കോഴിക്കോട്: പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുകളും ഉച്ചഭാഷിണികളും നിറഞ്ഞുനിന്നിരുന്ന തെരഞ്ഞെടുപ്പ് കാലമുണ്ടായിരുന്നു. അക്കാലത്ത് പത്രം, റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിൽ ഊന്നിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം. ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രചാരണം കൊഴുക്കുന്നത്. സകലതും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് (എ.ഐ) മാറിയ കാലത്ത് മാറിച്ചിന്തിക്കാൻ സ്ഥാനാർഥികളും നിർബന്ധിതരാകുന്നു. എ.ഐ സാധ്യത ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഹോർഡിങ്സുകളൊക്കെ എ.ഐ ഉപയോഗിച്ച് നന്നായി ചെയ്യാൻ കഴിയുന്നു.
പി.ആർ ഏജൻസികളെയാണ് സ്ഥാനാർഥികൾ പ്രചാരണത്തിനായി ആശ്രയിക്കുന്നത്. പോസ്റ്ററുകളും വിഡിയോകളും റീലുകളും പ്രത്യേക പാക്കേജിൽ ഏജൻസികൾ ചെയ്തുകൊടുക്കും. ഓരോ പ്രായക്കാരെയും സ്വാധീനിക്കുന്ന പ്രത്യേകം റീലുകളുമുണ്ട്. യുവവോട്ടർമാരെയാണ് കൂടുതലും റീലുകൾ വഴി ഉന്നമിടുന്നത്. ഇതിനൊക്കെ പുറമെ പ്രാദേശിക ചാനലുകളും ഓൺലൈൻ ചാനലുകളും വഴിയും പ്രചാരണം കൊഴുക്കുന്നുണ്ട്. സ്ഥാനാർഥികൾ വ്യക്തിപരമായി സന്ദേശം അയക്കുന്ന സംവിധാനവുമുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും എ.ഐ വഴിയുള്ള പ്രചാരണം വിശ്വാസ്യത കുറക്കുന്നുവെന്നാണ് വോട്ടർമാരുടെ പ്രതികരണം. ബിസിനസ് പരസ്യങ്ങൾ എ.ഐ ഉപയോഗിച്ച് ചെയ്യാം. തെരഞ്ഞെടുപ്പ് പ്രചാരണം അങ്ങനെയല്ല. എ.ഐ തെരഞ്ഞെടുപ്പു വിഡിയോകൾ ആളുകളിൽ വ്യാജപ്രതീതിയാണുണ്ടാക്കുക. അതിനാൽ സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിൽ പി.ആർ ഏജൻസികൾ കൂടുതലും റീലുകൾക്കും മെറ്റ പെയ്ഡ് പോസ്റ്റുകൾക്കുമാണ് മുൻതൂക്കം നൽകുന്നത്.
‘എ.ഐ വഴി വിഷ്വലൈസേഷൻ കൂടുതൽ എളുപ്പത്തിൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കും. തെരഞ്ഞെടുപ്പുകാലത്ത് ഇത്തരം എ.ഐ ജനറേറ്റഡ് കണ്ടന്റുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ട്. വിഡിയോകളേക്കാൾ കൂടുതൽ ഓഡിയോ ആണ് എ.ഐ വഴി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളത്. ഒരാളുടെ സൗണ്ട് സാമ്പിൾ എടുത്ത് അതുവെച്ച് എന്തും പറയിപ്പിക്കാൻ പറ്റുന്ന ടൂളുകളുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ശബ്ദം ഇതുപോലെ ദുരുപയോഗം ചെയ്തേക്കാം. സാധാരണക്കാർക്ക് ഒരിക്കലും അത് തിരിച്ചറിയാൻ കഴിയുകയുമില്ല. ഇതാണ് എ.ഐയുടെ നെഗറ്റീവ് ഭാഗമെന്ന് എ.ഐ ട്രെയിനറും മാധ്യമപ്രവർത്തകനുമായ ഹബീബ് റഹ്മാൻ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.