നിശ്ശബ്​ദമായൊഴുകുന്ന സമ്മാനപ്പൊതികൾ

കോഴിക്കോട്​: നിശ്ശബദ സേവനത്തിന്‍റെ പ്രതീകമായി പുണ്യമാസത്തിൽ ഭക്ഷ്യക്കിറ്റ്​ വിതരണം സജീവം. പ്രയാസങ്ങൾ അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുകയാണ്​ റമദാൻ മാസത്തിൽ സന്നദ്ധസംഘടനകളും വാട്​സ്ആപ്​ കൂട്ടായ്മകളും. ദരിദ്രരുടെ ഗണത്തിൽപെടാത്ത അനവധി പേർ കിറ്റിന്​ അർഹരാണ്​ എന്നതാണ്​ പുതിയ കാലത്തെ പ്രത്യേകത. കോവിഡാനന്തര ​പ്രതിസന്ധി, ഗൾഫ്​ പ്രതിസന്ധി തുടങ്ങിയവ മൂലം നിരവധി പേരാണ്​ പ്രയാസങ്ങൾ അനുഭവിക്കുന്നത്​. എല്ലാത്തിനുമുപരിയാണ്​ വിലക്കയറ്റ ഭീഷണി. അത്തരക്കാരുടെ നേരെ ആരും കാണാതെ നീളുകയാണ്​ മാനുഷികസ്​നേഹത്തിന്‍റെ കരങ്ങൾ. നാനാമേഖലകളിൽനിന്നും ദരിദ്രർക്ക്​ സഹായം ലഭിക്കുമെങ്കിലും ഇടത്തരം ജീവിതം നയിക്കുന്നതിനിടയിൽ പ്രതിസന്ധിയിൽപെട്ടുപോയവരുടെ അവസ്ഥകൾ കണ്ടറിഞ്ഞ്​ സഹായിക്കുകയാണ്​ സന്നദ്ധസംഘടനകൾ. ഓരോ റമദാൻ മാസവും ലക്ഷക്കണക്കിന്​ കിറ്റുകളാണ്​ കോഴിക്കോട്​ ജില്ലയിൽ വിതരണം ചെയ്യുന്നത്​. മറ്റ്​ സേവനങ്ങൾ സംഘടനകൾ പരസ്യപ്പെടുത്തുമെങ്കിലും ഇത്തരം സേവനങ്ങൾ പലപ്പോഴും നിശ്ശബ്​ദമാണ്​. ശരാശരി ആയിരം രൂപ മൂല്യമുള്ള ഭക്ഷ്യകിറ്റുകളാണ് നൽ​കുന്നത്​. മതമോ ജാതിയോ രാഷ്ട്രീയമോ പരിഗണിക്കാതെയാണ്​ സമ്മാനപ്പൊതികളായി കിറ്റുകൾ വീടുകളിലെത്തുന്നത്​. പരമ്പരാഗത സംഘടനകൾക്ക്​ പുറമെ വാടസ്​ആപ്​ ഗ്രൂപുകളും ഈ മേഖലയിലേക്കിറങ്ങിയതോടെ വലിയതോതിലാണ്​ കിറ്റ്​ വിതരണം നടക്കുന്നത്​. പുതിയ തലമുറയും ഇതിലെല്ലാം സജീവമാണ്​. ഓൺലൈൻ പണമിടപാടുകൾ വ്യാപകമായതോടെ ഇതിനുള്ള ഫണ്ട്​ ശേഖരണവും സംഘടനകൾക്ക്​ എളുപ്പമായി. പണ്ടത്തെപ്പോലെ പിരിവിനിറങ്ങി പണം ശേഖരിക്കേണ്ടതില്ല. വിപണിയിലും ഇതിനായി പ്രത്യേക പാക്കേജുകളുണ്ട്​. ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ഇത്തരം റെഡിമെയ്​ഡ്​ കിറ്റുകൾതന്നെ ലഭ്യമാണ്​. പ്രത്യേക പാക്കേജായാണ്​ ഇവ ഒരുക്കുന്നത്​. അവശ്യ ഭക്ഷ്യ വസ്തുക്കളാണ്​ ഇതിൽ ഉൾപെടുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.