താമരശ്ശേരി: കോടഞ്ചേരി ഗവ. കോളജിന് നാക് ബി പ്ലസ് പ്ലസ് ഗ്രേഡ് അംഗീകാരം ലഭിച്ചു. രാജ്യത്തെ സർവകലാശാലകളിലെയും കോളജുകളിലെയും അക്കാദമിക, അക്കാദമികേതര, ഭൗതികസാഹചര്യങ്ങൾ വിലയിരുത്തി ഗ്രേഡ് നൽകുന്ന ദേശീയ ഏജൻസിയായ നാഷനൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) മാർച്ച് 23, 24 തീയതികളിൽ കോടഞ്ചേരി കോളജിൽ സന്ദർശനം നടത്തി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് ഇത്തവണ ബി പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചത്. കഴിഞ്ഞ രണ്ട് തവണ കോളജിന് ബി ഗ്രേഡ് മാത്രമായിരുന്നു ലഭിച്ചിരുന്നത്. ബി പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചതോടെ കൂടുതൽ നേട്ടങ്ങൾ കോളജിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഝാർഖണ്ഡിലെ കോൽഹാൻ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ശുക്ല മെഹന്തി ചെയർപേഴ്സനും ബംഗാളിലെ ഹിന്ദി യൂനിവേഴ്സിറ്റി രജിസ്ട്രാർ സുകൃതി ഗോഷാൽ കോഓഡിനേറ്ററും മഹാരാഷ്ട്രയിൽനിന്നുള്ള റിട്ട. പ്രിൻസിപ്പൽ സുഭാഷ് ബങ്കഡെ അംഗവുമായ പിയർ ടീം ആണ് കോളജിൽ സന്ദർശനം നടത്തി വിലയിരുത്തിയത്. സന്ദർശനവേളയിൽ, ലിന്റോ ജോസഫ് എം.എൽ.എ, കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവി ഡോ. എം. ജ്യോതിരാജ്, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വൈസ് പ്രസിഡന്റ് ലിസ്സി ചാക്കോ അടക്കമുള്ള ജനപ്രതിനിധികൾ, യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. എൻ.വി. അബ്ദുറഹിമാൻ, ഡോ. വിനോദ്, കോളജ് സ്ഥാപക കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ, എൻ.എസ്.എസ്, എൻ.സി.സി ഓഫിസർമാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, മുൻ പ്രിൻസിപ്പൽമാർ, മുൻ സീനിയർ സൂപ്രണ്ടുമാർ തുടങ്ങിയവരുമായെല്ലാം പിയർ ടീം അംഗങ്ങൾ ആശയവിനിമയം നടത്തി. കോളജ് അധ്യാപകർ, ജീവനക്കാർ, സ്ഥലം എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ ആത്മാർഥമായ ഇടപെടലും പരിശ്രമങ്ങളുമാണ് നേട്ടത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ ഡോ. വൈ.സി. ഇബ്രാഹീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.