പദ്ധതിവിഹിതം 81 ശതമാനവും ചെലവഴിച്ച്​ ജില്ല പഞ്ചായത്ത്​

കോഴിക്കോട്​: പദ്ധതി വിഹിതത്തിന്‍റെ 81.12 ശതമാനവും ചെലവഴിച്ച്​ സംസ്ഥാനത്ത്​ എട്ടാം സ്ഥാനം നേടി കോഴിക്കോട്​ ജില്ല പഞ്ചായത്ത്​. കഴിഞ്ഞതവണ രണ്ടാം സ്ഥാനമായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പും പ്രസിഡന്‍റ്​ മാറ്റവുമെല്ലാം മൂലം ഫലപ്രദമായി ഫണ്ട്​ ചെലവഴിക്കാൻ ആകെ ആറുമാസം മാത്രമാണ്​ ലഭ്യമായത്​. അതാണ്​ എട്ടാം സ്ഥാനത്താകാൻ കാരണമെന്ന്​ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഷീജ ശശി പറഞ്ഞു. ഈ സമയത്തിനുള്ളിൽ ഇത്രയും നല്ല പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചത്​ അഭിമാനകരമാണെന്നും പ്രസിഡന്‍റ്​ പറഞ്ഞു. 2021-22 വർഷത്തെ വികസന ഫണ്ട്​ 83.72 ശതമാനവും കേന്ദ്ര ധനകാര്യ കമീഷൻ ഫണ്ടിൽ 73.15 ശതമാനവും ഉൾപ്പെടെ ആകെ വികസന ഫണ്ടിൽ 81.12 ശതമാനമാണ്​ ചെലവഴിച്ചത്​. ക്ഷേമകാര്യ വിഭാഗത്തിൽ 47 നിർമാണ പദ്ധതികൾ, ആരോഗ്യ വിദ്യാഭ്യാസ സമിതിയുടെ കീഴിലുള്ള 114 പദ്ധതികൾ, പൊതുമരാമത്ത്​ വിഭാഗത്തിന്​ കീഴിലെ 225 പദ്ധതികൾ, വികസന ഫണ്ടിൽ ഉൾപ്പെടുത്തിയ 25 പദ്ധതികൾ എന്നിങ്ങനെ ആകെ 411 പദ്ധതികൾ 2021-22 വർഷത്തിൽ പൂർത്തിയാകാത്തതായുണ്ടെന്നും ഭരണസമിതി യോഗത്തിൽ ജില്ല പഞ്ചായത്ത്​ സെക്രട്ടറി ടി. അഹമ്മദ്​ കബീർ അറിയിച്ചു. പുതിയ സാമ്പത്തിക വർഷത്തിൽ പദ്ധതികൾ പൂർത്തിയാക്കും. അതിൽ കിഴക്കോത്ത്​ പഞ്ചായത്തിലെ വെളിലാട്ടുപൊയിൽ എസ്​.സി കോളനിയിലെ കുടിവെള്ള പദ്ധതി ഉപേക്ഷിക്കാൻ തീരുമാനമായി. 50 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി 2017ൽ അംഗീകരിച്ചതാണ്​. അന്ന്​ ഭൂഗർഭ ജലവിഭാഗം പരിശോധന നടത്തി സ്ഥലം നിശ്ചയിച്ച്​ ഒരു മീറ്റർ കുഴിച്ചിരുന്നു. എന്നാൽ, അവിടെ പാറ ക​ണ്ടതിനെ തുടർന്ന്​ പദ്ധതി നിലച്ചുപോയെന്ന്​ ജില്ല പഞ്ചായത്ത്​ അംഗം പി.ടി.എം. ഷറഫുന്നിസ പറഞ്ഞു. തുടർന്ന്​ ഈ ഭരണസമിതി മൂന്ന്​ സ്ഥലങ്ങൾ കണ്ടെത്തുകയും അവിടെ പരിശോധനകൾക്ക്​ ശേഷം പദ്ധതി നടപ്പാക്കാൻ അനുയോജ്യമായ സ്ഥലമല്ലെന്ന്​ ഭൂഗർഭജലവിഭാഗം അറിയിക്കുകയായിരുന്നു. അതിനാൽ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. വാർഡിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മറ്റ്​ വഴികൾ തേടുമെന്നും അവർ കൂട്ടിച്ചേർത്തു. റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച തന്നെ ഭരണസമിതി യോഗം വെച്ചതിനെ കോൺഗ്രസ്​ നേതാവ്​ ഐ.പി. രാജേഷ്​ വിമർശിച്ചു. കൂടിയാലോചനയില്ലാതെയാണ്​ ജില്ല പഞ്ചായത്ത്​ യോഗം വിളിക്കുന്നതെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി. 11.45 ആകുമ്പോഴേക്കും യോഗം അവസാനിപ്പിച്ചായിരുന്നു ഭരണപക്ഷത്തിന്‍റെ മറുപടി. 29 പുതിയ പദ്ധതികൾ 2022-23 വർഷത്തിലേക്ക്​ കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്‍റിൽ ഉൾക്കൊള്ളിച്ച്​ 29 പുതിയ പദ്ധതികൾ​ ജില്ല പഞ്ചായത്ത്​ നടപ്പാക്കും​. ഇതിൽ 10 ശുചിത്വ പദ്ധതികളും 12 കുടിവെള്ള പദ്ധതികളും ഉൾപ്പെടുന്നു. എട്ട്​ സ്കൂളുകളിൽ കുടിവെള്ള പദ്ധതികൾ ഒരുക്കുന്നതിനായി 77 ലക്ഷം രൂപയാണ്​ വകയിരുത്തിയത്​. ജി.