കോഴിക്കോട്: സിറ്റിയിലെ പൊലീസ് വാഹനങ്ങളുടെ ഓട്ടം മുടക്കി ഡീസൽ പ്രതിസന്ധി. നഗരത്തിലെ പ്രധാന സ്റ്റേഷനുകളായ കസബ, ടൗൺ എന്നിവിടങ്ങളിലെ വാഹനങ്ങളാണ് മിക്കസമയവും ഡീസലില്ലാതെ നിർത്തിയിടുന്നത്. ഇതോടെ പൊലീസുകാർ സ്വന്തം കൈയിൽനിന്ന് പണം മുടക്കിയാണ് ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്റ്റേഷനിൽനിന്ന് പുറത്തുപോകുന്നത്. പലരും സ്വന്തം ഇരുചക്രവാഹനങ്ങളിലും ഓട്ടോ വിളിച്ചുമാണ് കേസന്വേഷണത്തിനുൾപ്പെടെ പോകുന്നതെന്നാണ് സേനാംഗങ്ങൾ തന്നെ പറയുന്നത്.
ഡീസൽ ഇനത്തിൽ പമ്പുകൾക്ക് വൻ തുക കുടിശ്ശികയായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മുമ്പും സമാന പ്രശ്നമുണ്ടായിരുന്നു. ഡീസൽ ക്ഷാമത്തോടെ, ലോക്കൽ സ്റ്റേഷനുകളുടെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിങ്ങും പേരിലൊതുങ്ങി. രാത്രി മുഴുവൻ വിവിധ വഴികളിലൂടെ ചുറ്റിസഞ്ചരിക്കുന്നതിനു പകരം മണിക്കൂറുകളോളം ഏതെങ്കിലും സ്ഥലങ്ങളിൽ വാഹനം നിർത്തിയിടുകയാണ് ചെയ്യുന്നത്. അതേസമയം, സിറ്റി കൺട്രോൾ റൂമിന്റെ നേതൃത്വത്തിലുള്ള 12 വാഹനങ്ങളെ ഡീസൽ പ്രതിസന്ധി ബാധിച്ചിട്ടില്ല. ഇവർ നൈറ്റ് പട്രോളിങ് തുടരുന്നുണ്ട്. ഇവർക്ക് ഡീസലിനുള്ള ഫണ്ട് വേറെ ഇനത്തിലാണ് ലഭിക്കുന്നതെന്നാണ് പൊലീസുകാർ പറയുന്നത്.
ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെ അത്യാവശ്യ കാര്യങ്ങൾക്കുമാത്രം പൊലീസിന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചാൽ മതിയെന്ന നിർദേശവും ഇൻസ്പെക്ടർമാർക്ക് ലഭിച്ചതായാണ് വിവരം. അതിനിടെ, എണ്ണം കൂട്ടാനും പിഴയീടാക്കാനുമായി ഓഫിസർമാരല്ലാത്ത ഉദ്യോഗസ്ഥരും പെറ്റിക്കേസുകൾ പിടിക്കണമെന്ന് കൺട്രോൾ റൂം പൊലീസുകാർക്ക് ലഭിച്ച നിർദേശം ആക്ഷേപങ്ങൾക്കിടയാക്കുകയാണ്. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരില്ലെങ്കിലും വാഹന പരിശോധന നടത്തണമെന്നും നിർദേശം വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.