വരുന്നു, മലബാർ ചലഞ്ചേഴ്​സ്​

കോഴിക്കോട്: അർജന്‍റീനയിലെ പ്രമുഖ ഫുട്​ബാൾ ക്ലബായ അര്‍ജന്‍റീനോസ് ജൂനിയേഴ്​സുമായി സഹകരിച്ച്​ കോഴിക്കോട്ട്​ 'മലബാർ ചലഞ്ചേഴ്​സ്​ ഫുട്​ബാൾ ക്ലബ്​' എന്നപേരിൽ പുതിയ പ്രഫഷനൽ ഫുട്​ബാൾ ക്ലബ്​ വരുന്നു. ഉടൻ തുടങ്ങാനിരിക്കുന്ന മലബാര്‍ സ്‌പോര്‍ട്‌സ് ആൻഡ്​ റിക്രിയേഷന്‍ ഫൗണ്ടേഷനാ(എം.എസ്.ആർ.എഫ്​)ണ്​ ക്ലബിന്​ പിന്നിൽ. ക്ലബ്​ സ്ഥാപിക്കുന്നതിന്​ മുന്നോടിയായി സെപ്റ്റംബറില്‍ ഫുട്‌ബാള്‍ അക്കാദമി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും. ഇതുസംബന്ധിച്ച്​ എം.എസ്.ആർ.എഫും അർ​ജന്‍റീനോസും തമ്മിൽ കരാർ ഒപ്പുവെച്ചു. ദേശീയ ഫുട്‌ബാള്‍ ലീഗില്‍ പങ്കെടുക്കുന്ന ഒരു യഥാര്‍ഥ പ്രഫഷനല്‍ സീനിയര്‍ ടീം രൂപവത്കരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എം.എസ്.ആർ.എഫ് ചെയര്‍മാന്‍ ബി. വിജയന്‍ പറഞ്ഞു. അര്‍ജന്‍റീനോസ് ജൂനിയേഴ്‌സ് വൈസ് പ്രസിഡന്റ്​ ഹാവിയര്‍ പെഡര്‍സോളിയും എം.എസ്.ആർ.എഫ്ചെയര്‍മാനും മുന്‍ ഗോവൻ ചീഫ് സെക്രട്ടറിയുമായ ബി. വിജയനുമാണ്​ കരാറില്‍ ഒപ്പുവെച്ചത്​. ഇന്ത്യയിൽ ഫുട്​ബാളിന്​ വളരാൻ ഏറെ അവസരമുണ്ടെന്ന്​ പെഡര്‍സോളി പറഞ്ഞു. ഖത്തർ ലോകകപ്പിൽ അർജന്‍റീന കിരീടം നേടുമെന്നാണ്​ പ്രതീക്ഷ. കേരളത്തിൽ അർജന്‍റീനക്ക്​ ഇത്രയും ആരാധകരുണ്ടെന്നത്​ തന്നെ ​അത്​ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഇന്റർനാഷനല്‍ ഗോള്‍ കീപ്പര്‍ വിക്ടര്‍ മഞ്ഞില, എം.എസ്.ആർ.എഫ് ഡയറക്ടര്‍മാരായ മുന്‍ തമിഴ്‌നാട് അഡീഷനല്‍ ചീഫ് സെക്രട്ടറി സ്‌കന്ദന്‍ കൃഷ്ണന്‍, മുന്‍ ഇന്‍കം ടാക്‌സ് കമീഷണര്‍ പോള്‍ ജോർജ് , മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറും നിലവില്‍ ഗോവ ഫുട്ബാള്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനുമായ എസ്​. ബ്രഹ്മാനന്ദ്​ , ചെന്നൈ അവലോണ്‍ ടെക്‌നോളജീസ് സി.എം.ഡി ഇമ്പിച്ചഹമ്മദ്, ഡോ. മനോജ് കാളൂര്‍, ‌വിദേശകാര്യ മന്ത്രാലയം മുന്‍ ജോ. സെക്രട്ടറിയും എം.എസ്.ആർ.എഫ് എം.ഡിയും സി.ഇ.ഒയുമായ സജീവ് ബാബു കുറുപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.