കോഴിക്കോട്: വിൽപന നടത്താൻ കൊണ്ടുവന്ന ബ്രൗൺ ഷുഗറുമായി മലപ്പുറം മൂച്ചിക്കൽ ചെരക്കുന്നത്ത് ഹൗസിൽ രാഗേഷ് (35) പിടിയിലായി. വാടകക്ക് താമസിക്കുന്ന ഫ്ലാറ്റിലേക്ക് മധ്യപ്രദേശിൽനിന്ന് വരവെയാണ് 60.650 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്.
അരക്കിണറിൽ ലഹരിമരുന്ന് വിൽപന സജീവമാണെന്ന വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് നാർകോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ എം.കെ. അജിത്തിന്റെ നേതൃത്വത്തിലുള്ള മാറാട് പൊലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ മൂന്നര ലക്ഷത്തോളം രൂപ വരും. മറ്റ് ജില്ലകളിൽ താമസിക്കുന്നവർ ജില്ലയുടെ പല ഭാഗങ്ങളിലും വാടക വീടെടുത്ത് ലഹരി വിൽപന നടത്തുന്നുണ്ടെന്ന വിവരത്തിൽ അരക്കിണർ, മാത്തോട്ടം, ഭാഗങ്ങളിൽ പൊലീസ് സംഘം ആഴ്ചകളായി നിരീക്ഷിച്ചുവരുകയായിരുന്നു.
മുമ്പും ഇയാൾ ബ്രൗൺ ഷുഗർ കൊണ്ടുവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. നാർകോട്ടിക്ക് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ കെ. അബ്ദുഹ്മാൻ, അനീഷ് മൂസ്സേൻവീട്, കെ. അഖിലേഷ്, അർജുൻ അജിത്ത്, സരുൺ, ഷിനോജ്, ലതീഷ്, അജിത്ത്, അർജുൻ, മാറാട് സ്റ്റേഷനിലെ എ.എസ്.ഐമാരായ രജീഷ് കുമാർ, മാമുകോയ, ഗിരീഷ് കുമാർ, സി.പി.ഒ രമേശൻ, ധന്യശ്രീ, നിജിലേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.