വന്യമൃഗങ്ങൾക്ക് താവളമായി 140 ഏക്കർ കൃഷിയിടം; ആയോട്മലയിൽ വന്യമൃഗശല്യം രൂക്ഷം

നാദാപുരം: വന്യമൃഗങ്ങൾക്ക് സ്വൈരവിഹാരത്തിന് താവളമൊരുക്കി കൃഷി ഭൂമികൾ. വളയം പഞ്ചായത്തിലെ കണ്ടി വാതുക്കൽ, ആയോട് മല എന്നിവിടങ്ങളിലാണ് വന്യജീവിശല്യം കാരണം ജീവനോപാധികൾ നഷ്ടമായി കർഷകർ ഭീതിയിൽ കഴിയുന്നത്. ആയോട് മലയിലെ 140 ഏക്കറോളം കൃഷിഭൂമിയിലാണ് ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെത്തുന്നത്. വർഷങ്ങൾക്കുമുമ്പ് സ്വകാര്യ ട്രസ്റ്റ് വാങ്ങിയതാണ് ഈ കൃഷിയിടം. താമസക്കാരായ കർഷകർക്ക് മോഹ വില നൽകിയാണ് തെങ്ങ്, കവുങ്ങ് ഉൾപ്പെടെയുള്ള ഭൂമിവിൽപന നടന്നത്. ഭൂമിയിൽ കൃഷിയോ മറ്റ് ഉൽപാദന പ്രവർത്തനമോ നടക്കുന്നില്ല. കണ്ണവം വനമേഖലയോട് ചേർന്നുകിടക്കുന്ന ഇവിടം പൂർണമായും കാടുപിടിച്ചുകിടക്കുകയാണ്. കണ്ണവം വനത്തിൽനിന്നുമെത്തുന്ന ആനകൾ അടക്കമുള്ള മൃഗങ്ങൾ കൃഷിയിടത്തിലെ കാടുകളാണ് വാസസ്ഥലമാക്കുന്നത്. ഇവിടെനിന്നും ആനകളും മറ്റു ജീവികളും ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കർഷകരുടെ വാഴ, തെങ്ങ് തുടങ്ങിയ കാർഷികവിളകൾക്ക് വൻതോതിലുള്ള നാശനഷ്ടമാണ് വരുത്തുന്നത്. സ്വകാര്യ ഭൂമിയിലെ അടിക്കാടുകൾ വെട്ടിത്തെളിക്കണമെന്ന് പ്രദേശവാസികളായ താമസക്കാർ അധികൃതരോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുവരെ നടപടികൾ ഒന്നും ആയിട്ടില്ല. കഴിഞ്ഞദിവസങ്ങളിൽ ഈ മേഖലയിൽ ആനശല്യം രൂക്ഷമായതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. അടുത്ത ദിവസം നടക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഈ പ്രശ്നം പ്രധാന അജണ്ടയായി ചർച്ചക്ക് വെച്ചിട്ടുണ്ട്. 140 ഏക്കർ ഭൂമിയുടെ ഉടമകൾക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്താനും റവന്യൂ വകുപ്പ് മുഖേന നടപടികൾക്കുമാണ് അധികൃതർ ഒരുങ്ങുന്നത്. കഴിഞ്ഞവർഷം ഡി.എഫ്.ഒ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി കാടുമൂടിയ കൃഷിസ്ഥലം വെട്ടിത്തെളിക്കാൻ നടപടി സ്വീകരിക്കുമെന്ന്പ്രദേശവാസികൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, നടപടികൾ പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.