ആശുപത്രിക്കുള്ളിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി

​കോഴിക്കോട്​: മെഡിക്കൽ കോളജിൽ രണ്ടാംവർഷ എം.ബി.ബി.എസ്​ വിദ്യാർഥിയെ ചീഫ്​ വാർഡൻ ചുമതലയുള്ള അധ്യാപകൻ ഹോസ്റ്റലിൽ കയറി മർദിച്ച സംഭവത്തിൽ ആശുപത്രിക്കുള്ളിൽ കയറി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി നൽകി. ഐ.എം.സി.എച്ച്​ സൂപ്രണ്ട്​ ഡോ. സി. ശ്രീകുമാർ പ്രിൻസിപ്പലിന്​ നൽകിയ പരാതി മെഡിക്കൽ കോളജ്​ പൊലീസി​ന്​ കൈമാറുകയായിരുന്നെന്ന്​ പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ അറിയിച്ചു. വിദ്യാർഥികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ്​ നടപടി.​ അതേസമയം, അധ്യാപകൻ മർദിച്ചുവെന്ന വിദ്യാർഥിയുടെ പരാതി അന്വേഷിക്കാൻ മെഡിസിൻ വിഭാഗത്തിലെ ഡോ. ജയേഷ്​ കുമാറിന്‍റെ നേതൃത്വത്തിൽ ആറംഗ സമിതിയെ നിയോഗിച്ചു. ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന വിദ്യാർഥിയെ ചീഫ്​ വാർഡൻ ഡോ. സന്തോഷ് കുര്യാക്കോസ്​ ബൂട്ടിട്ടു ചവിട്ടിയെന്നും അസഭ്യം പറഞ്ഞുവെന്നും കാണിച്ച്​ രണ്ടാം വർഷ വിദ്യാർഥിയാണ്​ പ്രിൻസിപ്പലിന്​ പരാതി നൽകിയത്​. ഡോക്ടര്‍ക്കെതിരെ വിദ്യാര്‍ഥി മെഡി. കോളജ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ആരോപണവിധേയനായ ഡോ. സന്തോഷ് കുര്യാക്കോസ് പറഞ്ഞു. റാഗിങ്ങിന്‍റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളെ ബ്ലോക്കിൽനിന്ന്​ മാറ്റാൻ ഡി.എം.ഇയിൽ നിന്ന്​ ഉത്തരവുണ്ടായിരുന്നുവെന്ന്​ ഡോക്ടർ പറഞ്ഞു. ഇതിനു വേണ്ടിയാണ് ഹോസ്റ്റലിലെത്തിയത്​. വിദ്യാർഥികൾ മാറാൻ തയാറാകാതെ തട്ടിക്കയറുകയായിരുന്നു. വിദ്യാര്‍ഥിയെ ബൂട്ട് ഉപയോഗിച്ച് മര്‍ദിച്ചിട്ടില്ല. റാഗിങ്​ കേസ് മറച്ചുവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.