ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയിൽ ഉടമക്ക് തിരികെ ലഭിച്ചത് പത്തര ലക്ഷം
നാദാപുരം: വഴിയിൽ നിന്ന് വീണുകിട്ടിയ പത്തര ലക്ഷം രൂപ പൊലിസിൽ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ. കുമ്മങ്കോട്ടെ തയ്യിൽ സുനീഷാണ് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാരുടെ അഭിമാനം ഉയർത്തിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംസ്ഥാന പാതയിൽ കല്ലാച്ചി കൈരളി കോംപ്ലക്സിന് മുന്നിൽ വെച്ചാണ് സുനീഷിന് വൻ തുക അടങ്ങിയ വലിയപൊതി ലഭിച്ചത്. ഉടൻ സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ. പ്രദീപന്റെ സഹായത്തോടെ തുക മുഴുവൻ നാദാപുരം പൊലിസ് സ്റ്റേഷനിൽ ഏൽപിച്ചു.
തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ നൽകിയ അറിയിപ്പിനെ തുടർന്ന് പണം നഷ്ടപ്പെട്ടവർ ചൊവ്വാഴ്ച രണ്ട് മണിയോടെ സ്റ്റേഷനിൽ എത്തി പണം തിരികെ വാങ്ങി. കുറ്റ്യാടി ലുലു ഗോൾഡിൽ നിന്നും തലശ്ശേരിയിലെ സ്ഥാപനത്തിലേക്ക് നികുതി സംബന്ധമായ ആവശ്യത്തിന് കൊണ്ടുപോവുകയായിരുന്ന പണമാണ് നഷ്ടപ്പെട്ടത്. അഞ്ഞൂറിന്റെ 22 കെട്ടുകളാണ് ജീവനക്കാരൻ കൊണ്ടുപോയത്. ഇതിനിടയിൽ ഒരു കെട്ട് ഏതോ വാഹനയാത്രക്കാരൻ ടൗണിൽ നിന്ന് എടുത്ത് മാറ്റുന്ന ദൃശ്യവും പൊലിസിന് ലഭിച്ചു. സ്റ്റേഷനിൽ വെച്ച് പണം നാദാപുരം എസ്.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉടമകൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.