കൂടരഞ്ഞിയിലെ കൂമ്പാറയിൽ നിർമാണം നടക്കുന്ന ബഡ്‌സ് സ്കൂൾ കെട്ടിടം
കോഴിക്കോട്: കേരള സാമൂഹ്യ സുരക്ഷ മിഷൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും യുവാക്കൾക്കും പ്രാഥമിക വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സാമൂഹിക സംയോജനവത്കരണം എന്നിവ നൽകുന്നതിനായി ആവിഷ്കരിച്ച ബഡ്‌സ് പദ്ധതിയുടെ ഭാഗമായുള്ള ബഡ്‌സ് സ്കൂൾ വിപുലമായ സൗകര്യങ്ങളോടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ തയാറാകുന്നു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറയിൽ വി.എം. മാത്യു വിട്ടുനൽകിയ 25 സെന്റ് സ്ഥലത്ത് 2022-23 വർഷം പദ്ധതി തയ്യാറാക്കി നടപടി ആരംഭിച്ച സ്കൂളിന്റെ നിർമാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ 6.6 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും ജില്ലാ കലക്ടറുടെ ഡി.എം.എഫ് ഫണ്ടിലെ 25 ലക്ഷം രൂപയുമായി 46 ലക്ഷം രൂപയിൽ അധികം ചെലവഴിച്ച 182 സ്‌ക്വയർ മീറ്റർ കെട്ടിടത്തിന്റെ ഫിനിഷിങ് വർക്കുകളാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിലേക്ക് ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും കൂടരഞ്ഞി പഞ്ചായത്ത് 20 ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്.
ജൂൺ മാസത്തോടെ ടർഫ് അടക്കമുള്ള സംവിധാനത്തോടെ പ്രവൃത്തി പൂർത്തികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കൂടരഞ്ഞിയിലെ സാധാരണക്കാരുടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി മറ്റു ഗ്രാമപഞ്ചായത്തുകളിലെ സ്കൂളുകളെ ആശ്രയിക്കുന്നത് പ്രയാസമായതിനെ തുടർന്നാണ് വീടിന് സമീപത്തു തന്നെ ഇത്തരം ഒരു മാതൃകാ സ്കൂൾ നിർമ്മിക്കുന്നതെന്നു കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വ്യക്തമാക്കി.
കൂടരഞ്ഞിയിലെ കൂമ്പാറയിൽ പണി നടന്നുകൊണ്ടിരിക്കുന്ന ബഡ്‌സ് സ്കൂൾകെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.