മുക്കം ബാങ്ക് കോൺഗ്രസ് മുന്നണി മര്യാദ പാലിക്കണമെന്ന് ലീഗ്

മുക്കം: മുക്കം സഹകരണ ബാങ്ക് പ്രസിഡൻറ് പദവി സംബന്ധിച്ച് കോൺഗ്രസ് മുന്നണി മര്യാദയും തീരുമാനങ്ങളും പാലിക്കണമെന്ന് ബാങ്ക് പ്രസിഡൻറും മുസ്‍ലിം ലീഗ് ഡയറക്ടർമാരും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുന്നണി ധാരണ പ്രകാരം 28 മാസം കോൺഗ്രസിനും 32 മാസം ലീഗിനുമായിരുന്നു പ്രസിഡൻറ് പദവി. ലീഗിന് പ്രസിഡൻറ് പദവി ലഭിക്കേണ്ട സമയം എത്തിയെങ്കിലും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ഭരണവും കേസ് നടപടികളും തീരുന്നത് വരെ ലീഗ് കാത്തിരിക്കുകയായിരുന്നു. പ്രശ്നങ്ങൾ തീർന്ന ശേഷമാണ് പ്രസിഡന്റ് പദവി ആവശ്യപ്പെട്ടതും ഇപ്പോൾ ലഭിച്ചതും. എന്നാൽ, മുന്നണി ധാരണ പ്രകാരം ലീഗിന് വോട്ടു ചെയ്ത അംഗങ്ങളെ പുറത്താക്കിയതും പ്രഥമ ബോർഡ് യോഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അലങ്കോലമാക്കിയതും മുന്നണി ബന്ധത്തിന് യോജിച്ചതല്ല. കോൺഗ്രസ് ജില്ലാ പ്രസിഡൻറ് തന്നെ ലീഗിന് വോട്ടു ചെയ്യരുതെന്ന് നിർദേശം നൽകിയത് പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. വിഷയം സംസ്ഥാന - ജില്ല നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഉചിതമായ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. ബാങ്ക് പ്രസിഡൻറ് പി.ടി. ഷറഫുദ്ധീൻ, ഡയറക്ടർമാരായ എ.എം. അബ്ദുല്ല, യു.പി. നൗഷാദ്, മുനീർ മുത്താലം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.