എച്ച്​.എസ്​.എസ്​ നടുവണ്ണൂർ, ജി.എച്ച്​.എസ്​.എസ്​ പന്നൂർ, കിണർ കൂട്ടാൻ ജി.എച്ച്​.എസ്​.എസ് കല്ലാച്ചി എന്നിവിടങ്ങളിൽ കിണർ, വെങ്ങപ്പറ്റ ജി.എച്ച്​.എസ്​, താമരശ്ശേരി ജി.വി.എച്ച്​.എസ്​.എസ്​, പുതുപ്പാടി ജി.എച്ച്​.എസ്​.എസ്​, പുതുപ്പാടി എച്ച്​.എസ്​, ആവള കുട്ടോത്ത്​ ജി.എച്ച്​.എസ്​.എസ്, വെള്ളിയോട്​ ജി.എച്ച്​.എസ്​.എസ്​ എന്നീ സ്കൂളുകളിൽ ടാങ്ക്​, മോട്ടോർ, പൈപ്പ്​ലൈൻ എന്നിവ സ്ഥാപിക്കുന്നതാണ്​ പദ്ധതി. 10 സ്​കൂളുകളിൽ അടുക്കളയും ഡൈനിങ്​ഹാളും നിർമിക്കാനും തീരുമാനമായി. ആകെ 422.41 ലക്ഷം രൂപ വീതമാണ്​ കേന്ദ്ര ധനകാര്യ കമീഷൻ ശുചിത്വ പദ്ധതികൾക്കും കുടിവെള്ള പദ്ധതികൾക്കുമായുള്ളത്​. കുടിവെള്ള പദ്ധതികൾ ഏറ്റെടുക്കാൻ കരാറുകാർ താൽ​പര്യം കാണിക്കാറില്ലാത്തതിനാൽ പദ്ധതികൾ നടപ്പാക്കാൻ ജല അതോറിറ്റിയെ സമീപിക്കാമെന്ന്​ പഞ്ചായത്ത്​ യോഗം തീ​രുമാനിച്ചു. കേന്ദ്ര ധനകാര്യ കമീഷന്‍റെ അടിസ്ഥാനവിഹിതത്തിൽ 17 പുതിയ പദ്ധതികളാണുള്ളത്​. ജില്ല പഞ്ചായത്ത്​ സ്കൂളുകളിൽ ഇന്നവേഷൻ ലാബ്​ പദ്ധതിക്ക്​ 48.21 ലക്ഷം രൂപയാണ്​ വകയിരുത്തിയത്​. നരിക്കുനി ജി.എച്ച്​.എസ്​.എസിൽ വാനനിരീക്ഷണകേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്​. നക്ഷത്രമെണ്ണാൻ നരിക്കുനി സ്കൂളിലേക്ക്​ പോകാം കോഴിക്കോട്​: കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്കൂളിന്‍റെ തൊട്ടടുത്താണ്​ ആകാശമത്രേ. സ്കൂളിൽ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ച്​ ആകാശത്തെ കൂടുതൽ അടുത്ത്​ പഠിക്കാൻ സൗകര്യമൊരുക്കുകയാണ്​ ജില്ല പഞ്ചായത്ത്​. നക്ഷത്രങ്ങളെ കുറിച്ചും ആകാശഗംഗയെ കുറിച്ചും മറ്റ്​ നൂറായിരം ആകാശഗോളങ്ങളെ കുറിച്ചും ചിത്രം കണ്ട്​ പഠിച്ച കുട്ടികൾക്ക്​ അവയെ അടുത്ത്​ കണ്ട്​ പഠിക്കാനുള്ള സൗകര്യമാണ്​ ഒരുങ്ങുന്നത്​. സ്കൂൾ ആസ്​ട്രോ ക്ലബിന്‍റെ താൽ​പര്യപ്രകാരം, വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശ്ശേരിയുടെ ഉപദേശപ്രകാരമാണ്​ സ്കൂളിൽ വാനനിരീക്ഷണ കേന്ദ്രം ഒരുക്കുന്നത്​. ജില്ല പഞ്ചയത്ത്​ അംഗം ഐ.പി. രാജേഷ്​​ മുൻകൈയെടുത്താണ്​ പദ്ധതിക്ക്​ ജില്ല പഞ്ചായത്തിന്‍റെ അനുമതി വാങ്ങിയത്​. 25 ലക്ഷംരൂപയാണ്​ പദ്ധതിക്ക്​ തുടക്കത്തിൽ ലഭ്യമാക്കുക. അടുത്ത വർഷം കൂടുതൽ തുക ലഭ്യമാക്കി പദ്ധതി വിപുലീകരിക്കാനാണ്​ ഉദ്ദേശ്യമെന്ന്​ ഐ.പി. രാജേഷ്​ പറഞ്ഞു. ആധുനിക ടെലസ്​കോപ്പ്​, നിരീക്ഷണ കേന്ദ്രം, പ്രൊജക്ടറുകൾ ഉൾപ്പെടെയുള്ള സ്മാർട്ട്​ ക്ലാസ് എന്നിവയാണ്​ വാനനിരീക്ഷണ കേന്ദ്രത്തിൽ ഒരുക്കുക. ആ​കാശഗോളങ്ങളെ കുറിച്ച്​ കുട്ടികൾക്ക്​ വിശദ പഠനത്തിന്​ സൗകര്യമൊരുക്കാനാണ്​ സ്​​മാർട്ട്​ ക്ലാസുകൾ ഉൾപ്പെടെ തയാറാക്കുന്നത്​. ജില്ല ആസൂത്രണ സമിതിയുടെ അനുമതി ലഭിച്ചാലുടൻ പദ്ധതി ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT