ചിൽഡ്രൻസ്​ ഹോമിലെ സി.സി.ടി.വി കാമറ പ്രവർത്തനരഹിതമാക്കി

കോഴിക്കോട്​: വെള്ളിമാടുകുന്ന്​ ഗവ. ചിൽഡ്രൻസ്​ ഹോമിലെ സി.സി.ടി.വി കാമറകൾ പ്രവർത്തന രഹിതമാക്കി. ചിൽഡ്രൻസ്​ ഹോമിലെ അന്തേവാസികളായ കുട്ടികൾതന്നെയാണ്​ കാമറയുടെ കണക്​ഷൻ വയറുകൾ പൊട്ടിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു​. ബുധനാഴ്ച രാവിലെയാണ്​ സംഭവം ഹോം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്​. ചിൽഡ്രൻസ്​ ഹോമിലെ കാമറയുടെ കണക്​ഷനാണ്​ നശിപ്പിച്ചത്​. സംഭവത്തിൽ ഹോം സൂപ്രണ്ട്​ ചേവായൂർ പൊലീസിൽ പരാതി നൽകി. 10 ദിവസങ്ങൾക്ക്​ മുമ്പാണ്​ ചിൽഡ്രൻസ്​ ഹോമിൽ 17 കാമറകൾ സ്ഥാപിച്ചത്​. ഹോമിൽനിന്ന്​ ആറു പെൺകുട്ടികൾ അധികൃതരുടെ കണ്ണുവെട്ടിച്ച്​ ഇറങ്ങിപ്പോയതിനെ തുടർന്ന്​ സുരക്ഷ ശക്​തമാക്കുന്നതിന്റെ ഭാഗമായാണ്​ കാമറകൾ സ്ഥാപിച്ചത്​. കാമറയുടെ കണക്​ഷൻ ചിൽഡ്രൻസ്​ ഹോം അധികൃതർ തന്നെ ശരിയാക്കിയിട്ടുണ്ട്​. ഇക്കഴിഞ്ഞ റിപ്പബ്ലിക്​ ദിനത്തിലാണ്​ ചിൽഡ്രൻസ്​ ഹോമിൽനിന്ന്​ ആറു പെൺകുട്ടികൾ ചാടിപ്പോയത്​. ഹോം അന്തേവാസികളുടെ റിപ്പബ്ലിക്​ദിന പരേഡ്​ കഴിഞ്ഞ ഉടനായിരുന്നു സംഭവം. കുട്ടികൾ പോയത്​ അധികൃതർ അറിഞ്ഞപ്പോഴേക്കും ഇവർ ബംഗളൂരുവിൽ എത്തിയിരുന്നു. പൊലീസ്​ അവിടെ എത്തിയപ്പോഴേക്കും നാലു കുട്ടികൾ രക്ഷപ്പെടുകയും രണ്ടുപേർ പിടിയിലാവുകയും ചെയ്തു. ബാക്കി നാലുപേരെ പിന്നീട്​ നിലമ്പൂരിൽനിന്നാണ്​ പിടികൂടിയത്​. നിലമ്പൂർ സ്വദേശിയായ യുവാവിനെ കാണാനെത്തിയതായിരുന്നു കുട്ടികൾ. ഇദ്ദേഹമാണ്​ ഇവർക്ക്​ യാത്രക്കുള്ള പണം അയച്ചുനൽകുകയും മറ്റും ചെയ്തത്​. കൂടാതെ, കെ.എസ്​.ആർ.ടി.സി കണ്ടക്ടർ, റെയിൽവേ സ്​റ്റേഷനിൽനിന്ന്​ പരിചയപ്പെട്ടയാൾ എന്നിവരും ഇവർക്ക്​ സാമ്പത്തിക സഹായം നൽകിയിരുന്നു. ബംഗളൂരുവിൽ രണ്ടുപേർ ഇവരെ ഹോട്ടലിൽ താമസിപ്പിക്കാൻ കൊണ്ടുപോയതിനെ തുടർന്ന്​ പൊലീസ്​ പിടിയിലായിരുന്നു. ചിൽഡ്രൻസ്​ ഹോമിൽ സ്വാതന്ത്ര്യമില്ലെന്നാണ്​ ഇറങ്ങിപ്പോയതിന്​ കുട്ടികൾ കാരണം പറഞ്ഞത്​. കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ കൂടെ വിട്ടിരുന്നെങ്കിലും ചിലർ തിരിച്ചു വന്നു. ഈ സംഭവത്തിനുശേഷമാണ്​ ചിൽഡ്രൻസ്​ ഹോമിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.