ടാറ്റ ആശുപത്രി: രണ്ടു വർഷം കഴിഞ്ഞിട്ടും വഖഫിനു പകരം​ ഭൂമി നൽകിയില്ല

കാസർകോട്​: ടാറ്റാ കോവിഡ്​ ആശുപത്രിക്ക്​ വഖഫ്​ നൽകിയ ഭൂമിക്ക്​ പകരം ഭൂമി നൽകാനുണ്ടാക്കിയ കരാർ രണ്ടു വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല. ചട്ടഞ്ചാൽ തെക്കിലിൽ ഇസ്​ലാമിക്​ കോംപ്ലക്​സിന്‍റെ അധീനതയിലുണ്ടായ 4.12 ഭൂമി ടാറ്റാ ആശുപത്രിക്ക്​ വിട്ടുനൽകിയത്​ 2020 ഏപ്രിൽ 17നാണ്​. അന്നത്തെ കാസർകോട്​ ജില്ല കലക്ടർ ഡോ. ഡി. സജിത് ​ബാബുവും മലബാർ ഇസ്​ലാമിക ​കോംപ്ലക്സ് (എം.ഐ.സി)​ പ്രസിഡന്‍റ്​ ജിഫ്രി മുത്തുകോയ തങ്ങളും തമ്മിലുണ്ടാക്കിയതാണ്​ കരാർ. ടാറ്റ കോവിഡ്​ ആശുപത്രിക്ക്​ വിട്ടുനൽകിയ അത്രയും ഭൂമി എം.ഐ.സി(വഖഫിനു)ക്ക്​ വിട്ടുകൊടുക്കുമെന്നാണ്​ കലക്ടറുണ്ടാക്കിയ കരാർ. എന്നാൽ, ഇത്തരമൊരു കരാർ കലക്ടർക്കുണ്ടാക്കാൻ അധികാരമില്ല എന്ന്​ റവന്യൂ അധികൃതർ വ്യക്തമാക്കിയതോടെ കരാർ നടപ്പാക്കാനായില്ല. 50 സെന്‍റു ഭൂമി മാത്രമാണ്​ കലക്ടർക്ക്​ പതിച്ചുനൽകാൻ അധികാരമുള്ളത്​. കരാറുണ്ടാക്കാൻ കലക്ടർക്ക്​ സർക്കാർ അനുമതിയുമുണ്ടായിരുന്നില്ല. അതേസമയം, വഖഫ്​ ബോർഡ്​ ടാറ്റ ആശുപത്രിക്ക്​ ഭൂമി വിട്ടുനൽകിയത്​ 1958ലെ റിലിംക്വിഷ്​മെന്‍റ്​ ആക്ട്​ പ്രകാരമാണ്. ഈ നടപടി ക്രമത്തിൽ 'പകരം ഭൂമി' പരാമർശിച്ചിട്ടുണ്ട്​ എങ്കിലും കേരള ഭൂനിയമത്തിൽ പകരം ഭൂമി നൽകുന്ന നടപടിക്രമമില്ല എന്ന്​ റവന്യൂ വൃത്തങ്ങൾ വ്യക്തമാക്കി. കരാറുണ്ടാക്കിയ മുൻ കലക്ടർ സജിത്​ബാബു കരാർ രേഖ റവന്യു വകുപ്പിലേക്ക്​ അയച്ചുവെങ്കിലും അത്​ തിരിച്ചയച്ചു. തുടർന്ന്​ വഖഫ്​ ഭൂമിയുടെ ഉടമകളായ എം.ഐ.സി ഭാരവാഹികൾ മുഖ്യമന്ത്രിയെ നേരിട്ട്​ കണ്ട്​ പകരം ഭൂമിയുടെ കാര്യം അവതരിപ്പിച്ചു. നടപടിയെടുക്കാമെന്ന്​ മുഖ്യമന്ത്രിയും അറിയിച്ചു. എന്നാൽ, ഇതുവരെ നടപടിക്രമങ്ങൾ മുന്നോട്ടുപോയില്ല. കലക്ടറുണ്ടാക്കിയ കരാറിനു റവന്യുവകുപ്പിന്​ ഉത്തരവാദിത്തമില്ലെന്ന നിലപാടാണ്​ റവന്യൂ ഉന്നത ഉദ്യോഗസ്ഥർക്ക്​. 'വഖഫ്​ മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട്​ സംസാരിച്ചിരുന്നു. പകരം ഭൂമി ലഭ്യമാക്കുമെന്നാണ്​ പറഞ്ഞിരുന്നതെങ്കിലും നടപടിയായില്ല. പെരുന്നാളിനു ശേഷം ഭൂമി പകരം ലഭിക്കാൻ സമരമാർഗങ്ങൾ ആലോചിക്കുമെന്ന്​ എം.ഐ.സി സെക്രട്ടറി ടി.ഡി. കബീർ പ്രതികരിച്ചു. കോവിഡ്​ രോഗികൾക്കും കോവിഡാനന്തരം മികച്ച ചികിത്സാ കേന്ദ്രമാക്കുമെന്നും പറഞ്ഞ്​ തുടങ്ങിയ ആശുപത്രി ഇപ്പോൾ അനാഥമായിരിക്കുകയാണ്​. രവീന്ദ്രൻ രാവണേശ്വരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.