പണിക്കർ റോഡിലെ ഇൻഡസ് മോട്ടോഴ്സിന്റെ സർവിസ് സെന്ററിൽ ഞായറാഴ്ചയുണ്ടായ തീപിടിത്തം
കോഴിക്കോട്: നഗരത്തിൽ വെള്ളയിൽ ഭാഗത്ത് കാർ സർവിസ് സെന്ററിൽ വൻ തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. പണിക്കർ റോഡിലെ ഇൻഡസ് മോട്ടോഴ്സിന്റെ സർവിസ് സെന്ററിലാണ് ഞായറാഴ്ച രാവിലെ പത്തരയോടെ തീപിടിത്തമുണ്ടായത്. ആളപായമില്ല. സെന്ററിൽ പെയിന്റിങ് യൂനിറ്റ് പ്രവർത്തിച്ച ഇരുനിലക്കെട്ടിടവും ഇലക്ട്രിക് ഉപകരണങ്ങൾ, മെഷിനറികൾ, പെയിന്റുകൾ അടക്കമുള്ളവയുമാണ് പൂർണമായും കത്തിനശിച്ചത്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. പെയിന്റുകൾ, തിന്നർ, ഗ്യാസ് സിലിണ്ടറുകൾ അടക്കമുള്ള ഭാഗത്താണ് തീപിടിച്ചത് എന്നത് വലിയ പരിഭ്രാന്തി പരത്തി. തീ മറ്റിടങ്ങളിലേക്ക് പടരുമെന്ന ഭീതിയിൽ സ്ഥാപനത്തിലെ വർക്ക് ഷോപ്പിലെ പത്തോളം കാറുകൾ നാട്ടുകാരും ജീവനക്കാരും ചേർന്ന് പെട്ടെന്ന് പുറത്തേക്കുമാറ്റുകയായിരുന്നു.
അഗ്നിരക്ഷസേനയുടെ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനമാണ് വൻ ദുരന്തം ഒഴിവാക്കിയത്. തീപിടിത്ത സമയം പെയിന്റിങ് യൂനിറ്റിൽ മൂന്നു ജീവനക്കാരാണുണ്ടായിരുന്നത്. പിറകുവശത്ത് ഷീറ്റിനടിയിൽ സൂക്ഷിച്ച സ്ക്രാപ്പിന്റെ ഭാഗത്താണ് ആദ്യം തീ കണ്ടത്. ഉടൻ വർക്ക് ഷോപ്പിലെ ജീവനക്കാർ ഫയർ എക്സ്റ്റിങ്ക്യുഷർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അഗ്നിരക്ഷസേനയെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാർ സ്ഥാപനത്തിന്റെ ചുറ്റുമതിൽ തകർത്ത് ഉള്ളിൽ പ്രവേശിച്ച് അടുത്ത വീടുകളിൽനിന്ന് വെള്ളമെത്തിച്ച് തീയണക്കാൻ തുടങ്ങിയിരുന്നു.
പെയിന്റും പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ അടക്കമുള്ള കെമിക്കലുകളാണ് തീ പെട്ടെന്ന് ആളാനിടയാക്കിയതെന്നാണ് വിവരം. കെട്ടിടത്തോടൊപ്പം സമീപത്തെ തെങ്ങ് അടക്കമുള്ളവയും അഗ്നിക്കിരയായി. അന്തരീക്ഷത്തിൽ ഏറെനേരം കറുത്ത പുക നിലനിന്നു. സമയോചിതമായി തീയണക്കാൻ കഴിഞ്ഞതിനാലാണ് സമീപത്തെ കയർ സംഭരിച്ച വലിയ ഗോഡൗണിലേക്കും ചുറ്റുപാടുമുള്ള വീടുകളിലേക്കും തീ പടരാതിരുന്നത്. കെട്ടിടത്തിന്റെ ചുറ്റുപാടും തകര ഷീറ്റിട്ട് മറച്ചത് രക്ഷാപ്രവർത്തനം പ്രയാസത്തിലാക്കിയതോടെ ഷീറ്റും ചുറ്റുമതിലും പൊളിച്ചാണ് ഫയർഫോഴ്സ് ഉള്ളിലേക്ക് വെള്ളം ചീറ്റിയത്. ബീച്ച് ഫയർ സ്റ്റേഷൻ ഓഫിസർ കെ. അരുണിന്റെ നേതൃത്വത്തിൽ ബീച്ച്, വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് യൂനിറ്റുകൾ ഒന്നരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.