വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ടെന്ന് എൽ.ഡി.എഫ്; വികസന മുരടിപ്പെന്ന് യു.ഡി.എഫ്

കോഴിക്കോട്: 1957 മുതൽ 2008 വരെ കോഴിക്കോട്-ഒന്ന് എന്നറിയപ്പെട്ട മണ്ഡലമാണ് കോഴിക്കോട് നോർത്ത്. മുമ്പ് ഇടതിനും വലതിനുമൊപ്പം നിന്നിട്ടുണ്ടെങ്കിലും 2006 മുതൽ ഇടതിനൊപ്പമാണ് ഈ മണ്ഡലം. 2006ലും കോഴിക്കോട് നോർത്ത് രൂപീകൃതമായ ശേഷം 2011ലും 2016ലും മുതിർന്ന സി.പി.എം നേതാവ് എ. പ്രദീപ് കുമാറാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുൻ മേയറായിരുന്ന തോട്ടത്തിൽ രവീന്ദ്രനെ കളത്തിലിറക്കി 2021ലും എൽ.ഡി.എഫ് മണ്ഡലം നിലനിർത്തി. ഇപ്പോൾ രണ്ടാമൂഴത്തിനിറങ്ങിയിരിക്കുകയാണ് അദ്ദേഹം.

ജില്ലയിൽ കോൺഗ്രസിന് ആശ്വാസം നൽകിയ തദ്ദേശ തെരഞ്ഞെടുപ്പിൽപോലും കോഴിക്കോട് നോർത്ത് എൽ.ഡി.എഫിനൊപ്പമാണ് നിന്നത്. യു.ഡി.എഫ് സ്ഥാനാർഥിയായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്തിന്‍റെ ഒറ്റപ്പേര് മാത്രമാണ് മണ്ഡലത്തിൽനിന്ന് തുടക്കംമുതൽ ഉയർന്നുകേട്ടത്. അതിനാൽ, യു.ഡി.എഫിൽനിന്ന് ഏകകണ്ഠമായി നിശ്ചയിക്കപ്പെട്ട സ്ഥാനാർഥിയായാണ് ജയന്ത് കളത്തിലിറങ്ങുന്നത്. 2001ൽ എ. സുജനപാലാണ് നോർത്തിൽനിന്ന് അവസാനം വിജയിച്ച കോൺഗ്രസ് എം.എൽ.എ.

‘‘വികസന പ്രവർത്തനങ്ങളെല്ലാം ജനങ്ങൾക്ക് മുന്നിലുണ്ട്...’’

പൂർണമായ ആത്മവിശ്വാസത്തിലാണ് ജനവിധി തേടുന്നതെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ വാർഡുകളിലെയും റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഉന്നത നിലവാരത്തിലേക്ക് ഉയർത്തി. പലയിടത്തും റോഡുകളുടെ വീതി വർധിപ്പിച്ചു. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആർക്കും കാണാവുന്ന ഉദാഹരണമാണ്. ബിലാത്തിക്കുളം റോഡ്, ഈസ്റ്റ് ഹിൽ-ചക്കോരത്തുകുളം, കക്കോടി-കണ്ണാടിക്കൽ, നെല്ലികാവ് - കാരാപറമ്പ് അടക്കം റോഡുകള കോടികൾ ചെലവഴിച്ച് നവീകരിച്ചു. റോഡുകളിൽ വെള്ളം കയറുന്ന പ്രശ്നമുണ്ടായിരുന്ന സ്ഥലങ്ങളിൽ അത് പരിഹരിച്ചു.

മണ്ഡലത്തിലെ സ്കൂളുകൾ നവീകരിച്ചു. ഈസ്റ്റ് ഹിൽ ഹയർ സെക്കൻഡറി സ്കൂൾ, ചേവായൂർ ഗവ. എൽ.പി. സ്കൂൾ, പുതിയങ്ങാടി യു.പി സ്കൂൾ, ബിലാത്തിക്കുളം സ്കൂൾ, കാരപ്പറമ്പ് ഗവ. എൽ.പി സ്കൂൾ, കണ്ണാടിക്കൽ വരദൂർ സ്കൂൾ എന്നിവ ഉദാഹരണം. വെള്ളംകയറുന്ന പ്രശ്നമുണ്ടായിരുന്ന നെടുംകുളം പുഞ്ച 75 ലക്ഷം ചെലവഴിച്ച് നവീകരിച്ചു. പാച്ചാക്കത്തോട് തോടിന് രണ്ട് കോടിയും ആവിക്കൽ തോടിന് അഞ്ച് കോടിയും ചെലവഴിച്ചു. മൂന്ന് കോടി ചെലവഴിച്ച് കടൽഭിത്തി നിർമിച്ചു. ചെലവൂർ പുഴ ഭിത്തികെട്ടി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഏഴ് കോടിയോളം രൂപയുടെ ഉപകരണങ്ങൾ എം.എൽ.എ ഫണ്ടിൽനിന്ന് നൽകി. ഇതെല്ലാം ജനങ്ങൾക്ക് മുന്നിലുണ്ടെന്നും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു.

