ദുരിതം@രണ്ടാംനാൾ പരക്കംപാഞ്ഞ്​ യാത്രക്കാർ; മിണ്ടാതെ അധികൃതർ

കോഴിക്കോട്​: കൊടുംചൂടിൽ ദുരിതം മാത്രം സമ്മാനിക്കുന്ന സ്വകാര്യ ബസ്​ സമരം രണ്ടാംദിനവും പൂർണം. വിദ്യാർഥികളുൾപ്പെടെയുള്ളവരുടെ കഷ്ടപ്പാടിനും മാറ്റമില്ല. ആയിരക്കണക്കിന്​ യാത്രക്കാരു​ടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അധികൃതർ ഇടപെടുന്നുമില്ല. സമരം ചെയ്ത്​ ബുദ്ധിമുട്ടാകുമ്പോൾ നിരക്ക്​ വർധിപ്പിക്കുന്നതിന്​ എല്ലാവരും അനുകൂലമാകുമെന്ന 'സൈക്കോളജിക്കൽ മൂവ്​' ആണ്​ ബസുടമകളും സർക്കാറും പയറ്റുന്നതെന്ന ആക്ഷേപവുമുണ്ട്​. സമരത്തിന്റെ രണ്ടാംദിനമായ വെള്ളിയാഴ്ചയും ജനങ്ങൾ വാഹനം തേടി നെട്ടോട്ടത്തിലായിരുന്നു. അഥവാ ബസ്​ കിട്ടിയാലോ എന്ന പ്രതീക്ഷയിൽ സ്വകാര്യ ബസുകൾ സർവിസ്​ നടത്തുന്ന മൊഫ്യൂസൽ ബസ്​സ്റ്റാൻഡിലും പാളയത്തും പല യാത്രക്കാരും വന്നുനോക്കുന്നുണ്ട്​. ബസ് ഇല്ലെന്നറിയുന്നതോടെ ​​കെ.എസ്​.ആർ.ടി.സി ടെർമിനലിലേക്ക്​ പോകും. ഇവി​ടെ മിക്ക ബസുകളിലും തിങ്ങിനിറഞ്ഞാണ്​ യാത്ര. ജില്ലയിലെ സ്ഥിരം റൂട്ടുകളിലേക്ക്​ മാത്രമേ സമരദിവസവും സർവിസുള്ളൂ. വയനാട്​, കുറ്റ്യാടി, വടകര റൂട്ടുകളിലുള്ളവർക്കാണ്​ ആശ്വാസമുള്ളത്​. അപൂർവമായി ബാലുശ്ശേരി ബസ്​ പ്രത്യക്ഷപ്പെടുന്നുണ്ട്​. കണ്ണൂരിലേക്കും ബാലുശ്ശേരിയിലേക്കും രണ്ടുവീതവും മെഡിക്കൽ കോളജിലേക്ക്​ ഷട്ടിൽ സർവിസുമാണ്​ അധികമുള്ളത്​. വയനാട്​ ഭാഗത്തേക്ക്​ പോകുന്ന ചില ബസുകളാണ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ പോകുന്നവരുടെ മറ്റൊരാശ്രയം. കടലു​ണ്ടി, ബേപ്പൂർ ബസുകളും മെഡിക്കൽ കോളജിലേക്ക്​ ഓടുന്നുണ്ട്​. എന്നാൽ, രണ്ട്​ മിനിറ്റിന്റെ ഇടവേളകളിൽ സ്വകാര്യ ബസുകൾ ഓടിയിരുന്ന മെഡിക്കൽ കോളജ്​ ഭാഗത്തേക്ക്​ കെ.എസ്​.ആർ.ടി.സിയു​ടെ ബദൽ സംവിധാനങ്ങൾ മതിയാകുന്നില്ല. ​മാവൂർ ​റൂട്ടിൽ യാത്രാ​ക്ലേശം രൂക്ഷമാണ്​. ജില്ലയിലെ ഉൾനാടുകളിലെ സ്ഥിതിയും സമാനമാണ്​. പ്രധാന റൂട്ടുകളിലെ ഏതെങ്കിലും സ്​​റ്റോപ്പിലിറങ്ങി ഓട്ടോയിലും ജീപ്പിലും വൻതുക നൽകിയാണ്​ യാത്ര. വിവിധ ഇടങ്ങളിലേക്ക്​ പോകാൻ റെയിൽവേ സ്​റ്റേഷനുകളിലും തിരക്കേറെയായിരുന്നു. --------------------------------- ​​കെ.