ക്ഷേത്രത്തിലെ നൃത്തപരിപാടി വിലക്കുന്നത് സംസ്‌കാരവിരുദ്ധം -തപസ്യ

കോഴിക്കോട്: മതത്തിന്‍റെ പേരില്‍ ക്ഷേത്രത്തിലെ നൃത്തപരിപാടി വിലക്കുന്നത് ഹൈന്ദവസംസ്‌കാരത്തിനും ഭാരതീയ കലാപാരമ്പര്യത്തിനും എതിരാണെന്ന് തപസ്യ കലാസാഹിത്യ വേദി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭരതനാട്യം അവതരിപ്പിക്കാന്‍ നിശ്ചയിച്ച നര്‍ത്തകി മന്‍സിയക്ക് മതത്തിന്‍റെ പേരു പറഞ്ഞ് വിലക്കേര്‍പ്പെടുത്തിയത് കലയെയും ഹൈന്ദവസംസ്‌കാരത്തെയും അപമാനിക്കുന്നതിന് തുല്യമാണ്. മതമില്ലാത്ത ഒരാളെ അഹിന്ദു ആയി കണക്കാക്കിയത് ശരിയല്ല. ഭാരതത്തില്‍ ഓരോ പൗരനും ഏത് മതവിശ്വാസം സ്വീകരിക്കാനും മതവിശ്വാസമില്ലാതെ ജീവിക്കാനും അവകാശമുണ്ട്. കാശി വിശ്വനാഥന് ജീവിതകാലം മുഴുവന്‍ ഷഹ്നായിയുടെ നാദസമര്‍പ്പണം നടത്തിയത് ഇസ്‌ലാം മതവിശ്വാസിയായ ഉസ്താദ് ബിസ്മില്ലാഖാന്‍ ആണെന്ന് കൂടല്‍മാണിക്യ ക്ഷേത്രാധികൃതര്‍ ഓര്‍ക്കണമെന്ന്​ സംസ്ഥാന അധ്യക്ഷന്‍ പ്രഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്തും പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.