ബേപ്പൂരിനെ സാർവ ദേശീയ മാതൃകയാക്കും- മന്ത്രി

ഫറോക്ക്: ബേപ്പൂരിനെ ജനപങ്കാളിത്ത വിനോദ സഞ്ചാര പ്രവർത്തനങ്ങളുടെ സാർവ ദേശീയ മാതൃകയായി മാറ്റുകയാണ് ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസനപദ്ധതിയുടെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജനകീയമായി തയാറാക്കിയ ഉത്തരവാദിത്ത ടൂറിസം റിസോഴ്സ് ഡയറക്ടറി ഇ-ബുക്കിന്റെയും ഇ -ബ്രോഷറിന്റെയും ടൂറിസം മിഷൻ പാക്കേജുകളുടെ ഇംഗ്ലീഷ്,മലയാളം, ഹിന്ദി ഭാഷകളിലുള്ള പ്രചാരണ വിഡിയോകളുടെയും പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി 312 സംരംഭകർക്ക് ചെറുതും വലുതുമായ വിവിധ ഉൽപന്ന നിർമാണ പരിശീലനങ്ങളും തൊഴിൽ പരിശീലനങ്ങളും പൂർത്തിയാക്കി. ഈ സാമ്പത്തിക വർഷവും പരിശീലനം തുടരും. പദ്ധതിയുടെ ഭാഗമായി ആയിരം പേർക്ക് വിവിധ ഇനങ്ങളിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. വേൾഡ് ട്രാവൽ മാർട്ട് അവാർഡ് ജൂറി ചെയർമാനായ ഡോ. ഹരോൾഡ് ഗുഡ് വിൻ സെപ്റ്റംബറിൽ ബേപ്പൂർ സന്ദർശിക്കും. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട നിരവധി അക്കാദമിഷ്യൻമാരും ബ്ലോഗർമാരും അദ്ദേഹത്തോടൊപ്പം ബേപ്പൂരിലെത്തുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, കോഴിക്കോട് കോർപറേഷൻ സ്ഥിരം സമിതി ചെയർമാൻ പി.സി. രാജൻ, ബേപ്പൂർ മണ്ഡലം വികസന മിഷൻ പ്രതിനിധി എം. ഗിരീഷ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.