പെരുന്നാൾ ആഘോഷിക്കാൻ റഹീം എത്തുന്നു, ഫാത്തിമ കാത്തിരിക്കുന്നു...

ഫറോക്ക്: ഓരോ പെരുന്നാളിനും മകനെയോർത്ത് കണ്ണീരൊഴുക്കിയിരുന്ന ആ മാതാവിനെ തേടി സന്തോഷവാർത്ത എത്തിയിരിക്കുന്നു. ഒരിക്കലും തിരിച്ചുവരില്ലെന്നു കരുതിയ മകൻ അബ്ദുൽ റഹിം രണ്ടു പതിറ്റാണ്ടുകാലത്തെ കാരാഗൃഹ വാസം കഴിഞ്ഞ് തിരിച്ചെത്തുന്നു.

വിവരം പറയുമ്പോൾ ഫാത്തിമയുടെ മുഖത്ത് സന്തോഷ പൂത്തിരി കത്തുന്ന പോലെ. ഓരോ ഘട്ടങ്ങളിലും മകൻ ഉടൻ വരുമെന്ന സൂചന പലരും പറയാറുണ്ടെങ്കിലും ഫാത്തിമ വിശ്വസിച്ചിരുന്നില്ല. അഞ്ചു നേരത്തെ നിസ്കാര ശേഷമുള്ള പ്രാർഥനകളിലും മകനെ ഉൾപെടുത്തും. കഴിഞ്ഞ 20 പെരുന്നാൾ അവനില്ലാതെ കടന്നുപോയി. ഇത്തവണ എന്റെ കൂടെ പെരുന്നാൾ ആഘോഷിക്കാനാണ് റബ്ബ് എനിക്ക് അവനെ വിട്ടുതന്നത്.

അതുകൊണ്ടാണല്ലോ സൗദിയിൽ പെരുന്നാൾ ആഘോഷിക്കുന്ന തലേ ദിവസം തന്നെ അവന് മോചനം കിട്ടിയത് - ഫാത്തിമ പറയുന്നു. കുടുംബത്തെ ഉന്നതിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നാട്ടിലുണ്ടായിരുന്ന ഡ്രൈവർ ജോലി ഒഴിവാക്കി സൗദിയിലേക്ക് 26-ാം വയസിൽ വിമാനം കയറിയതാണ് റഹീം.

സ്പോൺസറായ അറബിയുടെ കുടുംബത്തിലെ സുഖമില്ലാത്ത കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിച്ച യന്ത്രത്തിൽ റഹീമിന്റെ കൈ അബദ്ധത്തിൽ തട്ടുകയും ബോധരഹിതനായ കുട്ടി പിന്നീട് മരണപ്പെടുകയുമായിരുന്നു. ആറു വർഷം ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കവേ റിയാദ് കോടതി 2012 ൽ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. റഹീമിനെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിയമ സഹായ കമ്മിറ്റിയും നിയമ സഹായ ട്രസ്റ്റും

ചേർന്ന് 2024 ഏപ്രിൽ മാസത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ ധനസമാഹരണം നടത്തി. ലോകമെമ്പാടുമുള്ള മഹാമനസ്കർ ഒറ്റകെട്ടായി ഉദ്യമത്തിൽ പങ്കുചേർന്നതോടെ 47 കോടി രൂപ സമാഹരിക്കാനായി. തുടർന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് അവർ ആവശ്യപെട്ട പ്രകാരം 34 കോടി മോചനദ്രവ്യം നൽകാമെന്ന് കമ്മിറ്റി സമ്മതിച്ചതോടെയാണ് വധശിക്ഷ നടപ്പിലാക്കണമെന്ന തീരുമാനത്തിൽ നിന്ന് കുടുംബം പിൻമാറിയതും റഹീമിന് മോചനം ലഭിച്ചതും.

Tags:    
News Summary - abdul raheem got released from saudi jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.