കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ആളുകൾ കയറാതിരിക്കാൻ പൊലീസ് കെട്ടിയ കയർ അഴിക്കുന്നു
കോഴിക്കോട്: തീപിടിത്തമുണ്ടായ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ താഴെ നിലയിലെ കടകൾ തിങ്കളാഴ്ച തുറന്നു പ്രവർത്തനമാരംഭിച്ചു. തീപിടിത്തമുണ്ടായി ഒരാഴ്ചക്കുശേഷമാണ് താഴെ നിലയിലുള്ള കടകൾ തുറന്നുപ്രവർത്തിക്കുന്നത്. ഒന്നാംനിലയിലും രണ്ടാംനിലയിലുമാണ് തീപിടിത്തമുണ്ടായതെങ്കിലും സുരക്ഷ മുൻനിർത്തി താഴെ നിലയിലെ കടമുറികളും കോർപറേഷൻ അടപ്പിക്കുകയായിരുന്നു.
കടകളുടെ പരിശോധനകളെല്ലാം പൂർത്തീകരിച്ചതായി പൊലീസും കെട്ടിടത്തിന് മറ്റു പ്രശ്നമില്ലെന്ന് കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയറും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കടകൾ തുറക്കാൻ കോർപറേഷൻ അനുമതി നൽകിയത്.
കെട്ടിടത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനാൽ ജനറേറ്റർ ഉപയോഗിച്ചാണ് കടമുറികൾ പ്രവർത്തിക്കുന്നത്. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെങ്കിൽ കേബിളുകളും പാനൽ ബോർഡുകളും മുഴുവനായും മാറ്റിസ്ഥാപിക്കണം. സുരക്ഷ കണക്കിലെടുക്ക് പാനൽ ബോർഡുകൾ ഒന്നാം നിലയിൽ ആരോഗ്യവകുപ്പ് ഉപയോഗിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കും.
കടകളിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനാണ് കോർപറേഷൻ മുൻഗണന നൽകുന്നത്. കഴിഞ്ഞ 18നാണ് ബസ് സ്റ്റാൻഡിലെ കോർപറേഷൻ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.