box പൂച്ചകൾ രക്ഷകരായി; ഒഴിവായത്​ വൻ തീപിടിത്തം

കോഴിക്കോട്​: നഗരത്തിൽ വൻ തീപിടിത്തം പൂച്ചകളുടെ അതിജാഗ്രത കാരണം ഒഴിവായി. കല്ലായി മൂര്യാട്​ റോഡിൽ മരപ്പണി ശാലയിൽ വ്യാഴാഴ്ച പുലർച്ച നാലോടെയുണ്ടായ തീപിടിത്തം പൂച്ചകൾ അസാധാരണ ശബ്​ദത്തിൽ ഒന്നിച്ച്​ കരയുന്നത്​ കേട്ടുണർന്ന തൊട്ടടുത്ത മുറിയിലെ തൊഴിലാളിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇദ്ദേഹം അറിയിച്ചതിനെതുടർന്ന്​ നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. മൂര്യാട്​ റോഡിലെ മരപ്പണിശാലയിൽ താമസിച്ച്​ ജോലിചെയ്യുന്ന പാലക്കാട്​ കോങ്ങാട്​ റാംദാസിനെയാണ്​ പൂച്ചകൾ വിളിച്ചുണർത്തിയത്​. തൊഴിലാളികൾ നൽകുന്ന ഭക്ഷണം കഴിച്ച്​ 30ഓളം പൂച്ചകൾ ഈ കെട്ടിടത്തിൽ കഴിയുന്നുണ്ട്. പള്ളിക്കണ്ടി അർഷാദ്​, പെരുമണ്ണ ജിത്തു തുടങ്ങിയവരുടെ നേതൃത്വത്തിലാണ്​ പൂച്ചകളെ സംരക്ഷിച്ചുപോരുന്നത്​. വ്യാഴാഴ്ച പുലർച്ച പെട്ടെന്നുണ്ടായ തീയും വെളിച്ചവും കണ്ട്​ ഇവ ഒന്നിച്ച്​ കരയുകയായിരുന്നു. ആ​രെങ്കിലും പൂച്ചകളെ ആക്രമിക്കുന്നെന്നു കരുതി വരാന്തയിൽ എത്തിയപ്പോഴാണ്​ അടുത്ത കെട്ടിടത്തിൽ തീയാളുന്നത്​ കണ്ടത്​. എ.ജി റോഡ്​ സ്വദേശി ജൗഹറിന്‍റെ പാലത്തിങ്ങൽ വുഡ്​വർക്സിലാണ്​ തീപിടിത്തം​. മരവും മര ഉരുപ്പടികളും മേൽക്കൂരയുമെല്ലാം കത്തിനശിച്ചു. ബീച്ച്, മീഞ്ചന്ത​ സ്റ്റേഷനുകളിൽനിന്ന്​ ഫയർ ഓഫിസർ സതീഷിന്‍റെ നേതൃത്വത്തിൽ നാല്​​ യൂനിറ്റ്​ രാവിലെ ഏഴുവരെ പണിപ്പെട്ട്​​ തീയണച്ചു​. തൊട്ടടുത്ത്​ നിരയായി മരപ്പണിശാലകളും മരഗോഡൗണുകളുമുള്ളതിനാൽ നേരത്തെ അറിഞ്ഞില്ലായിരുന്നുവെങ്കിൽ വൻ അപകടമുണ്ടാകുമായിരുന്നുവെന്ന്​ അഗ്നിരക്ഷാ ഉദ്യോഗസ്​ഥർ പറഞ്ഞു​. അസി. സ്റ്റേഷൻ ഓഫിസർമാരായ രമേശൻ, പൗലോസ്, ഫയർ ഓഫിസർ ഡ്രൈവർ നവീൻകുമാർ, ഫയർ ഓഫിസർമാരായ വിപിൻ ചന്ദ്ര, റഹീസ്, രഞ്ജിത്ത്, വിപിൻ, നദീം, ഹോം ഗാർഡുമാരായ മുരളീധരൻ, സുരേന്ദ്രൻ തുടങ്ങിയവരടങ്ങിയ സംഘമാണ്​ തീയണച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.