10​ ബിയിലെ സർവാദരണീയൻ

കോ​ഴിക്കോട്​: പരപ്പിൽ എം.എം സ്​കൂളിലെ 1965 ബാച്ചിലെ 10 ബിയിൽ അന്നേ സർവാദരണീയനായ ഒരു 'നേതാവു' ണ്ടായിരുന്നു. വലിയ പ്രസംഗകനോ കൂടുതൽ മാർക്ക്​ വാങ്ങുന്ന ആളോ ആയതുകൊണ്ടല്ല, ഹൈദരലി തങ്ങൾ എന്ന വിദ്യാർഥി അധ്യാപകരുടെയും സഹപാഠികളുടെയും ആദരമേറ്റുവാങ്ങിയത്​. അതിനപ്പുറം അസാധാരണ പക്വതയും വിനയവുമൊ​ക്കെ പ്രകടിപ്പിക്കുന്നയാൾ എന്ന നിലയിലായിരുന്നു. ക്ലാസിൽ തൊപ്പി വെച്ച്​ വരുന്ന ഏതാനും വിദ്യാർഥികളിൽ ഒരാളായിരുന്നു. സഹപാഠികൾ അദ്ദേഹത്തെ ദ്വേഷ്യം പിടിപ്പിക്കാൻ തൊപ്പി എടുത്ത്​ ഒളിപ്പിച്ചുവെക്കും. അന്നേ കറുത്ത തൊപ്പിയായിരുന്നു -​കോഴിക്കോട്ടെ മുതിർന്ന മാധ്യമപ്രവർത്തകനും സഹപാഠിയുമായ പി.സി. ലത്തീഫ്​ ഓർക്കുന്നു. തൊപ്പിയിൽ തൊട്ടാലൊന്നും തങ്ങളെ ദ്വേഷ്യം പിടിപ്പിക്കാൻ സഹപാഠികൾക്കാവില്ല. ദേഷ്യപ്പെടുന്നത് എങ്ങനെയാണെന്ന് അറിയാത്ത കുട്ടിയായിരുന്നു. അധ്യാപകരോടും സഹപാഠികളോടും പെരുമാറ്റം അങ്ങേയറ്റത്തെ ബഹുമാനത്തോടെ മാത്രം. ഹെഡ്മാസ്റ്റർ ശേഷനാരായണ അയ്യർ മാഷിനും വിശ്വനാഥൻ മാഷിനും സുരേന്ദ്രൻ മാഷിനുമൊക്കെ തിരിച്ചും ഈ വിദ്യാർഥിയോട്​ ബഹുമാനവും ആദരവും ഉള്ളതായി സഹപാഠികൾക്ക്​ തോന്നിയിരുന്നു. അന്നേ തങ്ങളുടെ മനസ്സിൽ മതസാഹോദര്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചൊക്കെ വലിയ കാഴ്ചപ്പാടുണ്ടായിരു​ന്നെന്ന്​ മറ്റൊരു സഹപാഠി പി.വി. അബ്​ദുല്ലക്കോയ ഓർക്കുന്നു. പാരമ്പര്യമായി കിട്ടിയ മാനസികവലുപ്പമായിരുന്നു അത്​. ശൈഖ്​ പള്ളിക്കടുത്ത്​ കുടംബ വീട്ടിലായിരുന്നു തമാസം. സ്കൂളിൽ പഠിക്കാൻവേണ്ടി ഇവിടെ താമസിക്കുകയായിരുന്നു. കുറ്റിച്ചിറയിലെ വലിയ തറവാട്ടുമുറ്റങ്ങളിൽ ഹൈദരലി തങ്ങൾ കുട്ടുകാരോടൊപ്പം നാടകവും ഫുട്​ബാളും ഒക്കെ കളിച്ചുനടന്ന ഓർമകൾ ഇവിടത്തുകാർക്കുണ്ട്. ഗോളിയായിരുന്നു തങ്ങൾ. ഫുട്​ബാളിനോട്​ വലിയ ഇഷ്ടമായിരുന്നു. നാടകം കളിക്കാൻ കൂട്ടുകാർ നിർബന്ധിച്ച്​ സ്​റ്റേജിൽ കയറ്റും. എല്ലാറ്റിലും ചേരാൻ തങ്ങൾക്ക്​ മടിയില്ല. ഹിന്ദിപ്പാട്ടും വലിയ ഇഷ്ടമായിരുന്നു -അദ്ദേഹം ഓർത്തെടുത്തു. 2018ൽ പരപ്പിൽ എം.എം സ്കൂളിലെ 1965 ബാച്ച്​ ഒത്തുകൂടി. അര നൂറ്റാണ്ട്​ കഴിഞ്ഞിട്ടും സഹപാഠികളുടെ പേരൊന്നും തങ്ങൾ മറന്നിട്ടില്ല. എല്ലാവരുടെയും പേരെടുത്ത്​ വിളിച്ച്​ സംസാരിക്കുന്ന തങ്ങളെ കണ്ട്​ സഹപാഠികൾക്ക്​ വിസ്മയം. ചില പൂർവവിദ്യാർഥികൾ ആ സംഗമത്തിൽ പ​ങ്കെടുക്കാത്തതിനെക്കുറിച്ച്​ അന്വേഷിച്ചപ്പോൾ കിടപ്പിലാണെന്നറിഞ്ഞു. പയ്യാനക്കൽ, തിരുവണ്ണൂർ, കല്ലായി​ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ആ സഹപാഠികളെ വീട്ടിൽ സന്ദർശിച്ചാണ് അന്ന്​ ​ അദ്ദേഹം മടങ്ങിയത്​. പി. ഷംസുദ്ദീൻ thangal sslc batch 1965 ലെ പരപ്പിൽ എം.എം സ്കൂൾ 10ാം ക്ലാസ്​ ബാച്ച്​ 2018ൽ ഒത്തുകൂടിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.