പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യ യോഗത്തിന് എത്തിയപ്പോൾ
കോഴിക്കോട്: പ്രൗഢഗംഭീര ചടങ്ങിൽ ജില്ല പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കൂടിയിരുന്നവർക്കിടയിൽനിന്ന് ഉയർന്ന അഭിവാദ്യങ്ങളും ആരവങ്ങളും ചടങ്ങിന് ആവേശം പകർന്നു. ജില്ല പഞ്ചായത്ത് ഓഫിസിനരികിലെ ഭരണഘടന ചത്വരത്തിന് സമീപത്തൊരുക്കിയ പൊതുവേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചേളന്നൂർ ഡിവിഷനിൽനിന്ന് വിജയിച്ച മുതിർന്ന അംഗമായ കെ.പി. മുഹമ്മദൻസിന് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് സത്യവാചകം ചൊല്ലിക്കൊടുത്താണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.
തുടർന്ന് കെ.പി. മുഹമ്മദൻസ് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചെല്ലിക്കൊടുത്തു. അല്ലാഹുവിന്റെ നാമത്തിലാണ് മുഹമ്മദൻസ് സത്യപ്രതിജ്ഞ ചെയ്തത്. അഴിയൂരിൽനിന്നുള്ള ടി.കെ. സിബിയാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. നിലവിലെ അംഗമായ മൊകേരി ഡിവിഷനിലെ സി.എം. യശോദ ആറാമതായി ദൃഢപ്രതിജ്ഞയിൽ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ തവണത്തെ ഭരണസമിതിയിലെ ഏക അംഗമാണ് സി.എം. യശോദ. ഇടതുപക്ഷ അംഗങ്ങളും യു.ഡി.എഫ് അംഗമായ ടി.കെ. സിബിയും ദൃഢപ്രതിജ്ഞ ചെയ്താണ് സ്ഥാനമേറ്റത്.
കെ.കെ. നവാസ്, മുനീർ എരവത്ത്, റീമ കുന്നുമ്മൽ, പി.ജി. മുഹമ്മദ്, മിസ്ഹബ് കീഴരിയൂർ, ബൽക്കീസ് ടീച്ചർ എന്നിവർ അല്ലാഹുവിന്റെ നാമത്തിലും മറ്റുള്ളവർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. 28 അംഗങ്ങളുടെയും സത്യപ്രതിജ്ഞ ചടങ്ങിനുശേഷം, പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യയോഗം ജില്ല പഞ്ചായത്ത് ഹാളിൽ ചേർന്നു. മുതിർന്ന അംഗമായ കെ.പി. മുഹമ്മദൻസ് അധ്യക്ഷതവഹിച്ചു. യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു.
ജില്ല പഞ്ചായത്ത് സെക്രട്ടറി ടി. അജേഷ് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാർഗനിർദേശങ്ങൾ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം ഡിസംബർ 27ന് ശനിയാഴ്ച 10.30ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചക്ക് 2.30ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. യോഗത്തിനുശേഷം അംഗങ്ങളുടെ ഫോട്ടോ സെഷനും നടന്നു. എല്ലാ അംഗങ്ങളെയും ചേർത്തുപിടിച്ചുള്ള ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് ജില്ല പ്രസിഡന്റ് സ്ഥാനാർഥിയായ മില്ലി മോഹൻ കൊട്ടാരത്തിൽ പറഞ്ഞു.
കോഴിക്കോട്: ഭരണം നഷ്ടമായതിന്റെ ആവേശച്ചോർച്ചയിൽ എൽ.ഡി.എഫ് അംഗങ്ങൾ. ഇക്കാലമത്രയും എൽ.ഡി.എഫ് അംഗങ്ങളാൽ സജീവമായ ജില്ല പഞ്ചായത്ത് ഹാളിൽ സത്യപ്രതിജ്ഞശേഷമുള്ള യോഗം മൂകതയിലായിരുന്നു ഇടത് അംഗങ്ങൾക്ക്. എൽ.ഡി.എഫ് വനിത അംഗങ്ങളായ മഞ്ജുള മോവിള്ളാരി, അഞ്ജിത ഷനൂപ്, അഡ്വ. പി. ശാരുതി, രാധിക ചിറയിൽ, കെ.കെ. ശോഭ ടീച്ചർ, കെ. സുബിന, സി.എം. യശോദ എന്നിവർ തൊട്ടുതൊട്ടാണ് ആദ്യയോഗത്തിൽ ഇരിപ്പിടമുറപ്പിച്ചത്. ഇടത് പുരുഷ അംഗങ്ങളായ ഡോ. കെ.കെ. ഹനീഫയും കെ.കെ. ദിനേശനും എം.കെ. മണിയും പി.കെ. ബാബുവും ടി.കെ. മുരളീധരനും ഇ. അനൂപും സമീപസ്ഥരായാണ് യോഗത്തിൽ പങ്കെടുത്തത്. ആദ്യ യോഗത്തിനുശേഷം അംഗങ്ങൾ ഫോട്ടോക്ക് പോസ് ചെയ്തു.
കോഴിക്കോട്: പ്രകടനമായെത്തി സത്യപ്രതിജ്ഞ ചടങ്ങ്. ചരിത്രത്തിലാദ്യമായി ജില്ല പഞ്ചായത്ത് ഭരണം കൈയാളിയതിന്റെ ആവേശം ഒട്ടും കുറക്കാതെയാണ് യു.ഡി.എഫ് അംഗങ്ങളും അനുഭാവികളും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. യു.ഡി.എഫ് നേതാക്കളെ മുന്നിൽനിർത്തിയുള്ള പ്രകടനത്തിന് ബാൻഡ് മേളത്തിന്റെ അകമ്പടിയും ആവേശം കൂട്ടി. എം. പിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, മുൻ എം.എൽ.എ കെ.എം. ഷാജി, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, ടി.ടി. ഇസ്മായിൽ, ടി. ബാലനാരായണൻ, എൻ. സുബ്രഹ്മണ്യൻ, എം.എ. റസാഖ് മാസ്റ്റർ തുടങ്ങിയവർ പ്രകടനത്തിലും സത്യപ്രതിജ്ഞ ചടങ്ങിലും സംബന്ധിച്ചു. നേതാക്കളും അംഗങ്ങളും ഭരണഘടന ചത്വരത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് വേദിയിലേക്ക് പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.