മകളുടെ മൃതദേഹം കാണാൻ കെൽപില്ലാതെ റാഷിദ്

കാക്കൂർ: പാവണ്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിലെ കുഴിമാടം തുറന്ന് മകളുടെ മൃതദേഹം പുറത്തെടുക്കുമ്പോൾ, കണ്ടുനിൽക്കാൻ കെൽപില്ലാതെ പിന്നിലേക്ക് നടന്ന് പിതാവ്. ദുബൈയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം ഖബർസ്ഥാനിൽനിന്ന് പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുക്കാൻ ഉദ്യോഗസ്ഥവൃന്ദം എത്തിയപ്പോഴാണ് റിഫയുടെ പിതാവ് റാഷിദ് ഈറനണിഞ്ഞ കണ്ണുകളുമായി വീട്ടിലേക്ക് മടങ്ങിയത്. രാവിലെ മകൻ റിജുവിനൊപ്പമായിരുന്നു റാഷിദ് പള്ളിയിലെത്തിയത്. നിത്യവും മകൾക്ക് വേണ്ടി ഖബറിടത്തിൽ പോയി പ്രാർഥിക്കുന്ന ഉപ്പ റാഷിദിന് ശനിയാഴ്ച പരീക്ഷണങ്ങളുടെ പകലായിരുന്നു. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ പോസ്റ്റ്മോർട്ടം അനിവാര്യമാണെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം. ദുബൈയിൽനിന്ന് ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തിയെന്ന പച്ചക്കള്ളം പറഞ്ഞ് ഭർത്താവ് മെഹ്നാസ് കുടുംബത്തെ കബളിപ്പിക്കുകയായിരുന്നു. ഖബറടക്കം കഴിഞ്ഞ് ഞൊടിയിടക്കുള്ളിൽതന്നെ റിഫയുടെ പെട്ടിയും ഫോണും വസ്ത്രങ്ങളുമായി പോയ മെഹനാസ് പിന്നീട് ഒന്ന് അ​ന്വേഷിക്കുകപോലും ചെയ്തില്ലെന്നും റിഫയുടെ ബന്ധുക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.