കൊടുവള്ളി: ക്ഷേമ-വികസന പദ്ധതികൾ സമന്വയിപ്പിച്ച് 51,87,61,541 രൂപ വരവും 49,03,52,000 രൂപ ചെലവും 2,84,09,541 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന കൊടുവള്ളി നഗരസഭയുടെ 2022-23 ബജറ്റ് ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.എം. സുശിനി അവതരിപ്പിച്ചു. അടിസ്ഥാന വികസനത്തിനും കാർഷിക പുരോഗതിക്കും പൊതുവിദ്യാഭ്യാസ പരിപോഷണത്തിനുമാണ് മികച്ച പരിഗണന നൽകിയത്. നഗരസഭക്ക് പുതിയ കെട്ടിടം പണിയാൻ മൂന്നു കോടി, ഓഫിസ് നവീകരിക്കുന്നതിന് 10 ലക്ഷം, കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാൻ അഞ്ചുലക്ഷം, കൗൺസിലർമാരുടെ ഓണറേറിയത്തിന് നാലു ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി. തരിശുഭൂമി കണ്ടെത്തി തൊഴിലുറപ്പ് പദ്ധതിയിലൂടെ വാഴ, കപ്പ, പച്ചക്കറി കൃഷികൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുണ്ട്. തെങ്ങിന് ജൈവവളം വിതരണം ചെയ്യാൻ 20 ലക്ഷം, പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്ക് സബ്സിഡി നൽകുന്നതിന് 75,000 രൂപ, ഫലവൃക്ഷ തൈകൾ വിതരണം ചെയ്യാൻ അഞ്ചു ലക്ഷം എന്നിങ്ങനെയും തുക വകയിരുത്തി. നെൽവയൽ പുനഃസ്ഥാപിക്കുന്നതിന് കൃഷി വകുപ്പുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കും. യോഗത്തിൽ ചെയർമാൻ വി. അബ്ദു അധ്യക്ഷത വഹിച്ചു. എ.പി. മജീദ്, ഷരീഫ കണ്ണാടി പൊയിൽ, വായോളി മുഹമ്മദ്, വി. സിയ്യാലി ഹാജി, ടി. മൊയ്തീൻകോയ, എൻ.കെ. അനിൽകുമാർ, കാരാട്ട് ഫൈസൽ, കെ. ശിവദാസൻ, പി.വി. ബഷീർ, വി.സി. നൂർജഹാൻ, ബാലൻ, കെ. ജമീല, അഷ്റഫ് ബാവ, സുരേന്ദ്രൻ, അഡ്വ. ഹർഷ അശോകൻ തുടങ്ങിയവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.