ട്രെയിൻ യാത്രക്കിടെ രേഖകളില്ലാത്ത 1.6 കോടിയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്​: ട്രെയിൻ യാത്രക്കിടെ രേഖകളില്ലാത്ത ഒരുകോടിയിലേറെ രൂപയുമായി അന്തർ സംസ്ഥാന സ്വദേശികൾ പിടിയിൽ. രാജസ്ഥാൻ ബാർമർ സ്വദേശി ജേത്ത റാം (37), മഹാരാഷ്ട്ര രത്നഗിരി സ്വദേശി സാഗർ ദൊണ്ടു കാപ്​ (23) എന്നിവരെയാണ്​ റെയിൽവേ സംരക്ഷണ സേന പിടികൂടിയത്​. ഇവരിൽനിന്ന്​ 1.6 കോടി രൂപയാണ്​ കണ്ടെടുത്തത്​. ദാദർ-​തിരുനെൽവേലി എക്സ്​പ്രസിൽ പണം കടത്തവെ വെള്ളിയാഴ്ച ഉച്ചയോടെ കണ്ണൂരിനും കോഴിക്കോടിനും ഇടയിൽവെച്ചാണ്​ ഇരുവരും പിടിയിലായത്​. ട്രെയിൻ വഴി കള്ളക്കടത്ത്​ നടക്കുന്നതായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർ പരിശോധനയുടെ ഭാഗമായി റെയിൽവേ സംരക്ഷണ സേനയും സേനയുടെ ക്രൈംബ്രാഞ്ച്​ ഇന്‍റലിജൻസ്​ വിഭാഗവും സംയുക്ത പരിശോധന നടത്തവെ സംശയം തോന്നി ഇവരുടെ ബാഗ്​ പരിശോധിച്ചപ്പോഴാണ്​ പണം കണ്ടെത്തിയത്​. 2,000 രൂപയുടെ നോട്ടുകൾ നൂറിന്‍റെ ​53 കെട്ടുകളാക്കിയാണ്​ ബാഗിൽ സൂക്ഷിച്ചത്​. മുംബൈയിലെ വ്യാപാരിയാണ്​ പണം നൽകിയതെന്നും, കോഴിക്കോട്​ എത്തിക്കാനാണ് ​ആവശ്യപ്പെട്ടതെന്നും പ്രതികൾ വ്യക്തമാക്കിയിട്ടുണ്ട്​. എന്നാൽ, ആർക്കു വേണ്ടിയാണ്​ പണം എത്തിച്ചതെന്ന കാര്യം വ്യക്തമല്ല. പണം നൽകിയ ആളുടെ വിവരങ്ങൾ സംഘം ഉദ്യോഗസ്ഥർക്ക്​ കൈമാറിയിട്ടുണ്ട്​. ദാദറിലെ ടെക്സ്റ്റൈയിൽസിൽ ജോലിചെയ്യുന്നവരാണിരുവരും. പണം കൈമാറിയ ആൾക്കായി അന്വേഷണം തുടരുകയാണ്​. പണവും പ്രതികളെയും പിന്നീട്​ റെയിൽവേ സംരക്ഷണ സേന ആദായനികുതി വകുപ്പിന്​ കൈമാറി. റെയിൽവേ സംരക്ഷണ​ സേന ക്രൈംബ്രാഞ്ച്​ ഇൻറലിജൻസ്​ ഇൻസ്​പെകട്​ർ എൻ. കേശവദാസ്​, എസ്​.ഐമാരായ എ.പി. അജിത്ത്​, എ.പി. ദീപക്​, എ.എസ്​.ഐമാരായ കെ. സാജു, സജി അഗസ്റ്റിൻ, കോൺസ്റ്റബ്​ൾമാരായ പി.പി. അബ്​ദുൽ സത്താർ, ശിവൻ, ഒ.കെ. അജീഷ്​, സവിൻ, കോഴിക്കോട്​ റെയിൽവേ സംരക്ഷണ സേനയിലെ ഇൻസ്​പെക്ടർ ഉപേന്ദ്രകുമാർ, എസ്​​.ഐമാരായ ഷിനോജ്​ കുമാർ, അപർണ അനിൽകുമാർ തുടങ്ങിയവരാണ്​ സംഘത്തെ പിടികൂടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.