പ്രതീക്ഷയോടെ വീണ്ടും കിനാലൂർ

ബാലുശ്ശേരി: സംസ്ഥാന സർക്കാർ കിനാലൂരിൽ കണ്ടെത്തിയ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാനുള്ള സർക്കാർ ഉത്തരവിറങ്ങിയതോടെ ജില്ലയോടൊപ്പം കിനാലൂർ പ്രദേശവും ഏറെ പ്രതീക്ഷയിലാണ്. കിനാലൂരിൽ 153.46 ഏക്കർ ഭൂമി ആദ്യഘട്ടത്തിൽ ആരോഗ്യവകുപ്പിന് കൈമാറാനാണ് സർക്കാർ ഉത്തരവ്. വ്യവസായവകുപ്പിന്റെ കീഴിലുള്ള ഭൂമി റവന്യൂവകുപ്പിന് കൈമാറിയശേഷം ആരോഗ്യവകുപ്പിന് കൈമാറുകയാണ്. കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ തഹസിൽദാർ മുരളീധരന്റെ നേതൃത്വത്തിലാണ് ഭൂമി കൈമാറ്റനടപടികൾ. കേരളത്തിൽ എയിംസിന് അനുമതി നൽകണമെന്നാവശ്യത്തിൽ കേന്ദ്ര ധനമന്ത്രാലയം പച്ചക്കൊടി കാണിച്ചാൽ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കിനാലൂരിനാണ് മുൻഗണനയെന്ന് മുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യമന്ത്രിയും നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കേന്ദ്രബജറ്റിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും നടത്തിയിരുന്നില്ലെങ്കിലും എയിംസിനായി കിനാലൂരിൽ സ്ഥലം ഏറ്റെടുക്കൽനടപടി തടസ്സമില്ലാതെ മുന്നോട്ടുപോയിരുന്നു. കിനാലൂരിൽ വ്യവസായ വികസനവകുപ്പിന് കീഴിലെ 160 ഏക്കർ ഭൂമിയാണ് എയിംസ് സ്ഥാപിക്കാനായി കണ്ടെത്തിയിട്ടുള്ളത്. റവന്യൂ- ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥസംഘം കഴിഞ്ഞമാസം സ്ഥലം പരിശോധിച്ചാണ് ഏറ്റെടുക്കാനുള്ള നടപടി പൂർത്തീകരിച്ചത്. ഭാവിയിലുള്ള വികസനവും കൂടി ലക്ഷ്യമിട്ട് 100.520 ഹെക്ടർ സ്ഥലം കൂടി ഏറ്റെടുക്കണമെന്നായിരുന്നു സർക്കാർ നിർദേശം. ഇതിനായി വ്യവസായ വികസനകേന്ദ്രത്തിനോട് തൊട്ടുള്ള കിനാലൂർ, കാന്തലാട് വില്ലേജുകളിൽപെട്ട സ്വകാര്യഭൂമി കണ്ടെത്തിയിട്ടുണ്ട്. കിനാലൂർ വില്ലേജിൽ റീസർവേ നമ്പർ 41, 43, 46, 48, 50/1, 2, 3, 4, 5 2/1, 2, 56/1, 2, 57, 58, കാന്തലാട് വില്ലേജിലെ അൺ -സർവേ നമ്പർ 1463/1, 2, 4, 1492/1, 2, 3, 4, 1493/2, 3, 1494, 1495/1, 2, 3, 4, 5, 1496/1, 3, 4, 5, 1497/2 എന്നീ സ്വകാര്യഭൂമികളാണ് മാർക്ക് ചെയ്തിട്ടുള്ളത്. സ്വകാര്യഭൂമിയിൽ 39 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എയിംസിനായി ഭൂമി വിട്ടുനൽകാൻ കുടുംബങ്ങൾക്ക് സമ്മതവുമാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ് സ്ഥലം സന്ദർശിച്ചപ്പോൾ അറിയിച്ചിരുന്നു. കിനാലൂർ, കാന്തലാട് വില്ലേജിൽനിന്ന് ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമികളെ കുറിച്ച് കഴിഞ്ഞ മാസം റവന്യൂ- ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ഐ.ഡി.സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടുണ്ട്. കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതോടെ ഒട്ടേറെ വികസനസാധ്യതകളാണ് പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിലായി വരാൻ പോകുന്നത്. കിനാലൂർ വ്യവസായ വികസനകേന്ദ്രത്തിൽ ഇപ്പോൾതന്നെ 35 ഓളം വ്യവസായസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചെരിപ്പ് വ്യവസായ യൂനിറ്റുകളും അലൂമിനിയം ഫാബ്രിക്കേഷൻ യൂനിറ്റുകളുമാണ് ഏറെയും. കെ.എസ്.ഇ.ബിയുടെ 110 കെ.വി സബ് സ്റ്റേഷനും ഗവ. കോളജും ഒളിമ്പ്യൻ പി.ടി. ഉഷയുടെ നേതൃത്വത്തിലുള്ള ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന പാതയും ദേശീയപാതയും റെയിൽവേയും കിനാലൂരിന് ഏറെ വിദൂരമല്ലാത്ത സ്ഥലത്തുതന്നെയാണുള്ളത്. കോഴിക്കോട് കരിപ്പൂർ വിമാനത്താവളവും സമീപ സ്ഥലത്തു തന്നെയാണുള്ളത്. വെള്ളം, ഗതാഗതം, വൈദ്യുതി എന്നീ അടിസ്ഥാന ആവശ്യങ്ങൾക്ക് കിനാലൂരിൽ ബുദ്ധിമുട്ടുണ്ടാകില്ല എന്നതും എയിംസ് സ്ഥാപിക്കാൻ കിനാലൂർ അനുയോജ്യമാണെന്നതിന് അനുകൂലമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.