മെഡൽ നേട്ടമറിഞ്ഞ പിതാവ് വിനോദും മാതാവ് അനിതയും കുടുംബാഗങ്ങളും തിരുവമ്പാടി ഇലഞ്ഞിക്കലിലെ വീട്ടിൽവെച്ച് വിദർശയുമായി വിഡിയോ കോളിൽ സംസാരിക്കുന്നു

ഏഷ്യൻ ഗെയിംസ്: വിദർശ കെ.വിനോദിന്റെ മെഡൽ നേട്ടത്തിൽ തിരുവമ്പാടിക്ക് ആഹ്ലാദ നിമിഷം

തിരുവമ്പാടി: ഇന്ത്യൻ ഷൂട്ടിങ് താരം വിദർശ കെ. വിനോദിന്റെ ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ നേട്ടമറിഞ്ഞതോടെ തിരുവമ്പാടി ഇലഞ്ഞിക്കലിലെ വീട്ടിൽ ആഹ്ലാദാരവം. നാട്ടുകാരും ബന്ധുക്കളും ആഹ്ലാദം പങ്കിടാൻ വീട്ടിലെത്തി. തിരുവമ്പാടി തമ്പലമണ്ണ ഇലഞ്ഞിക്കലിലെ സാധാരണ കുടുംബത്തിലെ അംഗമായ വിദർശ സ്വപ്രയത്നത്തിലൂടെയാണ് രാജ്യാന്തര നേട്ടം കൊയ്തത്. വിദർശ ദേശീയ മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. പ്രഥമ കേരള ഒളിമ്പിക്സിൽ മെഡൽ നേടി. 2019ൽ അസമിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ദേശീയതലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 12 താരങ്ങളിൽ കേരളത്തിൽനിന്നുള്ള ഏക ഷൂട്ടിംങ് താരമായിരുന്നു.

2019ലെ സൗത്ത് സോൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലും കേരള ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലും മെഡൽ നേടി.കോഴിക്കോട് ജില്ല എയർ റൈഫിൾ ക്ലബ് അംഗമായ വിദർശ, 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വൃക്തിഗത, ടീം വിഭാഗങ്ങളിൽ സ്വർണം നേടിയിരുന്നു. സാമ്പത്തിക പരിമിതികൾക്കിടയിലാണ് വിദർശയുടെ സ്വപ്‌നങ്ങൾക്ക് മാതാപിതാക്കൾ ചിറകേകിയത്. ബാങ്ക് വായ്പയെടുത്താണ് 10 ലക്ഷം രൂപയുള്ള റൈഫിൾ, ജാക്കറ്റ്, ഷൂ എന്നിവ ഉൾപ്പെടുന്ന കിറ്റ് വിദർശക്കായി വിനോദ് വാങ്ങിയത്.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ബിരുദത്തിന് പഠിക്കവേ എൻ.സി.സിയിൽ ചേർന്നതോടെയാണ് തന്റെ റൈഫിൾ ഷൂട്ടിങ് അഭിരുചി വിദർശ തിരിച്ചറിഞ്ഞത്. സപ്റ്റംബർ 26ന് നടക്കുന്ന ഏഷ്യൻ ഗെയിംസ് 50 മീറ്റർ റൈഫിൾ ഷൂട്ടിങ്ങിൽ സ്വർണം നേടാനാകുമെന്ന പ്രതീക്ഷയിലാണ് വിദർശ. തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് എന്നിവർ വീട്ടിലെത്തി അനുമോദനമറിയിച്ചു. ഇലഞ്ഞിക്കൽ സൗപർണിക ക്ലബ് ഭാരവാഹികളായ ഇ.കെ. നരേന്ദ്രൻ, സി.ബി. അനിൽ, എൻ.എ. സോമൻ എന്നിവരും സന്തോഷമറിയിക്കാൻ വീട്ടിലെത്തി. 

Tags:    
News Summary - Thiruvambadi celebrates Vidarsha K. Vinod's won medal on Asian Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.