യുവാവിന്റെ മരണം: നിഷ്പക്ഷ അന്വേഷണം വേണം -സി.പി.എം

ഫറോക്ക്: ചെറുവണ്ണൂർ ബി.സി റോഡിന് സമീപം നാറാണത്ത് ജിഷ്ണു എന്ന യുവാവിന്റെ മരണത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ കുടുംബത്തിന് സംശയങ്ങൾ ദൂരീകരിക്കാൻ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സി.പി.എം ഫറോക്ക് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾ പരാതി ഉന്നയിച്ചയുടൻ തന്നെ കേസന്വേഷണം ലോക്കൽ പൊലീസിൽനിന്നും മാറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയ തീരുമാനം സ്വാഗതാർഹമാണ്. യുവാവ് മരിക്കാനിടയാക്കിയതിന്റെ കാരണം പുറത്തുകൊണ്ടുവരണം. ഇതിനായി തുടർന്നും നീതിയുക്തമായ അന്വേഷണം വേണം. മറ്റെവിടെയെങ്കിലുമുള്ള ഏതെങ്കിലും കേസിൽ പ്രതിയാണെന്ന കാരണത്താൽ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ഗൗരവം തെല്ലും കുറച്ചുകാണാനാകില്ല. യുവാവിന്റെ മരണം മറയാക്കി സംസ്ഥാന സർക്കാറിനും ആഭ്യന്തര വകുപ്പിനുമെതിരെ അപവാദപ്രചാരണങ്ങൾ നടത്തുന്നത് തികച്ചും രാഷ്ട്രീയപ്രേരിതമാണ്. യുവാവിന്റെ മരണത്തിലുള്ള സംശയങ്ങൾ പൂർണമായും ഇല്ലാതാകുംവരെയും പാർട്ടി, കുടുംബത്തിനും നാട്ടുകാർക്കുമൊപ്പം ഉണ്ടാകുമെന്നും ഏരിയ സെക്രട്ടറി ടി. രാധ ഗോപി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഏരിയ സെക്രട്ടറി ടി. രാധ ഗോപി, ഏരിയ കമ്മിറ്റി അംഗം എം. സമീഷ് എന്നിവർ ജിഷ്ണുവിന്റെ വീട്ടിലും മെഡിക്കൽ കോളജിലുമെത്തി ബന്ധുക്കളെ കണ്ട് അനുശോചനമറിയിച്ചു. ഏരിയ കമ്മിറ്റി അംഗം എം. ഗോപാലകൃഷ്ണൻ, ചെറുവണ്ണൂർ ലോക്കൽ സെക്രട്ടറി കെ. ശിവദാസൻ, ലോക്കൽ കമ്മിറ്റി അംഗം കെ. സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് ബന്ധുക്കൾ മെഡിക്കൽ കോളജിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.