1. കെ.​കെ. ല​തി​ക, 2. പു​ത്ത​ല​ത്ത്​ ദി​നേ​ശ​ൻ, 3. പി.എ. മുഹമ്മദ്​ റിയാസ്​

സി.പി.എം: കോഴിക്കോടിന് മികച്ച പരിഗണന; 'പ്രമോഷ'നില്ലാതെ പ്രദീപ് കുമാർ

കോഴിക്കോട്: സി.പി.എമ്മി‍െൻറ പുതിയ സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ജില്ലക്ക് മികച്ച പ്രാതിനിധ്യം. അതേസമയം, മുതിർന്ന നേതാവ് എ. പ്രദീപ് കുമാറിന് സംസ്ഥാന കമ്മിറ്റിയിൽനിന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് 'പ്രമോഷൻ' പ്രതീക്ഷിച്ചെങ്കിലും പരിഗണിക്കാതെപോയതാണ് പോരായ്മ.

പാർലമെന്‍ററി രംഗത്തുനിന്ന് മാറിനിൽക്കേണ്ടിവന്ന പ്രദീപ്കുമാറിന് സംഘടനരംഗത്തും വർഷങ്ങളായുള്ള പദവിയിൽ തന്നെ ഇനിയും തുടരേണ്ടിവരും. സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലയിൽനിന്ന് കെ.കെ. ലതികയാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ എന്നിവരെ പുതുതായി സെക്രട്ടേറിയറ്റിലും ഉൾപ്പെടുത്തി.

മുഹമ്മദ് റിയാസിനും പുത്തലത്ത് ദിനേശനും പ്രദീപ് കുമാറിനും പുറമെ മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ, ജില്ല സെക്രട്ടറി പി. മോഹനൻ, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി, വനിത കമീഷൻ അധ്യക്ഷ പി. സതീദേവി എന്നിവരാണ് നിലവിൽ സംസ്ഥാന സമിതിയിലുണ്ടായിരുന്നത്.

ഇതിൽ ടി.പി. രാമകൃഷ്ണനും എളമരം കരീമുമായിരുന്നു കഴിഞ്ഞ തവണ സെക്രട്ടേറിയറ്റിലുണ്ടായിരുന്നത്. ഇത്തവണ കരീമിനെ ഒഴിവാക്കി. മൂന്നു തവണ കോഴിക്കോട് നോർത്ത് മണ്ഡലത്തെ പ്രതിനിധാനംചെയ്ത് നിയമസഭയിലെത്തിയ എ. പ്രദീപ് കുമാർ ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. ഏറെക്കാലമായി സംസ്ഥാന കമ്മിറ്റിയിലുള്ള പ്രദീപ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികളെല്ലാം വഹിച്ചിട്ടുണ്ട്. മാത്രമല്ല കോഴിക്കോട് നിന്ന് പാർലമെന്‍റിലേക്കും മത്സരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിക്കുന്നതിന് ഇദ്ദേഹം മണ്ഡലത്തിൽ തുടക്കമിട്ട പദ്ധതികളാണ് പിന്നീട് സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമായി പിന്നീട് മാറുകയും ചെയ്തത്.

വിദ്യാഭ്യാസ മേഖലയിലെയടക്കം സജീവ ഇടപെടൽ മാനിച്ച് പ്രദീപിന് വീണ്ടും നിയമസഭ ടിക്കറ്റ് നൽകണമെന്നും വിദ്യാഭ്യാസ മന്ത്രിയാക്കണമെന്നുമെല്ലാം പാർട്ടി അണികളിൽനിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, മൂന്ന് ടേം നിബന്ധന പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്തിയത്. ഇതോടെ പാർട്ടിയുടെ പ്രധാന പദവികളിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷ. ജില്ല സമ്മേളന വേളയിൽ ജില്ല സെക്രട്ടറിയായേക്കുമെന്നതരത്തിലും ചർച്ചകൾ ഉയർന്നിരുന്നു. പി. മോഹനൻ വീണ്ടും ജില്ല സെക്രട്ടറിയായതോടെയാണ് സംസ്ഥാന സെന്‍ററിലേക്ക് പരിഗണിക്കപ്പെടുമെന്ന ചർച്ച ഉയർന്നത്. പിന്നാക്ക വിഭാഗത്തിൽനിന്നുള്ളയാളെന്നതടക്കം പരിഗണിച്ച് ബാലുശ്ശേരി എം.എൽ.എ കൂടിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് സംസ്ഥാന കമ്മിറ്റിയിലെത്തുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തെ പരിഗണിച്ചില്ല. കഴിഞ്ഞ സമ്മേളനത്തിലാണ് സച്ചിൻ ജില്ല കമ്മിറ്റിയിലെത്തിയത്. സംസ്ഥാന കമ്മിറ്റിയിലെത്തിയ കെ.കെ. ലതിക പാർട്ടി ജില്ല സെക്രട്ടേറിയറ്റംഗവും സംസ്ഥാന കൺട്രോൾ കമീഷൻ അംഗവും മഹിള അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്‍റുമാണ്‌.

സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനാണ്‌ ഭർത്താവ്‌. സെക്രട്ടേറിയറ്റിലെത്തിയ പുത്തലത്ത് ദിനേശൻ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റായ കാലംതൊട്ട് തിരുവനന്തപരും കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. എ.കെ.ജി സെന്‍ററിലെ ഇ.എം.എസ് അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - CPM State Committee: Best consideration for Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.