എസ്​.ആർ.ടി.സിക്ക്​ കൊയ്ത്ത്​ സ്വകാര്യ ബസ്​ സമരം കെ.എസ്​.ആർ.ടി.സിയുടെ വരുമാനത്തിൽ കാര്യമായ വർധനയുണ്ടാക്കി ആദ്യദിനം ജില്ലയിൽ പതിവിലും രണ്ട്​ ലക്ഷത്തിലേറെ രൂപ കലക്ഷനുണ്ട്​. 16,00,854 രൂപയാണ്​ വ്യാഴാഴ്ച ജില്ലയിലെ കലക്ഷൻ. ​വെള്ളിയാഴ്ച കലക്ഷൻ കൂടും. ആറ്​ ജില്ലകളുൾപ്പെടുന്ന കോഴിക്കോട്​ മേഖലയിലും കലക്ഷനിൽ വർധനയുണ്ടായി. 1.76 കോടിയാണ്​ വ്യാഴാഴ്ച കിട്ടിയത്​. ബുധനാഴ്ച 1.36 കോടി മാത്രമായിരുന്നു. 924 ബസുകളാണ്​ സമരത്തിന്റെ ആദ്യ ദിനം സർവിസ്​ നടത്തിയത്​. ഒരു ബസിന്​ ശരാശരി 19,135 രൂപ വരുമാനമുണ്ട്​. സമരത്തിന്​ മുമ്പ്​ കോഴിക്കോട്​ മേഖലയിൽ 902 ബസുകളായിരുന്നു ഓടിയത്​. ------------------------------------------------ സമരം കാരണം ശരിക്കും ബുദ്ധിമുട്ടി. പരീക്ഷക്കായി വന്നതാണ്​. സാധാരണയായി സ്വകാര്യ ബസിലാണ്​ ​സെന്‍റ്​ വിൻസന്‍റ്​ കോളനി സ്കൂളിലേക്ക്​ വരുന്നത്​. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അമ്മക്കൊപ്പം സമരത്തിന്റെ ആദ്യ ദിവസം ജീപ്പിലാണ്​ ടൗണിലെത്തിയത്​. വെള്ളിയാഴ്ച കാക്കൂർ അങ്ങാടിയിൽ മണിക്കൂറിലേറെ കാത്തുനിന്നിട്ടാണ്​ ബസ്​ കിട്ടിയത്​. തിരിച്ചുപോകാൻ കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിൽ കാത്തിരിപ്പ്​ തുടരുകയാണ്​. (നിവേദ്യ, സെന്‍റ്​ വിൻസന്‍റ്​ സ്​കൂൾ എട്ടാം ക്ലാസ്​ വിദ്യാർഥിനി) --------------------------------------------------------------- ബസ്​ നിരക്ക്​ വർധിപ്പിക്കേണ്ടത്​ അവരു​ടെ ആവശ്യമാണെങ്കിലും ജനങ്ങൾക്കാണ്​ കഷ്ടപ്പാട്​. വടകരയിൽനിന്ന്​ പണി കഴിഞ്ഞ്​ വരുകയാണ്​. മെഡിക്കൽ കോളജ്​ ഭാഗത്തേക്കാണ്​ പോകേണ്ടത്​. ബസുകളിലെല്ലാം നല്ല തിരക്കാണ്​. ആശുപത്രിയിലേക്ക്​ പോകേണ്ടവരും എടങ്ങേറായി. സമരം ഉടൻ അവസാനിപ്പിക്കാൻ നടപടി വേണം. (ബാബു, ​മെഡിക്കൽ കോളജ്​ സ്വദേശി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.