മീഞ്ചന്ത ബൈപാസിനരികിൽ കോർപറേഷൻ ഭൂമിയിൽ കൂട്ടിയിട്ട വാഹനങ്ങൾ
കോഴിക്കോട്: പൊലീസ് പിടികൂടിയ വാഹനങ്ങൾ കൊണ്ടിട്ട മീഞ്ചന്ത ബൈപാസിലെ നിർദിഷ്ട ബസ് സ്റ്റാൻഡ് പണിയാനുള്ള സ്ഥലം പരിസരവാസികളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. വ്യാഴാഴ്ച തളിപ്പറമ്പ് കുറുമാത്തൂർ വെള്ളാരം പാറയിൽ പൊലീസ് ഡംപിങ് യാർഡിൽ തീപിടിത്തത്തിൽ 400 ഓളം വാഹനങ്ങൾ കത്തിനശിച്ച വാർത്തയറിഞ്ഞതോടെ നാട്ടുകാരുടെ ആധികൂടിയിരിക്കയാണ്.
വിവിധ കേസുകളിൽപെട്ട കാറും ബൈക്കുമടക്കമുള്ള വാഹനങ്ങളാണ് തളിപ്പറമ്പിൽ കത്തിയത്. വാഹനങ്ങളിലെ ഇന്ധനങ്ങളുടെയും ഓയിലിന്റെയും സാന്നിധ്യം തീപടരാൻ കാരണമായി. ഇതേയവസ്ഥ തന്നെയാണ് മീഞ്ചന്തയിലും. മണൽകടത്തിയതിന് പടിയിലായ ലോറികളും കാറും ബൈക്കുമടക്കം നിരവധി വാഹനങ്ങളാണ് മീഞ്ചന്ത ബൈപാസിന് സമീപത്തെ കോർപറേഷൻ സ്ഥലത്തുള്ളത്.
നേരത്തേ വിവിധ കേസുകളിൽ നല്ലളം പൊലീസ് സ്റ്റേഷനുമുന്നിൽ പിടികൂടി ദേശീയ പാതയോരത്ത് കൊണ്ടിട്ട വാഹനങ്ങൾ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് ഒഴിഞ്ഞുകിടന്ന കോർപറേഷൻ സ്ഥലത്തേക്ക് മാറ്റിയത്. റോഡരികിൽ നിറയെ വാഹനങ്ങൾ കാരണം വഴി നടക്കാനാവാതെ പരാതിയുയർന്നപ്പോഴായിരുന്നു മന്ത്രിയുടെ നടപടി. കേസ് ഉള്ളതിനാലാണ് നഗരത്തിൽ ഇത്രയും സ്ഥലം ഒഴിഞ്ഞുകിടന്നത്. എന്നാൽ, ഇതിനിടെ സ്ഥലം സംബന്ധിച്ച കേസിൽ തീർപ്പായതോടെ മീഞ്ചന്തയിലെ കോർപറേഷൻ ബസ് സ്റ്റാൻഡ് യാഥാർഥ്യമാവുമെന്ന് പ്രതീക്ഷയുയർന്നു.
ബസ് ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് വന്നതിനാൽ തുടർനടപടികളില്ലാതെ പോയ പദ്ധതിയാണ് വീണ്ടും സജീവമായത്. കേസിലെ എല്ലാ തുടർനടപടികളും അവസാനിപ്പിച്ചുകൊണ്ട് വിജിലൻസ് കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിൽ മീഞ്ചന്തയിൽ അത്യാധുനിക ബസ്സ്റ്റാൻഡ് പണിയാനുള്ള വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കാൻ നഗരസഭ തീരുമാനിച്ച് മാസങ്ങൾ കഴിഞ്ഞു. ഡി.പി.ആർ തയാറാക്കാനുള്ള താൽപര്യപത്രം ക്ഷണിക്കാനും തീരുമാനമായി.
കഴിഞ്ഞദിവസം നടന്ന കോർപറേഷൻ വികസന സെമിനാറിലും പദ്ധതി സംബന്ധിച്ച് നിർദേശങ്ങൾ നൽകിയതായി കോർപറേഷൻ കൗൺസിലർ രമ്യ സന്തോഷ് പറഞ്ഞു. തലങ്ങും വിലങ്ങും പഴയ വാഹനങ്ങളും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന ബസ്സ്റ്റാൻഡിനായി ഏറ്റെടുത്ത 2.1 ഏക്കർ സ്ഥലമാണ് പരിസരവാസികൾക്ക് തലവേദനയായി തുടരുന്നത്. നഗരത്തിലേക്ക് ഏറ്റവുമധികം സിറ്റി ബസുകൾ സർവിസ് നടത്തുന്നത് മീഞ്ചന്ത, ബേപ്പൂർ ഭാഗങ്ങളിൽ നിന്നാണ്. സ്റ്റാൻഡ് വരുന്നതോടെ മിനി ബൈപാസ് വഴി സിറ്റി ബസ് സർവിസ് തുടങ്ങാനുമാവും.
1998ൽ തന്നെ മീഞ്ചന്തയിൽ ബസ്സ്റ്റാൻഡ് പണിയാൻ തീരുമാനമായെങ്കിലും 2014ൽ കേസ് വന്നതോടെ തുടർനടപടികൾ നിലയ്ക്കുകയായിരുന്നു. 1999ൽ പദ്ധതിക്ക് അംഗീകാരമാവുകയും രണ്ടായിരത്തിൽ സർക്കാർ ഉത്തരവിറങ്ങുകയും ചെയ്തു. 2006ൽ സ്ഥലമേറ്റെടുത്തു. ബി.ഒ.ടി. അടിസ്ഥാനത്തിൽ സ്വകാര്യ സഹായത്തോടെ നിർമാണം നടത്താൻ 78 ലക്ഷം നീക്കിവെക്കുകയും ചെയ്തു. ആരും ശ്രദ്ധിക്കാതെ കിടക്കുന്ന സ്ഥലത്ത് പാമ്പുകളും ക്ഷുദ്രജീവികളും നിറഞ്ഞു. മയക്കുമരുന്ന്, മദ്യം തുടങ്ങിയവ ഉപയോഗിക്കുന്നവരുടെ താവളം കൂടിയായി മാറിയതായി പരിസരവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.