‘‘ഏറ്റവും വികസന സാധ്യതയുള്ള നഗരം, പക്ഷേ അത് ഉണ്ടായിട്ടില്ല...’’

നഗരത്തിലെ വികസന രംഗത്ത് മുരടിപ്പാണെന്ന് കെ. ജയന്ത് പറഞ്ഞു. 20 വർഷമായി നോർത്ത് മണ്ഡലത്തിൽ ഇടതുമുന്നണിയുടെ പ്രതിനിധികളാണ് ഉണ്ടായിട്ടുള്ളത്. എന്ത് മാറ്റമാണ് അവർക്ക് സൃഷ്ടിക്കാൻ സാധിച്ചത്? തൊഴിലാളികളെ സംബന്ധിച്ചിടത്തോളവും സാധാരണക്കാരായ മനുഷ്യരെ സംബന്ധിച്ചിടത്തോളവും അവരുടെ ജീവിതം ദുസ്സഹമാണ്. ഞാൻ മുന്നോട്ടുവെക്കുന്നത് പോസിറ്റീവായ പൊളിറ്റിക്സ് ആണ്. ഈ നഗരത്തിന് വലിയ മാറ്റം വേണം. കേരളത്തിലെ ഏറ്റവും പുരാതനമായ ഏറ്റവും വികസന സാധ്യതയുള്ള നഗരമാണ് കോഴിക്കോട്, പക്ഷേ അത് ഉണ്ടായിട്ടില്ല.

ഈ നഗരത്തിന് എന്തെങ്കിലും ഒരു മുഖം ഉണ്ടായിട്ടുണ്ടെങ്കിൽ അത് 2021 കാലഘട്ടത്തിൽ യു.ഡി.എഫിന്‍റെ എം.എൽ.എമാരായ എം.കെ. മുനീറും സുജനപാലും ചേർന്ന് നടത്തിയ വികസനങ്ങളാണ്.

മാനാഞ്ചിറ സ്ക്വയർ പോലും വികസിപ്പിച്ചത് ഞങ്ങളാണ്. പതിനായിരക്കണക്കിന് മനുഷ്യരെത്തുന്ന കോഴിക്കോട് കടപ്പുറത്ത് മൂത്രപ്പുര പോലുമില്ല. ഇതെല്ലാം മാറ്റുക എന്നതാണ് ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്. ജനം ഞങ്ങളുടെ കൂടെയാണെന്ന് എല്ലാ അർത്ഥത്തിലും ബോധ്യമുണ്ട്. വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ത്രികോണ മത്സരം ഉണ്ട് എന്ന് വിശ്വസിക്കുന്നില്ല. മത്സരം ഇടതുമുന്നണിയും യു.ഡി.എഫും തമ്മിലാണ് -യു.ഡി.എഫ് സ്ഥാനാർഥി പറഞ്ഞു.

എൻ.ഡി.എയും സജീവം:

മഹിള മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസാണ് എൻ.ഡി.എക്ക് വേണ്ടി ഇറങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് കൗൺസിലർമാർ നോർത്തിൽനിന്ന് ബി.ജെ.പിക്കുണ്ടായി. കൗൺസിലർമാരുടെ എണ്ണം ഇരട്ടിയാക്കിയതിന്‍റെ ആത്മവിശ്വാസം ബി.ജെ.പിക്കുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 22.50 ശതമാനമായിരുന്നു മണ്ഡലത്തിൽ എൻ.ഡി.എയുടെ വോട്ട് വിഹിതം. ബി.ജെ.പി സ്ഥാനാർഥി എം.ടി. രമേശ് അന്ന് 30,095 വോട്ട് പെട്ടിയിലാക്കിയിരുന്നു. വികസിത കോഴിക്കോട് നോർത്ത് എന്ന മുദ്രാവാക്യമാണ് നവ്യ ഹരിദാസ് ഉയർത്തുന്നത്.

Tags:    
News Summary - Kerala Assembly Election; Fronts Claims thier Arguments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.