കാസർകോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം തയാറായിട്ടും കോടതിയിൽ സമർപ്പിക്കാൻ വൈകുന്നു. കുറ്റപത്രം തയാറാക്കി ആഴ്ചകൾ പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതിയും കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കേസ് അകാരണമായി വൈകിപ്പിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് ക്രൈംബ്രാഞ്ച് നടപടി. മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നൽകി പത്രിക പിൻവലിപ്പിച്ചെന്നാണ് കേസ്. കെ. സുരേന്ദ്രനുപുറമെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്, ബി.ജെ.പി കാസർകോട് ജില്ല മുൻ പ്രസിഡന്‍റ് കെ. ബാലകൃഷ്ണ ഷെട്ടി, മറ്റ് ഭാരവാഹികളായ സുരേഷ് നായ്ക്, കെ. മണികണ്ഠ റൈ, ലോകേഷ് ലോഡ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം തയാറാക്കിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്നും നിർബന്ധിപ്പിച്ച് ഒപ്പിടുവിപ്പിച്ചെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടെങ്കിലും പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയെന്നാണ് സൂചന. സുന്ദര പട്ടികജാതി വിഭാഗത്തിൽപെട്ടയാളായിട്ടും പട്ടികവർഗ പീഡന നിയമപ്രകാരം കൂടി കേസെടുക്കണമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ നിർദേശിച്ചെങ്കിലും അംഗീകരിച്ചില്ല. കോഴക്കേസിൽ കഴിഞ്ഞവർഷം സെപ്റ്റംബർ 16നാണ് ക്രൈംബ്രാഞ്ച് കെ. സുരേന്ദ്രനെ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പ് വേളയിൽ ഇദ്ദേഹം ഉപയോഗിച്ച മൊബൈൽ ഫോൺ നൽകാൻ പിന്നീട് ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയിരുന്നില്ല. പത്രിക പിൻവലിക്കാൻ കോഴയായി ലഭിച്ച പണവും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. കഴിഞ്ഞവർഷം ജൂണിലാണ് കോഴ സംബന്ധിച്ച് സുന്ദര മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി.വി. രമേശൻ നൽകിയ ഹരജിയിൽ കോടതി അനുമതിയോടെയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.