മാവൂർ റോഡിലെ വൈദ്യുതി ശ്മശാനം കേടായി; സംസ്കാരം പൂർണമായി നിലച്ചു

കോഴിക്കോട്: മാവൂർ റോഡ് വൈദ്യുതി ശ്മശാനം പ്രവർത്തനം നിലച്ചു. പരമ്പരാഗത രീതിയിലുള്ള മൃതദേഹ സംസ്കരണം, ശ്മശാനത്തിന്‍റെ നവീകരണം നടക്കുന്നതിനാൽ മാസങ്ങളായി നടക്കുന്നില്ല. വൈദ്യുതിയിലുള്ള ചിതകൂടി നിന്നതോടെ, നൂറ‌ുവർഷത്തിലേറെ പഴക്കമുള്ള മാവൂർ റോഡ് ശ്മശാനത്തിൽ മൃതദേഹ സംസ്കരണം പൂർണമായി ഇല്ലാതായി. കഴിഞ്ഞ ദിവസം വൈദ്യുതി ശ്മശാനത്തിനുള്ളിലെ കോയിലുകൾ കത്തിപ്പോയതാണ് കാരണം. ചെന്നൈയിൽനിന്നുള്ള കമ്പനിയിലെ വിദഗ്ധരെത്തി പരിശോധിച്ചതിൽ, കോയിൽ മാറ്റിസ്ഥാപിച്ചാലേ പ്രവർത്തനം പുനരാംഭിക്കാനാവുകയുള്ളൂവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ചയെങ്കിലും പ്രവർത്തിക്കാതിരുന്നാൽ മാത്രമേ യന്ത്രത്തിനകത്തെ ചൂട് പോവുകയുള്ളൂ. അതിനുശേഷമേ ജോലികൾ ചെയ്യാനാവൂ. സ്ഥാപിച്ച കമ്പനി തന്നെ വാർഷിക അറ്റകുറ്റപ്പണി നടത്തണമെന്ന കരാർ കഴിഞ്ഞെങ്കിലും വീണ്ടും പുതുക്കിയിട്ടുണ്ട്. എന്നാൽ, കോയിൽ കത്തിയത് കരാർ പരിധിയിൽ വരാത്തതിനാൽ വീണ്ടും ടെൻഡർ നടപടികൾ വേണ്ടിവരും. രണ്ടു കോയിലുകൾ നേരത്തേതന്നെ പ്രവർത്തിക്കാതായിരുന്നു. ഇപ്പോൾ മൂന്നാമത്തെ കോയിലും നശിച്ച് ചിതക്ക് ചൂടില്ലാതായതിനാലാണ് പ്രവർത്തനം നിർത്തിവെച്ചത്.

•മറ്റ് ശ്മശാനങ്ങളിൽ ബുദ്ധിമുട്ട്

ദിവസം നാല് മൃതദേഹങ്ങൾ വരെ വൈദ്യുതി ശ്മശാനത്തിൽ എത്തിയിരുന്നു. നവീകരണം തുടങ്ങുന്നതിനുമുമ്പെ പത്തിലേറെ മൃതദേഹങ്ങൾ ശരാശരി മാവൂർ റോഡിൽ ദിവസം എത്തിയിരുന്നു. ഇവിടെ പൂർണമായി നിലച്ചതോടെ വെസ്റ്റ്ഹിൽ, പുതിയപാലം എന്നിവിടങ്ങളിലാണ് ഇപ്പോൾ സംസ്കരണം നടക്കുന്നത്.

മുമ്പ് വളരെ കുറച്ച് മൃതദേഹങ്ങൾ മാത്രം എത്തിയിരുന്ന ഇവിടെ ഇരട്ടിയിലേറെ വരാൻ തുടങ്ങിയത് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. പരിസരവാസികൾക്കും ഇത് ഏറെ പ്രയാസമുണ്ടാക്കുന്നു.

•നവീകരണം അവസാന ഘട്ടത്തിലേക്ക്

3.3 കോടി രൂപ ചെലവിലുള്ള, ശ‌്മശാനം പുതുക്കിപ്പണി തുടരുകയാണ്. ഇലക‌്ട്രിക‌് ശ‌്മശാനം മാത്രം നിലനിർത്തി മറ്റെല്ലാം പൊളിച്ചുമാറ്റിയാണ‌് നിർമാണം നടക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ തറ ഒരു മീറ്ററിൽ അധികം ഉയർത്തിയാണ് പണിയുന്നത്. നൂതന സാങ്കേതിക വിദ്യയിൽ സ‌ംസ‌്കാരം നടത്താൻ മൂന്ന‌് ഗ്യാസ‌് ചൂളകളോട‌ുകൂടിയ ശ‌്മശാനമാണ‌് നിർമിക്കുന്നത്. 5250 ചതുരശ്ര അടിയാണ‌് ശ‌്മശാന കെട്ടിടത്തിന‌്. ഓരോ ചൂളയോടും ചേർന്ന‌് പരമ്പരാഗത രീതിയിൽ സംസ‌്കാര ക്രിയകൾ ചെയ്യാനുള്ള സംവിധാനമുണ്ട‌്. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക‌് കുളിച്ചുമാറാൻ സൗകര്യവുമുണ്ടാകും. സംസ‌്കാര ചടങ്ങുകൾക്കുള്ള സാധനങ്ങൾ വാങ്ങാൻ സ‌്റ്റാളും ഓഫിസും കെട്ടിടത്തിൽ പ്രവർത്തിക്കും. അന്തരീക്ഷ മലിനീകരണവും ദുർഗന്ധവും ഇല്ലാതാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട‌്. മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുക വെള്ളത്തിലൂടെ കടത്തിവിട്ട‌് ശുദ്ധീകരിച്ചശേഷം നൂറ‌ടി ഉയരമുള്ള പുകക്കുഴലിലൂടെ പുറത്തേക്കുവിടും.

Tags:    
News Summary - Electric cemetery in Mavoor Road damaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.