കോഴിക്കോട്: ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ അഗ്നിബാധയുണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങളില്ലെന്ന് ജില്ല ഫയർ ഓഫിസറുടെ റിപ്പോർട്ട്. മാലിന്യ സംസ്കരണ കേന്ദ്രത്തിന് ചുറ്റുമുള്ള റോഡിന് പലയിടങ്ങളിലും സഞ്ചാരയോഗ്യമായ രീതിയിൽ അഞ്ച് മീറ്റർ വീതിയില്ലെന്നും ചെറിയ കൂനകളായി മാറ്റിയ മാലിന്യക്കൂമ്പാരങ്ങൾ തമ്മിൽ മൂന്നര മീറ്റർ അകലം വേണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും ഒന്നര മീറ്റർ അകലം മാത്രമേ പാലിച്ചിട്ടുള്ളൂ എന്നും ഫയർ ഓഫിസർ ജില്ല കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. കൂടാതെ, തുറന്ന സ്ഥലങ്ങളിൽ കാർബൺ ഡൈ ഓക്സൈഡ് നിറച്ച ഫയർ എക്സ്റ്റിങ്ഗ്യിഷറുകൾ മാറ്റി എ.ബി.സി പൗഡർ ടൈപ് എക്സ്റ്റിങ്ഗ്യിഷറുകൾ സ്ഥാപിക്കണം. ഗാർഡർ സ്പ്രിംഗ്ളറുകൾ സ്ഥാപിച്ചിട്ടുള്ളത് പി.വി.സി പൈപ്പിൽ ആയതിനാൽ അഗ്നിബാധ ഉണ്ടാകുമ്പോൾ അവ ഉപയോഗയോഗ്യമായിരിക്കില്ലെന്നും ഫയർ ഓഫിസർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ മാസം ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ദുരന്തസാധ്യത ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങൾ നൽകി ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവിലെ നിർദേശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണറിപ്പോർട്ട്.
ദുരന്തനിവാരണ വകുപ്പിന്റെ നിർദേശങ്ങളും ജില്ല ഫയർ ഓഫിസറുടെ നിർദേശങ്ങളും കർശനമായി പാലിച്ച് സുരക്ഷ നടപടികളിലെ ന്യൂനതകൾ പരിഹരിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ല കലക്ടർ കോർപറേഷൻ സെക്രട്ടറിക്ക് നോട്ടിസ് നൽകി.
കഴിഞ്ഞ മാർച്ച് അഞ്ചിന് ഞെളിയൻപറമ്പിൽ അഗ്നിബാധ ഉണ്ടായത് ഭീതി പരത്തിയിരുന്നു. ബ്രഹ്മപുരം അഗ്നിബാധയുണ്ടാക്കിയ ഗുരുതരമായ പരിസ്ഥിതി പ്രശ്നവും മാനുഷിക പ്രതിസന്ധിയും ഞെളിയൻപറമ്പിലും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുണ്ടായിരുന്നു. ബ്രഹ്മപുരം മാലിന്യം സംസ്കരിക്കാനുള്ള കരാര്‍ ഏറ്റെടുത്ത സോണ്ട കമ്പനി തന്നെയാണ് ഞെളിയന്‍പറമ്പ് മാലിന്യ സംസ്കരണ പദ്ധതിയും നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.