ഡ്രൈവിങ്ങിനിടയിൽ കിണറ്റിൽ വീണ കാർ
രാമനാട്ടുകര: കാർ പിന്നോട്ടെടുക്കുന്നതിനിടയിൽ വീട്ടുമുറ്റത്തെ കിണറ്റിന്റെ മതിൽ തകർത്ത് വീണ കാറിൽനിന്ന് വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുമുഖം കാട്ടിങ്ങൽ പറമ്പ് വൃന്ദാവനം വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ സ്നേഹലതക്കാണ് (64) ജീവൻ തിരിച്ചുകിട്ടിയത്. 14 കോൽ താഴ്ചയുള്ള കിണറ്റിലേക്കാണ് ബുധനാഴ്ച 5.30ന് മാരുതി അൾട്ടോ കാറും സ്നേഹലതയും വീഴുന്നത്.
ഭാഗ്യത്തിന് കാർ വീണത് വിലങ്ങനെയായതിനാൽ താഴോട്ടു പതിച്ച് വെള്ളത്തിൽ മുങ്ങാതെ നിന്നു. മറിച്ചായിരുന്നുവെങ്കിൽ ദുരന്തം ഉറപ്പ്. സീനിയർ ഫയർ റസ്ക്യൂ ഓഫിസറായ എസ്.ബി. സജിത്ത് ഡ്യൂട്ടി കഴിഞ്ഞു പോകുന്ന വഴി വാർഡ് കൗൺസിലർ സമീഷ് വിവരമറിയിച്ചതനുസരിച്ച് മീഞ്ചന്തയിൽനിന്ന് സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരൻ, അസി. ഓഫിസർ ഇ. ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീം കുതിച്ചെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
എസ്.ബി. സജിത്, വി.കെ. അനൂപ് എന്നിവർ മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ കിണറ്റിലിറങ്ങി ലോക്കായ ഡോർ ബ്ലേഡ് ഉപയോഗിച്ച് തുറന്ന് മുൻ സീറ്റിൽനിന്ന് സ്നേഹലതയെ കരക്കെത്തിച്ചു. കാർ ക്രെയിൻ ഉപയോഗിച്ച് കരകയറ്റി. വി.കെ. സിധീഷ്, ആർ. ഉണ്ണിമായ, അതുല്യ സുന്ദരൻ, വി.കെ. ജിജിൻ രാജ്, അനിൽ, പി.ജെ. രോഹിത്, അതുൽ മോഹൻ, അഖിൽ മോഹൻ, പി. ബിനീഷ്, സി.പി. അൻവർ, പി.കെ. അജികുമാർ, പ്രദീപ് കുമാർ, മുഹമ്മദ് സിനാൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.