ഓർഡിനറി സ്റ്റോപ്പുകൾ ലിമിറ്റഡ് സ്റ്റോപ്പുകളാക്കി ഉയർത്താൻ ബസുടമകൾ; എതിർപ്പുമായി വിദ്യാർഥികൾ

വടകര: വടകര-കോഴിക്കോട് റൂട്ടിൽ വിദ്യാർഥികളെ കയറ്റാതിരിക്കാൻ ഓർഡിനറി സ്റ്റോപ്പുകൾ ലിമിറ്റഡ് സ്റ്റോപ് ആക്കി ഉയർത്താൻ ബസുടമകൾ ശ്രമിക്കുന്നതായി ആക്ഷേപം. ആർ.ടി.എ മീറ്റിങ്ങിൽ നിരവധിതവണ തള്ളിയ അപേക്ഷകളാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബുധനാഴ്ച കോഴിക്കോട് കലക്ട്രേറ്റിൽ നടക്കുന്ന ആർ.ടി.എ മീറ്റിങ്ങിൽ അപേക്ഷയായി എത്തിയിരിക്കുന്നത്. വടകര-കോഴിക്കോട് റൂട്ടിൽ നൂറിലേറെ ലിമിറ്റഡ് സ്റ്റോപ് ബസുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും ഓർഡിനറി ബസുകൾ ഏഴെണ്ണം മാത്രമാണുള്ളത്. ഈ ബസുകളും ലിമിറ്റഡ് ബസുകളാക്കി മാറ്റിയാൽ ഓർഡിനറി സ്റ്റോപ്പിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് യാത്രചെയ്യാൻ പ്രയാസം സൃഷ്ടിക്കുന്നതിനാൽ നടപടിക്കെതിരെ വിദ്യാർഥികളും രംഗത്തെത്തി. നേരത്തെ ജില്ല കലക്ടർമാരായിരുന്നവർ തള്ളിയ അപേക്ഷകൾ പുതിയ കലക്ടർ വന്നതോടെയാണ് ബസുടമകൾ വീണ്ടും അപേക്ഷ നൽകി ശ്രമമാരംഭിച്ചത്. ബുധനാഴ്ച നടക്കുന്ന യോഗത്തിൽ ക്രമനമ്പർ 16, 17, 18, 19, 20 എന്നീ അപേക്ഷകളാണ് പരിഗണനയിലുള്ളത്. ഉദ്യോഗസ്ഥതലത്തിൽ ബസ് ഉടമകൾ സമ്മർദംചെലുത്തിയതാണ് വീണ്ടും അപേക്ഷ വരാനിടയാക്കിയതെന്നാണ് വിദ്യാർഥികളുടേയും യാത്രക്കാരുടേയും പരാതി. ഇതുസംബന്ധിച്ച് വിദ്യാർഥികൾ നേരത്തെ മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ട്രാൻസ്‌പോർട്ട് കമീഷണർ എന്നിവർക്കും പരാതി നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.