ലക്ഷദ്വീപിലെ മാസ്; റമദാനിൽ പ്രിയം

(റമദാൻ വിശേഷം) ബേപ്പൂർ: റമദാനിൽ നോമ്പുതുറക്ക് നേരിയ പത്തിരിക്കൊപ്പം കറിയിൽ ചേർക്കുന്നതിനും അത്താഴത്തിന് ചമ്മന്തിയുണ്ടാക്കുന്നതിനും ലക്ഷദ്വീപിൽനിന്നുള്ള മാസിന് പ്രിയമേറി. ചൂര (ട്യൂണ) മീൻ പാകപ്പെടുത്തി ഉണക്കിയെടുക്കുന്നതാണ് മാസ്. ദ്വീപിൽനിന്നുള്ള മാസ് ബേപ്പൂരിലെ പലചരക്കുകടകളിൽ എപ്പോഴും ലഭ്യമാണ്. മാസിട്ട് അരച്ച തേങ്ങാച്ചമ്മന്തി അത്താഴത്തിന് വീട്ടിലെ മുതിർന്നവർക്ക് പ്രധാന ഇനം തന്നെയാണ്. ഉരുവിലും ബാർജുകളിലും കയറ്റിയാണ് ബേപ്പൂർ തുറമുഖത്ത് മാസ് എത്തുന്നത്. ദ്വീപുകളിൽനിന്നെത്തുന്ന മാസ് ഇനത്തിൽ, മിനിക്കോയ് ദ്വീപിൽ നിന്നുള്ളതിനാണ് ആവശ്യക്കാർ കൂടുതലുള്ളത്. ദ്വീപുകാർ വിശേഷ വസ്തുവായി, വൻകരയിലുള്ള സുഹൃത്തുക്കൾക്ക് സ്നേഹസമ്മാനമായി അയച്ചുകൊടുക്കുന്നതിൽ മുഖ്യസ്ഥാനമാണ് മാസിന്. ദ്വീപിൽനിന്ന് പഠനത്തിനും ജോലിക്കും മറ്റുമായി കരയിൽ എത്തുന്നവരും മാസ് കൊണ്ടുവരും. ഏറക്കാലം കേടുകൂടാതെ നിൽക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഭക്ഷണത്തിന് ഏറെ രുചി പകരുന്നതാണെങ്കിലും വിലക്കൂടുതൽ കാരണം സാധാരണക്കാരെ വേണ്ടത്ര ആകർഷിക്കുന്നില്ല. നല്ലയിനത്തിന് കിലോക്ക് 800 രൂപയാണ് വില. ഡ്രൈ ഫ്രൂട്ട്സ് പോലെ ഭരണികളിൽ സൂക്ഷിച്ചാണ് മാസ് കടയിൽ വിൽപന നടത്തുന്നത്. നോമ്പുകാലമായാൽ കടയുടെ മുന്നിൽ കയറിൽ കോർത്ത് കെട്ടിത്തൂക്കിയാണ് കച്ചവടം. പല വിദേശരാജ്യങ്ങളിലേക്കും മാസ് കയറ്റിപ്പോകുന്നുണ്ട്. പ്രധാനമായും സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി. അവിടെ മാസ് ചേർത്തുള്ള വിവിധ തരം വിഭവങ്ങൾ ഭക്ഷണത്തിൽ സാധാരണയാണ്. ബേപ്പൂർ തുറമുഖത്ത് ചാക്കുകളിൽ നിറച്ചെത്തിക്കുന്ന ടൺകണക്കിന് മാസ്, ലോറിയിൽ കയറ്റി തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ ഗോഡൗണുകളിൽ എത്തിക്കും. അവിടെ നിന്നാണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നത്. ദ്വീപ് നിവാസികളുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായ മാസ് കുടിൽ വ്യവസായമായിട്ടാണ് പാകപ്പെടുത്തിയെടുക്കുന്നത്. മാസിനുള്ള ചൂരമത്സ്യത്തെ പിടിക്കാൻ വൈദഗ്ധ്യം നേടിയ മീൻപിടിത്ത തൊഴിലാളികൾ ലക്ഷദ്വീപിൽ ധാരാളമുണ്ട്. വലിയ ചൂരമീനുകളെ നടുവിലൂടെ പിളർന്ന് തലയും കുടലും മുള്ളും നീക്കിയെടുക്കും. തുടർന്ന്, കടൽജലവും ശുദ്ധജലവും ചേർത്തുതിളപ്പിച്ച് പുഴുങ്ങും. ശേഷം 4-5 മണിക്കൂർവരെ പുകകൊള്ളിച്ച് രണ്ടായി മുറിച്ച് ഒരാഴ്ചയിലേറെ നല്ല വെയിലിൽ ഉണക്കും. ഇരുണ്ട തവിട്ടുനിറമുള്ള മരത്തടിയെന്ന് തോന്നുന്നത്ര ഉണങ്ങിക്കഴിയുന്നതോടെ മാസ് ഉപയോഗിക്കുന്നതിന് പാകമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.