കോഴിക്കോട്: ദ്വിദിന ദേശീയ പണിമുടക്കിന്‍റെ ആദ്യനാളിൽ വ്യാപാര, ഗതാഗതമേഖലയടക്കം പൂർണമായും സ്തംഭിച്ച് നഗരം നിശ്ചലമായി. പൊതുവാഹനങ്ങൾ പൂർണമായും ഒഴിഞ്ഞ നിരത്തിൽ ഒറ്റപ്പെട്ട സ്വകാര്യവാഹനങ്ങൾ മാത്രമാണ് ഓടിയത്. അവശ്യസേവനങ്ങളായ മെഡിക്കൽ ഷോപ്പുകൾ പോലുള്ളവയൊഴിച്ചാൽ കടകൾ തീരെ തുറന്നില്ല. പെട്രോൾ പമ്പുകളടക്കം അടച്ചിട്ടതോടെ സ്വകാര്യവാഹനങ്ങൾ പലയിടത്തും വഴിയിൽ കുടുങ്ങി. മെഡിക്കൽ കോളജ് റൂട്ടിലെ ഒരു പമ്പാണ് തുറന്നത്. ഇവിടെ വൻ തിരക്കാണനുഭവപ്പെട്ടത്. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള മാന്ദ്യം നീങ്ങുന്നതിനിടെയുള്ള പണിമുടക്കിനോട് യോജിപ്പില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയടക്കമുള്ള സംഘടനകൾ പരസ്യമായി പ്രതികരിച്ചിരുന്നു. കടകളെ പണിമുടക്കിൽനിന്നൊഴിവാക്കണമെന്നും തുറക്കുന്ന കടകൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവരുടെ കീഴിലെ കടകൾപോലും തിങ്കളാഴ്ച നഗരത്തിൽ തുറന്നില്ല. അതേസമയം, പണിമുടക്കുമായി സഹകരിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി നേരത്തേ അറിയിച്ചിരുന്നു. ഹോട്ടലുകളും തട്ടുകടകളും അടച്ചിട്ടതിനാൽ തെരുവോരങ്ങളിൽ കഴിയുന്നവരടക്കം ഭക്ഷണത്തിന് പ്രയാസപ്പെട്ടു. ചില സന്നദ്ധ സംഘടനകളുടെ പൊതിച്ചോർ വിതരണമാണ് പലർക്കും ആശ്വാസമായത്. മൊഫ്യൂസിൽ, പാളയം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ പൂർണമായും ആളൊഴിഞ്ഞ നിലയിലായിരുന്നു. റെയിൽവേ സ്റ്റേഷനിലാണ് അൽപമെങ്കിലും ആളനക്കമുണ്ടായത്. വാഹനങ്ങൾ തടയുന്നതടക്കം പരിശോധിക്കാൻ നഗരത്തിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളിലും മുഴുവൻ സമയവും പൊലീസ് സാന്നിധ്യമേർപ്പെടുത്തിയിരുന്നു. പടം....vj
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.