കാനത്തിൽ സ്മരണയിൽ എൽ.ഡി.എഫ്; ഗിമ്മിക്കുകൾ മാത്രമെന്ന് യു.ഡി.എഫ്

കൊയിലാണ്ടി: പയ്യോളി, കൊയിലാണ്ടി നഗരസഭകളും ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി പഞ്ചായത്തുകളും ഉൾപ്പെടുന്ന കൊയിലാണ്ടി മണ്ഡലത്തിന് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി ജയിപ്പിച്ച ചരിത്രമുണ്ട്. യു.ഡി.എഫിന് സ്വാധീനമുള്ള പ്രദേശത്ത് പക്ഷേ, ഏറെ വർഷങ്ങളായി എം.എൽ.എ സ്ഥാനം വഹിക്കുന്നത് എൽ.ഡി.എഫാണ്. കോൺഗ്രസിലെ അഡ്വ. പി. ശങ്കരനും എം.ടി. പത്മയും വിജയിച്ചു മന്ത്രിയായ മണ്ഡലം കൂടിയാണിത്.

കഴിഞ്ഞ തെരഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായ എൻ. സുബ്രഹ്മണ്യനെ എണ്ണായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപിച്ചാണ് കാനത്തിൽ ജമീല എം.എൽ.എ ആയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരിച്ചിരുന്ന ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകൾ തിരിച്ചുപിടിച്ചതും മൂടാടി പഞ്ചായത്തിലെയും കൊയിലാണ്ടി നഗരസഭയിലെയും മിന്നും ജയവും യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു.

കാനത്തിൽ ജമീലയുടെ ഓർമയിൽ എൽ.ഡി.എഫ്

അന്തരിച്ച മുൻ എം.എൽ.എ കാനത്തിൽ ജമീല മണ്ഡലത്തിന്‍റെ വികസന കാര്യത്തില്‍ അതീവ ശ്രദ്ധ പുലർത്തിയത് മണ്ഡലത്തിൽ ഉണർവുണ്ടാക്കിയെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു.

മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിന് വലിയ പ്രാധാന്യം നല്‍കിയ ഇവർ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍പെടുത്തി 27 റോഡുകൾക്കാണ് ഭരണാനുമതി നേടിയെടുത്തത്. ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഒള്ളൂര്‍ക്കടവ്, തോരായിക്കടവ് പാലങ്ങൾ യാഥാർഥ്യമാക്കുന്നതില്‍ നിർണായക പങ്കുവഹിച്ചു. കൊയിലാണ്ടി ഹാര്‍ബറിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ലഭ്യമാക്കാനും ഇടപെട്ടു. കാപ്പാട് മുതല്‍ ഫിഷിങ് ഹാര്‍ബര്‍ വരെ കടല്‍ ഭിത്തി ബലപ്പെടുത്തുന്നതിന് ആറു കോടിയുടെ പദ്ധതിക്ക് അംഗീകാരം നേടി. കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം പണിത് ഉദ്ഘാടനം ചെയ്തു. മൂരാട് പുഴയില്‍ സ്ഥിതി ചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിന് 1.40 കോടിയുടെ ഭരണാനുമതിയും നേടി.

അടിസ്ഥാന ആവശ്യങ്ങൾ അവഗണിച്ചു -യു.ഡി.എഫ്

മണ്ഡലത്തിന്‍റെ വികസനരംഗത്ത് അർഥപൂർണമായ ഒരു പ്രവർത്തനവും നടത്താൻ കഴിഞ്ഞ അഞ്ചുവർഷം കഴിഞ്ഞില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിച്ചില്ല. പകരം വികസന പ്രതീതി ഉണ്ടാക്കാൻ ചില ഗിമ്മിക്കുകൾ കാട്ടിക്കൂട്ടുക മാത്രമാണ് ചെയ്തത്. താലൂക്ക് ആശുപത്രിയുടെ വികസനത്തിന് ഒന്നും ചെയ്തില്ലെന്നും മോർച്ചറിയില്ലാത്ത കേരളത്തിലെ ഏക താലൂക്കാശുപത്രിയായി മാറ്റിയെന്നും അവർ കുറ്റപ്പെടുത്തുന്നു.

കാപ്പാട് -ഫിഷിങ് ഹാർബർ റോഡ് നിർമാണം പൂർത്തിയാക്കാനായില്ല. വെറ്ററിനറി സർവകലാശാലയുടെ കേന്ദ്രം കാവുംവട്ടം വലിയ മലയിൽ സ്ഥാപിക്കാൻ ഒന്നും ചെയ്തില്ല. ടൂറിസം വികസനത്തിനും നടപടിയുണ്ടായില്ല. തൊഴിൽ സംരംഭങ്ങൾ ഒന്നും ഇക്കാലയളവിൽ ഉണ്ടായില്ലെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു.

ജില്ല കോൺഗ്രസ് അധ്യക്ഷൻ കെ. പ്രവീൺകുമാറും മുൻ എം.എൽ.എയും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ കെ. ദാസനും തമ്മിലാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. സി.ആർ. പ്രഫുൽ കൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർഥി.

Tags:    
News Summary - LDF in Kanathil Smaranayil; UDF says it's just gimmicks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.