നീതിനിഷേധം റദ്ദുചെയ്ത്​ സുപ്രീംകോടതി

നീതിനിഷേധം റദ്ദുചെയ്ത്​ സുപ്രീംകോടതി കഴിഞ്ഞ വർഷം ഒക്​ടോബർ മൂന്നിന്​ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകസമരക്കാർക്കിടയിലേക്ക്​ വാഹനം ഓടിച്ചുകയറ്റി നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെടാനിടയായ സംഭവത്തിന്​ ഉത്തരവാദിയായ ആശിഷ്​ മിശ്രക്ക്​ അലഹബാദ്​ ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി തിങ്കളാഴ്ച റദ്ദാക്കി. കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ മകനായ ആശിഷിനോട്​ ഒരാഴ്ചക്കുള്ളിൽ കീഴടങ്ങാൻ ചീഫ്​ ജസ്റ്റിസ്​ എൻ.വി. രമണ, ജസ്​റ്റിസ്​ സൂര്യകാന്ത്​, ജസ്റ്റിസ്​ ഹിമ കോഹ്​ലി എന്നിവരടങ്ങിയ ബെഞ്ച്​ ആവശ്യപ്പെട്ടിരിക്കുന്നു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച പ്ര​ത്യേക ഹരജിയിലാണ്​ കോടതിയുടെ വിധി. ഇരകളുടെ വാദം കേട്ട ശേഷം മിശ്രക്ക്​ ജാമ്യം നൽകാമോ ഇല്ലേ എന്നു പരിശോധിക്കാനായി വിഷയം ഹൈകോടതിയുടെ പരിഗണനക്കായി കോടതി തിരിച്ചയച്ചു. ലഖിംപുർ ഖേരിയിലെ കർഷകപ്രക്ഷോഭത്തിനിടയിലേക്ക്​ മന്ത്രിപുത്രനടക്കമുള്ളവർ മൂന്ന്​ എസ്​.യു.വി വാഹനങ്ങളിലായി ഇരച്ചുകയറി ആളെ കൊന്നു എന്നാണ്​ കേസ്​. അഞ്ചുപേർ കൊല്ലപ്പെട്ട സംഭവ​ത്തെ തുടർന്ന്​ കർഷകർ അക്രമാസക്തരാവുകയും മന്ത്രിപുത്രന്‍റെ ഡ്രൈവറും രണ്ടു ബി​.ജെ.പി പ്രവർത്തകരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ലഖിംപുർ സംഭവത്തിൽ ലഭിച്ച നിരവധി പരാതികളുടെ വെളിച്ചത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി 2021 നവംബർ 17ന്​ പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. പഞ്ചാബ്​-ഹരിയാന ​ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ്​ രാകേഷ് കുമാറിനെ മേൽനോട്ടത്തിനും നിയോഗിച്ചു. അങ്ങനെയിരിക്കെയാണ്​ ​ഫെബ്രുവരി 10ന്​ അലഹബാദ്​ ഹൈകോടതിയുടെ ലഖ്​നോ ബെഞ്ച്​ ആശിഷിന്​ ജാമ്യം നൽകിയത്​. ഡ്രൈവ​ർക്ക്​ വാഹനമോടിച്ചുകയറ്റാൻ നിർദേശം നൽകിയെന്ന നിലയിലാണ്​​ ആശിഷ്​ പ്രതിയായതെന്നും ഡ്രൈവറും രണ്ടു യാത്രികരും കൊല്ലപ്പെട്ടെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. ഈ​ കൊലപാതകവും കാണാതിരിക്കാനാവില്ലെന്നും ഡ്രൈവർ സ്വയംരക്ഷക്കായി വാഹനത്തിന്‍റെ വേഗം കൂട്ടിയതാവാമെന്നുമുള്ള നിഗമനത്തിലായിരുന്നു കോടതി. എന്നാൽ, ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പരാതിക്കാരായ തങ്ങളെ കേട്ടില്ലെന്ന പരാതിയുമായി കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഓൺലൈനായി നടന്ന ഹിയറിങ്ങിൽ സാ​ങ്കേതിക​പ്രശ്നങ്ങൾ കാരണം തങ്ങൾക്കു പ​ങ്കെടുക്കാനായില്ലെന്നും വീണ്ടും തങ്ങളുടെ വാദം കേൾക്കാൻ അപേക്ഷിച്ചെങ്കിലും ഹൈകോടതി ചെവിക്കൊണ്ടില്ല എന്നും പരാതിയിൽ പറഞ്ഞു. കേന്ദ്രമന്ത്രി പുത്രന്‍റെ ജാമ്യം റദ്ദാക്കിയ വിധിപ്രസ്താവത്തിൽ ജനാധിപത്യക്രമത്തിലെ നീതിനിഷേധത്തെ രൂക്ഷമായി വിമർശിക്കുകയും നീതിപാലനത്തിൽ എല്ലാവർക്കും തുല്യപരിഗണന നൽകാൻ നിർദേശിക്കുകയും ചെയ്തിരിക്കുന്നു. കീഴ്​കോടതിയുടെ വീഴ്​ച ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി അതേ ന്യായാധിപർതന്നെ വിധി പുനഃപരിശോധിച്ച്​ തെറ്റുതിരുത്തട്ടെ എന്നാണ്​ ഉത്തരവിട്ടിരിക്കുന്നത്​. പ്രതിക്ക്​ ജാമ്യം നൽകാനുള്ള ഹൈകോടതിയുടെ തീരുമാനത്തെ വിമർശിച്ചു പരമോന്നത നീതിപീഠം നടത്തിയ നിരീക്ഷണങ്ങൾ നമ്മുടെ നീതിന്യായസംവിധാനത്തിന്‍റെ പുഴുക്കുത്തുകളിലേക്ക്​ വിരൽചൂണ്ടുന്നുണ്ട്​. കുറ്റപത്രമുണ്ടായിരിക്കെ എഫ്​.