സർക്കാർ ഭൂമാഫിയയിൽനിന്ന് കോംട്രസ്റ്റിനെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ കോംട്രസ്റ്റ് സംരക്ഷണവലയം
കോഴിക്കോട്: മാനാഞ്ചിറയിലെ അടച്ചിട്ട കോംട്രസ്റ്റ് നെയ്ത്ത് കമ്പനി കെട്ടിടം സർക്കാർ ഏറ്റെടുക്കാത്തത് തെരഞ്ഞെടുപ്പുകാലത്ത് വലിയ ചർച്ചയാവുന്നു. കോമൺവെൽത്ത് ഹാൻഡ്ലൂം സംയുക്ത സമരസമിതിയുടെ 2022 ഡിസംബർ 15ന് തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹം തുടരുന്നതിനിടെ ശനിയാഴ്ച കോംട്രസ്റ്റ് വീവിങ് ഫാക്ടറി തൊഴിലാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഫാക്ടറിക്കു മുന്നിൽ കോംട്രസ്റ്റ് സംരക്ഷണ വലയം തീർത്തും പ്രതിഷേധമുയർന്നു.
കോംട്രസ്റ്റ് കമ്പനിയുമായി ഭൂമി ഇടപാട് നടത്തിയ മൂന്നു കക്ഷികൾ കോടതിയെ സമീപിച്ചതിനാൽ ഏറ്റെടുക്കൽ നടത്താനായില്ലെന്നാണ് സർക്കാർ നിലപാട്. നഗരത്തിന്റെ പൈതൃകമായി മാറേണ്ട കോംട്രസ്റ്റ് ഫാക്ടറിയാണ് ഈ തെരഞ്ഞെടുപ്പ് കാലത്തും നഗരവാസികളുടെ വേദനയായി തുടരുന്നത്. അടച്ചിട്ട നെയ്ത്ത് കമ്പനി കെട്ടിടം മോഷ്ടാക്കളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും നഗരമധ്യത്തിലെ ഒളിത്താവളമായി. ഇടിഞ്ഞുതകർന്ന് കാടുപിടിച്ച കെട്ടിടത്തിലേക്ക് ആരും തിരിഞ്ഞുനോക്കാതായതോടെ കെട്ടിടത്തിലെ കമ്പിയും മറ്റും മുറിച്ച് കൊണ്ടുപോകുന്നതും പതിവാണ്. ഈയിടെ കെട്ടിടത്തിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.
കോംട്രസ്റ്റിലെ തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്നും സ്ഥാപനം തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നും ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണൽ വിധി നിലവിലുണ്ട്. കെ.എസ്.ഐ.ഡി.സി ഫാക്ടറിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോംട്രസ്റ്റ് വിഷയത്തില്‍ കൂടുതലായി ഒന്നും ചെയ്യാനായിട്ടില്ല. അവശേഷിക്കുന്ന തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപവീതം കെ.എസ്.ഐ.ഡി.സി നല്കാൻ തീരുമാനമുണ്ടെങ്കിലും കെട്ടിടം തിരിഞ്ഞുനോക്കാൻ ആളില്ല.
ഒരു ഏക്കറില്‍ വിവിധ രീതിയിൽ ക്രയവിക്രയം നടന്നതിനാൽ ഒന്നേകാല്‍ ഏക്കര്‍ മാത്രമാണ് ഇപ്പോൾ കോംട്രസ്റ്റിന്റെ കൈയിലുള്ളത്. 2009 ഫെബ്രുവരി ഒന്നിനാണ് ഫാക്ടറി പൂട്ടിയത്. കോംട്രസ്റ്റ് ഏറ്റെടുത്ത് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നൽകിയിട്ടും കൊല്ലങ്ങളേറെ കഴിഞ്ഞു. പൈതൃക കെട്ടിടം നിലനിർത്തി വ്യവസായ മ്യൂസിയമാക്കാനും പരമ്പരാഗത നെയ്ത്ത് നിലനിർത്തുക വഴി തൊഴിലാളികൾക്ക് ജോലി നൽകാനുമെല്ലാം പദ്ധതിയിട്ടിരുന്നുവെങ്കിലും ഒന്നും മുന്നോട്ടുപോയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.