നീർത്തടം നികത്തൽ : തിരുവമ്പാടിയിൽ വിജിലൻസ് പരിശോധന * ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫിസുകളിൽ രേഖകൾ പരിശോധിച്ചു

തിരുവമ്പാടി: ടൗണിന് സമീപത്തെ റീസർവേ 78ലെ നീർത്തടം നികത്തിയതിനെതിരെ ആർ.ഡി.ഒ .ഉത്തരവ് നിലനിൽക്കെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫിസുകളിൽ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ അധികൃതർ പരിശോധന നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ തുടങ്ങിയ പരിശോധന വൈകീട്ട് വരെ നീണ്ടു. ഇരു ഓഫിസുകളിൽനിന്നും റീസർവേ 78ലെ നീർത്തടം സംബന്ധിച്ച രേഖകൾ വിജിലൻസ് സംഘം ശേഖരിച്ചു. 2008ലെ നീർത്തട സംരക്ഷണ നിയമം നിലവിലിരിക്കെയാണ് തിരുവമ്പാടി ബസ് സ്റ്റാൻഡിന് പിറകിലെ റീസർവേ 78ൽ ഉൾപ്പെട്ട നീർത്തടം നികത്തിയതെന്ന് നേരത്തേ പരാതിയുയർന്നിരുന്നു. 2019ൽ നീർത്തടം നികത്തിയ മണ്ണ് എടുത്തുമാറ്റാൻ ആർ.ഡി.ഒ ഉത്തരവിട്ടിരുന്നു. ഇതേ സ്ഥലത്തെ പാചക വാതക ഗോഡൗൺ അടച്ചുപൂട്ടാനും ഉത്തരവുണ്ടായിരുന്നു. എന്നാൽ, മൂന്നുവർഷം കഴിഞ്ഞിട്ടും ആർ.ഡി.ഒ ഉത്തരവ് ബന്ധപ്പെട്ട തഹസിൽദാർ നടപ്പാക്കിയില്ലെന്ന് പരാതിയുയർന്നു. ഇതു സംബന്ധിച്ച് 2022 ജനുവരിയിൽ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് വിജിലൻസ് സംഘം തിരുവമ്പാടിയിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.