കോഴിക്കോട്: വനിതദിന പരിപാടിയിൽ പങ്കെടുത്തതിന് കാരണംകാണിക്കൽ നോട്ടീസ് ലഭിച്ചതിനുപിന്നാലെ സിറ്റി പൊലീസ് മേധാവിയെ രൂക്ഷമായി വിമർശിച്ച് സിവിൽ പൊലീസ് ഓഫിസറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫറോക്ക് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ യു. ഉമേഷാണ് (ഉമേഷ് വള്ളിക്കുന്ന്) സിറ്റി പൊലീസ് മേധാവി എ.വി. ജോർജിനെ രൂക്ഷമായി വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. മാർച്ച് എട്ടിന് കാലിക്കറ്റ് പ്രസ്ക്ലബിൽ 'സായ' സംഘടിപ്പിച്ച പരിപാടിയിൽ 'പ്രണയപ്പകയിലെ ലിംഗരാഷ്ട്രീയം' എന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ചതിന് എ.വി. ജോർജ് ഉമേഷിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ പരിപാടിയിൽ പങ്കെടുത്തത് ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവുമാണെന്ന് കാണിച്ചാണ് അഞ്ചു ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് കാട്ടി മാർച്ച് 25ന് നോട്ടീസ് നൽകിയത്. ഇതോടെ കാരണം ബോധിപ്പിക്കൽ നോട്ടീസും 'സായ'യുടെ പരിപാടിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ട പോസ്റ്റിലാണ് രൂക്ഷ വിമർശനമുള്ളത്. പൊലീസിന്‍റെ അമ്പലപ്പിരിവിന് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തി, പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ്, യു.ഡി.എഫ് എന്ന് പറഞ്ഞ് ഉത്തരവിറക്കി, സ്വർണക്കച്ചവടക്കാരിൽനിന്ന് പണം വാങ്ങി സിനിമ നിർമിച്ചു എന്നിവയടക്കം ചൂണ്ടിക്കാട്ടിയാണ് പോസ്റ്റിട്ടത്. inner box..... പോസ്റ്റിന്‍റെ പൂർണരൂപം: കമീഷണർ പോണപോക്കിന് അടിച്ചുതന്ന വാറോലയാണ്! കേരള പൊലീസിന്‍റെ ചരിത്രത്തിൽ ഒരു പൊലീസേമാനും ഇങ്ങനൊരൈറ്റം ഇറക്കിയിട്ടുണ്ടാവില്ല. പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയടക്കമുള്ളവർ വാഴ്ത്തിപ്പാടി യാത്രയയക്കുന്ന പൊലീസ് കമീഷണർ പോണപോക്കിന് അടിച്ചുതന്ന വാറോലയാണ്! അവധിയുള്ള ദിവസം ഉന്നത സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ളവരോടൊപ്പം ഒരു വനിതദിനാഘോഷ പരിപാടിയിൽ പങ്കെടുത്തതിനാണ്! ജെന്‍റർ ഈക്വാലിറ്റിയെ സംബന്ധിച്ച സർക്കാർ നയത്തിന്‍റെ അന്തസ്സത്ത ഉൾക്കൊണ്ട് സംസാരിച്ചതിനാണ്! പൊലീസുകാർ മതം/ കക്ഷിരാഷ്ട്രീയം/ വർഗീയം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കരുത് എന്ന് ചട്ടമുണ്ട്. സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങണമെന്ന് ആദ്യമായി കേൾക്കുകയാണ്! ED 29/2018 ഒക്കെ മെൻഷൻ ചെയ്യുന്നതിന് മുമ്പ് അതൊന്ന് വായിച്ചു നോക്കുകയെങ്കിലും വേണ്ടേ സാറേ!!! മതം: കോഴിക്കോട് അമ്പലപ്പിരിവിന് പൊലീസ് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത് ഇതേ മേധാവിയാണ്! രാഷ്ട്രീയം: പൊലീസുകാരുടെ സൊസൈറ്റി ഇലക്ഷന് എൽ.ഡി.എഫ്, യു.ഡി.എഫ് എന്ന് ലേബലടിച്ച് ഉത്തരവിറക്കിയതും വിവാദമായപ്പോൾ പിൻവലിച്ചതും ഇതേ മേധാവിയാണ്! അനുമതി: സ്വർണക്കടത്ത് വിവാദകാലത്ത് സ്വർണക്കച്ചവടക്കാരുടെ പണം വാങ്ങി സർക്കാർ അനുമതിയില്ലാതെ സ്വന്തം പേരിൽ സിനിമ നിർമിച്ചത് ഇതേ മേധാവിയാണ്! സംസ്കാരവുമായും പൊതുസമൂഹവുമായും ഒരടുപ്പവുമില്ലാതെ കേവലം പിരിവുകാരും ഉരുട്ടുകാരും അടിമകളും മാത്രമായിരിക്കണം പൊലീസുകാർ എന്ന് ഉറച്ചുവിശ്വസിക്കുന്നവരോട് എന്ത് പറയാൻ! അവരെ പ്രീണിപ്പിക്കാൻ എന്തിനും തയാറായി നടക്കുന്നവരോടെന്ത് പറയാൻ! അവരെ അരിയിട്ട് വാഴിക്കുന്നവരോടെന്ത് പറയാൻ? എന്തായാലും വനിതദിനം ആഘോഷിച്ചതിന് നടപടി നേരിടേണ്ടിവരുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും എന്ന് തോന്നുന്നു. ഈ പുരസ്കാരത്തിന് എന്നെ അർഹനാക്കിയ കൂട്ടുകാരികൾക്കും സായ ടീമിനും അന്ന് പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. അടുത്ത വനിതദിനവും മ്മക്ക് പൊളിക്കണം. സംസാരിക്കാൻ വിളിച്ചില്ലേലും കേൾക്കാനെങ്കിലും എന്നെ വിളിക്കണേ ഡിയേഴ്സ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.