വേനൽമഴയും കനാൽ ചോർച്ചയും; ആവളപാണ്ടിയിൽ നെൽകൃഷി നശിക്കുന്നു

പേരാമ്പ്ര: ശക്തമായ വേനൽമഴയും അമിതമായ കനാൽജല പ്രവാഹവുംമൂലം നെൽകൃഷി നശിക്കുന്നു. ആവളപാണ്ടിയിലെ മാടത്തൂർതാഴ ഭാഗത്തെ കൊയ്യാൻ പാകമായ 100 ഏക്കറോളം നെൽകൃഷിയാണ് വെള്ളം കയറി നശിക്കുന്നത്. വിളഞ്ഞുനിൽക്കുന്ന നെൽപാടത്ത് വെള്ളം നിന്നാൽ കതിരുകൾ വെള്ളത്തിൽ വീണ് നശിക്കുമെന്ന് കർഷകർ പറയുന്നു. ​വയലിൽ വെള്ളം നിറഞ്ഞതിനാൽ യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്തെടുക്കാനും കഴിയില്ല. തൊഴിലാളികളെ ഉപയോഗിച്ച് നെല്ല് കൊയ്താൽ കർഷകർക്ക് കനത്ത നഷ്ടമാണുണ്ടാവുക. പ്രധാന കനാലിലെ ചോർച്ചമൂലം വയലിലൂടെയാണ് ഇവിടേക്ക് കനാൽജലം അമിതമായി എത്തുന്നത്. കുറച്ച് സ്ഥലങ്ങളിൽ കനാൽ നികത്തി റോഡാക്കിയതും കനാൽവെള്ളം​ വയലിലൂടെ ഒഴുകാൻ കാരണമായി. ജില്ലയിലെ ​ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ ആവളപാണ്ടിയിൽ കുറ്റ്യോട്ട്നടക്കും കാരയിൽനടക്കും ഇടയിൽ കുറച്ച് സ്ഥലത്ത് മാത്രമാണ് നിലവിൽ നെൽകൃഷിയുള്ളത്. അശാസ്ത്രീയമായ തോട് നിർമാണവും വയലിന് മധ്യത്തിലൂടെ ഗെയിൽ പൈപ്പ് ലൈൻ വന്നതുംമൂലം ആയിരക്കണക്കിന് ഏക്കർ നിലം കൃഷിചെയ്യാതെ തരിശിട്ടിരിക്കുകയാണ്. ബാങ്കിൽനിന്ന് വായ്പയെടുത്തും പലരിൽനിന്നും കടംവാങ്ങിയുമാണ് കർഷകർ കൃഷിചെയ്യുന്നത്. കനാൽ താൽക്കാലികമായെങ്കിലും അടച്ച് കർഷകർക്ക് നെല്ല് കൊയ്തെടുക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് മാടത്തൂർതാഴ പാടശേഖര സമിതി സെക്രട്ടറി അബ്ദുസ്സലാം കൊമ്മിണിയോട്ടുമ്മൽ ആവശ്യപ്പെട്ടു. Photo: ആവളപാണ്ടിയിൽ വെള്ളം നിറഞ്ഞ വയലിൽനിന്ന് തൊഴിലാളികൾ നെല്ല് കൊയ്തെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.