ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ലൈഫ് ഭവനപദ്ധതിക്കും കാർഷിക മേഖലക്കും മുൻഗണന

ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് 100.35 കോടിയുടെ ബജറ്റ്. ലൈഫ് ഭവനപദ്ധതിക്കും കാർഷിക മേഖലക്കും പരിഗണന നൽകി 10,03,52,908 രൂപ വരവും 100,00,95,364 രൂപ ചെലവും 34,33,714 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ടി.എം. ശശി അവതരിപ്പിച്ചു. ലൈഫ് ഭവനപദ്ധതിക്കായി 1.20 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകളിൽ ഉൽപാദനവും ഉൽപാദനക്ഷമതയും ആധുനിക ശാസ്ത്ര സാങ്കേതികസഹായത്തോടെ വർധിപ്പിക്കുന്നതിനും ബജറ്റ് വിഭാവനം ചെയ്യുന്നു. പരമ്പരാഗത നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത വിത്തുകളുടെ സംരക്ഷണത്തിനുമായി 50 ലക്ഷം രൂപ നീക്കിവെച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിൽ സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനുമായി സഹകരിച്ച് അഗ്രി കോംപ്ലക്സ് സ്ഥാപിക്കും. ആധുനിക കാർഷിക യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും പരിചയപ്പെടുത്താനും യന്ത്രങ്ങൾ റിപ്പയർ ചെയ്യാനുമുള്ള അഗ്രി വർക്ക് ഷോപ്പായി ഈ കേന്ദ്രം പ്രവർത്തിക്കും. 25 ലക്ഷം രൂപ ഇതിനായി വകയിരുത്തി. കുടിവെള്ളപദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും പൂർത്തീകരണത്തിനും സുജലം സുഫലം പദ്ധതിയുടെ ഭാഗമായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഉള്ള്യേരി സി.എച്ച്.സി നവീകരണത്തിന് 10 ലക്ഷവും കൂരാച്ചുണ്ട് സി.എച്ച്.സി നവീകരണത്തിന് 50 ലക്ഷവും ബാലുശ്ശേരി താലൂക്ക് ആശുപത്രി നവീകരണത്തിന് 25 ലക്ഷം രൂപയും നീക്കിവെച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായി ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു ആലങ്കോട്, എം.കെ. വനജ, റംല മാടം വള്ളികുന്നത്ത്, ഇ.ടി. ബിനോയ്, പി. ഷാജി, സെക്രട്ടറി ജോബി സാലസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT