അരിക്കുളം എൽ.പി സ്കൂൾ കെട്ടിടത്തിന്റെ ശോച്യാവസ്ഥ ; വിദ്യാഭ്യാസ വകുപ്പ് ഇടപെടണം

മേപ്പയ്യൂർ: അരിക്കുളം എൽ.പി സ്കൂൾ കെട്ടിടം സുരക്ഷിതമല്ലാത്തതിനെ തുടർന്ന് സമീപത്തെ ഗ്രന്ഥശാലയിലേക്ക് പ്രവർത്തനം മാറ്റി. സ്‌കൂളിന് സുരക്ഷിതമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനു സാഹചര്യമൊരുക്കാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് അരിക്കുളത്തു ചേർന്ന ബഹുജന കൺവെൻഷൻ ആവശ്യപ്പെട്ടു. മാർച്ച് 31വരെ സ്കൂൾ പ്രവർത്തനത്തിന് ഗ്രന്ഥശാല വിട്ടു കൊടുത്തിട്ടുള്ളൂ. സ്കൂളിന്റെ സ്വന്തം കെട്ടിടം സുരക്ഷിതമാക്കുന്ന കാര്യത്തിൽ സ്ഥിരമായി മാനേജ്മെന്റ് അലംഭാവം കാണിക്കുകയാണ്. സ്കൂൾ അപകടാവസ്ഥയിലാണെന്ന് പ്രചരിപ്പിക്കുന്നു എന്നും മറ്റും അടിസ്ഥാന രഹിതമായി ആരോപിച്ച് പ്രധാന അധ്യാപകനെ മാനേജർ സസ്‌പെൻഡ് ചെയ്തു. ആരോപണത്തിൽ കഴമ്പില്ലെന്നു കണ്ട് പിന്നീട് സസ്പെൻഷൻ റദ്ദാക്കാൻ എ.ഇ.ഒ ഉത്തരവിട്ടിരുന്നു.എന്നാൽ, മാനേജ്മെന്റ് അനുസരിക്കാൻ തയാറായിട്ടില്ല. സ്കൂൾ ഇല്ലാതാക്കാനുള്ള ഗൂഢനീക്കത്തിലാണ് മാനേജ്മെന്റെന്ന് ബഹുജന കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ അരിക്കുളം എൽ.പി സ്കൂൾ നിലനിർത്തി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്നതിനു സർക്കാർ അടിയന്തരമായി ഇടപെടണം എന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ഒ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.എം. സുഗതൻ ഉദ്ഘാടനം ചെയ്തു. സി. പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വിജില, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീഷ് കുമാർ, ഗ്രാമപഞ്ചായത്ത്‌ മെംബർ ബിനി, കെ. കെ. മനോജ്‌, സി. ഉണ്ണികൃഷ്ണൻ, പി. കുട്ടികൃഷ്ണൻ നായർ, പി. മുഹമ്മദലി, പി.കെ. അൻസാരി, സി. രാധ, വി. ബഷീർ, പി. രാജൻ, എം.എം. അംജിത്, സി. രാഘവൻ എന്നിവർ സംസാരിച്ചു. അരിക്കുളത്ത്‌ വിശദീകരണ പൊതുയോഗം നടത്താനും ബഹുജന പ്രക്ഷോഭം നടത്താനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.