങ്ങൾ ഒരു കാരണവശാലും പുരട്ടരുത്. മുറിവ് അമർത്തി കഴുകുകയോ മുറിവ് കെട്ടിവെക്കുകയോ ചെയ്യരുത്. ഡോക്ടർ നിർദേശിക്കുന്ന ദിവസങ്ങളിൽതന്നെ പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമായി എടുക്കണം.
മുറിവുകളിൽനിന്ന് വൈറസ് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ഇമ്യൂണോ ഗ്ലോബുലിൻ വാക്സിനും എടുക്കണം. സമയം വൈകാതെ തൊട്ടടുത്ത ആശുപത്രയിൽനിന്ന് തന്നെ ചികിത്സ തേടണമെന്ന് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ. അസുമ നിർദേശിച്ചു. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്കും പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
നഗരപരിധിയിൽ ചൊവ്വാഴ്ച 19 പേർക്ക് നായുടെ കടിയേറ്റിരുന്നു. നഗരത്തിലൂടെ ഓടി വ്യാപകമായി ആളുകളെ പരിക്കേൽപിച്ച നായെ ബുധനാഴ്ച കോർപറേഷന് ചീഫ് വെറ്ററിനറി സർജൻ വി.എസ്. ശ്രീഷ്മയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി എ.ബി.സി സെന്ററിൽ നിരീക്ഷണത്തിലാക്കി. ഇതിന്റെ സാമ്പിൾ പിശോധനക്ക് അയച്ചിരിക്കുകയാണ്. ഈ നായ് നഗരത്തിന്റെ പല ഭാഗങ്ങളിലും തെരുവു നായ്ക്കളെ ആക്രമിച്ചിട്ടുണ്ട്. ഇത്തരം ഭാഗങ്ങളിലുള്ള തെരുവുനായ്ക്കളെ നിരീക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും ഡോ. എസ്. ജയശ്രീ അറിയിച്ചു.
നഗരത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ആരംഭിക്കുമെന്ന് കോർപറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഡോ. എസ്. ജയശ്രീ. കോർപറേഷൻ മൃഗസംരക്ഷണ വകുപ്പും ആനിമൽ ബർത്ത് കൺട്രോൾ യൂനിറ്റിന്റെയും ആഭിമുഖ്യത്തിൽ ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. തെരുവുനായ് ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ആദ്യം ക്യാമ്പ് സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.