ഐ.ആറിനെ അവലംബിച്ച കീഴ്​കോടതി ​അപ്രസക്തമായ കാര്യങ്ങൾ പരിഗണിച്ചും കീഴ്വഴക്കങ്ങൾ ലംഘിച്ചും അനാവശ്യ ധിറുതി കാണിച്ചുവെന്നാണ്​ ​സുപ്രീംകോടതി പറയുന്നത്​. ഒരു കേസിൽ എഫ്​.ഐ.ആർ സർവവിജ്ഞാനകോശം എന്ന നിലയിൽ പരിഗണിക്കേണ്ടതല്ലെന്നും കോടതി കേസിന്‍റെ നടപടിക്രമങ്ങളിലുടനീളം ഇര​കളെ കേൾക്കണമെന്ന അവകാശം ഈ കേസിൽ ലംഘിക്കപ്പെട്ടു​വെന്നും കോടതി ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിന്‍റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരായിരുന്നു കർഷകരുടെ സമരം. നേരത്തേ പൗരത്വസമരത്തി​ലെന്ന പോലെ കർഷകസമരവും പൊളിക്കാനായി അനാവശ്യപ്രകോപനങ്ങളുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തുവന്നിരുന്നു. ലഖിംപുർ ഖേരിയിൽ സംഭവിച്ചതും അതുതന്നെ. കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ്​ ആണ്​ അവിടെ പ്രകോപനത്തിനു നേതൃത്വം നൽകിയത്​. സംഭവത്തിൽ എട്ടുപേർക്ക്​ ജീവൻ നഷ്ടമായി. എന്നാൽ, ആശിഷിന്‍റെ മന്ത്രിവിലാസവും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്​ ബി.ജെ.പിയായതും അയാൾക്ക്​ കവചമായിത്തീരുമെന്ന്​ അന്നേ ധാരണ പരന്നിരുന്നു​. മന്ത്രിപുത്രന്‍റെ കൈകഴുകിക്കാനുള്ള ശ്രമമാണ്​ ആദ്യം സംസ്ഥാന സർക്കാറും ബി.ജെ.പി നേതാക്കളും ശ്രമിച്ചത്​. കർഷകർ വിട്ടുകൊടുക്കില്ലെന്നുറപ്പായപ്പോൾ ഏറെ അമാന്തിച്ച ശേഷമായിരുന്നു അയാളുടെ അറസ്റ്റ്​ നടന്നതുതന്നെ. തുടർന്ന്​ തടവിലും കേസിലുമൊക്കെ മുന്തിയ വി.ഐ.പി പരിഗണനയും ലഭിച്ചു. കഴിഞ്ഞ ഏപ്രിൽ നാലിന്​ കേസ്​ പരിഗണിക്കുന്നതിനിടെ, ആശിഷിന്‍റെ ജാമ്യത്തിനെതിരെ യു.പി ഗവൺ​മെന്‍റ്​ നിലപാട്​ സ്വീകരിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, യോഗി ഗവൺമെന്‍റ്​ തയാറായില്ല. ജാമ്യം കൊടുത്തെന്നു കരുതി പ്രതി രക്ഷപ്പെടില്ലെന്നും സാക്ഷികളെ സ്വാധീനിക്കു​മെന്ന ഭീഷണിയില്ലെന്നുമായിരുന്നു അവരുടെ നിലപാട്​. ഉന്നതകോടതി നിയമിച്ച ​പ്രത്യേകാന്വേഷണസംഘത്തിന്‍റെ ഈ നിലക്കുള്ള നിരീക്ഷണങ്ങൾ അടിസ്ഥാനരഹിതമായ മുൻവിധികളാണെന്നായിരുന്നു യോഗിസർക്കാറിന്‍റെ വാദം. ഇതിൽനിന്നുതന്നെ കേസിന്‍റെ ഗതിയെന്താവുമെന്ന്​ സംഭവഗതി പിന്തുടരുന്നയാർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അതറിഞ്ഞു തന്നെയാണ്​ സുപ്രീംകോടതി വിഷയം ഗൗരവത്തിലെടുത്തതും ജാമ്യം റദ്ദാക്കി, ​കേസ്​ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടതും. ഭരണത്തിന്‍റെയും രാഷ്ട്രീയ സംഘബലത്തിന്‍റെയും തിണ്ണബലത്തിൽ നീതിന്യായസംവിധാനം പോലും ദുരുപയോഗം ചെയ്യാനും അട്ടിമറിക്കാനുമുള്ള അഹന്തക്കെതിരായ കനത്ത പ്രഹരമാണ്​ സുപ്രീംകോടതിയുടെ വിധി. തങ്ങളല്ലാത്ത ആരെയും പൊറുപ്പിക്കാത്ത ഫാഷിസ്റ്റ്​ കക്ഷികളുടെയും ഭരണകൂടങ്ങളുടെയും അതിക്രമത്തിനിരയായി ഒച്ചയമർത്തപ്പെടുന്ന സാധാരണക്കാർക്കു നീതിന്യായക്രമത്തിലുള്ള വിശ്വാസം വീണ്ടെടുക്കാനും നിയമപോരാട്ടത്തിന്​ മുന്നിട്ടിറങ്ങാനും ഈ വിധി ആവേശം നൽകും, തീർച്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.