പ്രതീകാത്മക ചിത്രം
ശമ്പള പരിഷ്കരണ സെൽ രൂപവത്കരണം: ലയിച്ച വകുപ്പുകളെ വിഴുങ്ങി പഞ്ചായത്ത് വകുപ്പ്
കക്കോടി: പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമീഷന്റെ പരിഗണനവിഷയങ്ങളിൽനിന്ന് ചില വകുപ്പുകൾ തൂത്തെറിയെപ്പടുമെന്ന് ആശങ്ക. ഗ്രാമവികസനം നഗരകാര്യം തദ്ദേശ ഭരണ എൻജിനിയറിംഗ്, നഗര ഗ്രാമാസൂത്രണ വകുപ്പുകൾക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഭയപ്പെടുന്നത്. അഞ്ചു വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത തദ്ദേശ ഭരണ വകുപ്പ് രൂപവത്കരിച്ചിട്ടും മറ്റു വകുപ്പുകളുടെ അവകാശം നിഷേധിച്ച് മുൻപഞ്ചായത്ത് വകുപ്പ്, പ്രിൻസിപ്പൽ ഡയറക്ടറേറ്റ് കൈയടക്കിവെച്ചിരിക്കുന്നതിനാലാണ് ആശങ്ക ഉയരുന്നത്.
തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ശമ്പള പരിഷ്കരണ കമീഷൻ സെല്ലിലെ 20 അംഗങ്ങളിൽ ലയനത്തിലൂടെയെത്തിയ ഗ്രാമവികസനവകുപ്പ്, നഗരകാര്യ വകുപ്പ്, നഗരഗ്രാമാസൂത്രണ വകുപ്പ്, തദ്ദേശഭരണ എൻജിനിയറിംഗ് വകുപ്പ് എന്നിവക്കുള്ള അംഗങ്ങളുടെ പ്രാതിനിധ്യം ഓരോന്ന് മാത്രമാക്കി. മറ്റ് 16 സ്ഥാനങ്ങളും പഞ്ചായത്ത് വകുപ്പ് കൈയടക്കുകയായിരുന്നു.
ഏകീകൃത തദ്ദേശ ഭരണവകുപ്പിൽ ലയിപ്പിച്ച നാലു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവന വേതന വ്യവസ്ഥകളെ കുറിച്ചും അവയിലെ വ്യത്യസ്തങ്ങളായ ജോലി സ്വഭാവവും പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമീഷന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധയോടെയാണ് ഈ സെൽ രൂപവത്കരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ജീവനക്കാരിൽ പഞ്ചായത്ത് വകുപ്പൊഴികെയുള്ള ലയിപ്പിക്കപ്പെട്ട മറ്റു വകുപ്പുകളിലെ സൂപ്പർവൈസറി തസ്തികയിലെ ജീവനക്കാരെയെല്ലാം തലങ്ങും വിലങ്ങും സ്ഥലംമാറ്റി പകരം പഞ്ചായത്തു വകുപ്പ് ജീവനക്കാരെ നിയമിക്കുകയാണ് ആദ്യപടിയായി നടപ്പാക്കിയത്.
ഇപ്പോൾ വിരലിൽ എണ്ണാവുന്ന സൂപ്പർവൈസറി ഓഫിസർമാരും വളരെ കുറച്ച് ക്ലാർക്ക് ഒ.എ തസ്തികയിൽ ഉള്ളവരും മാത്രമേ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പഞ്ചായത്തിന് പുറമേയുള്ള വകുപ്പുകളിൽ നിന്നുള്ളൂ. ഈ സാഹചര്യം തന്നെ തുടരുകയാണെങ്കിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമീഷന്റെ പരിഗണനാ വിഷയങ്ങളിൽ നിന്നുപോലും ഗ്രാമവികസനം നഗരകാര്യം തദ്ദേശ ഭരണ എൻജിനിയറിങ്, നഗര ഗ്രാമാസൂത്രണ വകുപ്പുകൾ തൂത്തെറിയപ്പെടുമെന്നാണ് ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഭയപ്പെടുന്നത്.
ഇൻ്റർ ട്രാൻസ്ഫറബിലിറ്റി നടപ്പിലാക്കി അഞ്ചു വകുപ്പുകളുടേയും പ്രവർത്തനങ്ങൾ തകിടം മറിയ്ക്കാൻ ഇടപെട്ടെന്ന ആക്ഷേപുള്ളയാളെയാണ് ഈ സെല്ലിൻ്റെ നോഡൽ ഓഫിസർ ആയി നിയമിച്ചിരുന്നത്. സംസ്ഥാനത്തെ ഒരു വകുപ്പ് ആസ്ഥാനത്തും നിലവിലില്ലാത്ത ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എന്ന തസ്തിക സൃഷ്ടിച്ചാണ് ഇയാളെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.