കോഴിക്കോട്: കനാൽ സിറ്റി പദ്ധതിയുടെ ഭാഗമായി കനോലി കനാൽ ഒന്നാംഘട്ട വികസന പ്രവൃത്തിക്ക് 73.21 കോടി രൂപ കിഫ്‌ബി അനുവദിച്ചു. ജില്ലയിലെ പ്രധാന റോഡായ പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ (പി.യു.കെ.സി) റോഡ് വികസനത്തിനായി 166.55 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് ഇവയുൾപ്പെടെ സംസ്ഥാനത്ത് ആകെ 689.45 കോടി രൂപയുടെ 14 പദ്ധതികൾക്കുകൂടി അനുമതിയായത്.
കനാൽ സിറ്റി പദ്ധതിയുടെ ഭാഗമായി കനോലി കനാലിന്റെ അരയിടത്തുപാലം മുതൽ എരഞ്ഞിപ്പാലം വരെയുള്ള ഭാഗമാണ് ഒന്നാംഘട്ടത്തിൽ വികസിപ്പിക്കുന്നത്. നഗരത്തിന്റെ ദീർഘകാലമായുള്ള സ്വപ്നമാണ് കനാൽ സിറ്റി. പി.യു.കെ.സി റോഡിന്റെ പുതിയങ്ങാടി മുതൽ കുറ്റ്യാടി വരെയുള്ള ഭാഗമാണ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. ഇതിന്റെ ഒന്നാംഘട്ടം പാവങ്ങാട് മുതൽ ഉള്ള്യേരി വരെ 17.2 കിലോമീറ്ററാണ്. ഈ പ്രവൃത്തിക്കുവേണ്ടി കിഫ്‌ബിയിൽനിന്ന് 82.36 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് വീതി കൂട്ടി പുനരുദ്ധരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
14 മീറ്ററായാണ് റോഡ് വീതി കൂട്ടുന്നത്. ഇതിൽ ഒമ്പത് മീറ്റർ കാര്യേജ് വേ, ഇരുവശത്തും ഡ്രൈനേജ്, , നടപ്പാത, യൂട്ടിലിറ്റി കോറിഡോർ എന്നിവ ഉൾപ്പെടുന്നു. രണ്ടാംഘട്ടമായി ഉള്ള്യേരി മുതൽ കുറ്റ്യാടി വരെയുള്ള ഭാഗമാണ് നവീകരിക്കുക. ഇതിനായി 168 കോടി രൂപം കിഫ്‌ബിയിൽനിന്ന് സാമ്പത്തിക അനുമതി ലഭ്യമായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചാൽ ഉടൻ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കും.
കോഴിക്കോട്ടുകാരുടെ സ്വപ്നപദ്ധതിക്കാണ് കിഫ്‌ബി ആദ്യ ഫണ്ട് അനുവദിക്കുന്നതിലൂടെ ചിറക് മുളക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. യൂറോപ്യൻ മാതൃകയിൽ ജല ഗതാഗതവും ചരക്കുനീക്കവും വിനോദസഞ്ചാരവും ഒരുപോലെ സാധ്യമാകുന്ന പദ്ധതി യാഥാർഥ്യമാവുന്നതോടെ കോഴിക്കോട് നഗരം ലോകഭൂപടത്തിൽ ഇടംപിടിക്കും. അതുപോലെ പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി റോഡ് വികസനം യാഥാർഥ്യമാവുന്നതോടെ ഈ റൂട്ടിൽ ഏറെക്കാലമായുള്ള യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.